ഇസ്രയേലിന് നേരെ ഇറാന്റെ ആക്രമണം; ഡ്രോണുകളും മിസൈലുകളും തൊടുത്തതായി റിപ്പോര്‍ട്ട്; സ്ഥിരീകരിച്ച് ഇസ്രയേല്‍ സൈന്യം; പശ്ചിമേഷ്യ യുദ്ധഭീതിയുടെ നിഴലില്‍

ടെൽ അവീവ്: ഇറാന്‍ ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ പിടിച്ചെടുത്തതോടെ പശ്ചിമേഷ്യ യുദ്ധഭീതിയുടെ നിഴലില്‍. ഇസ്രയേൽ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും ഇറാന്‍ തൊടുത്തതായാണ് പുറത്തുവരുന്ന വിവരം. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം. ഇറാനുമായി അടുപ്പമുള്ള മറ്റ് സഖ്യരാജ്യങ്ങളിൽ നിന്നും ഇസ്രയേലിനുനേരെ ആക്രമണമുണ്ടായിട്ടുണ്ട്.

യെമനിലെ ഹൂതി വിമതരും ലെബനനിലെ പലസ്തീൻ അനുകൂല സായുധസംഘമായ ഹിസ്ബുള്ളയും ഇസ്രയേലിനെ ആക്രമിച്ചതായാണ് റിപ്പോർട്ട്. ഇറാനില്‍ നിന്ന്‌ വ്യോമാക്രമണമുണ്ടായതായി ഇസ്രയേൽ സേന സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേലിനെതിരായ ആക്രമണം സ്ഥിരീകരിച്ച് ഇറാൻ സൈന്യവും രം​ഗത്തെത്തി. സൈനിക നടപടിയിൽ നിന്നും യുഎസ് വിട്ടുനിൽക്കണമെന്ന മുന്നറിയിപ്പും ഇറാൻ സൈന്യം നൽകിയിട്ടുണ്ട്.

ആക്രമണത്തെ നേരിടാൻ ഇസ്രയേൽ തയ്യാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. പ്രത്യേക യോ​ഗവും അദ്ദേഹം വിളിച്ചുചേർത്തിട്ടുണ്ട്. അതിർത്തിയിൽ നിന്നും ഇറാൻ ഇസ്രയേലിലേക്ക് ഡ്രോണുകൾ വിക്ഷേപിച്ചുവെന്ന് ഇസ്രയേല്‍ സേന എക്സിൽ കുറിച്ചിട്ടുണ്ട്. . സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നാണ് സേന വ്യക്തമാക്കുന്നത്. ഇസ്രയേലിനെ സംരക്ഷിക്കാൻ സൈന്യം പൂർണശക്തിയോടെ പ്രവർത്തിക്കുമെന്ന് പ്രതിരോധസേന വക്താവ് ചൂണ്ടിക്കാട്ടി.

ഏപ്രിൽ ഒന്നിന് സിറിയയിലെ നയതന്ത്രകാര്യാലയത്തില്‍ ബോംബിട്ട് രണ്ടു സൈനിക ജനറല്‍മാരെ ഇസ്രയേല്‍ വധിച്ചിരുന്നു. ഇസ്രയേലിനെ ശിക്ഷിക്കുമെന്ന് ഇറാന്‍ ഭരണകൂടം വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. 48 മണിക്കൂറിനുള്ളില്‍ ഇറാൻ തിരിച്ചടിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കെയാണ് ആക്രമണമുണ്ടാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top