ഇസ്രയേലിന് എതിരെ ഇറാന്‍റെ മിസൈല്‍ ആക്രമണം; ലബനനില്‍ കരയുദ്ധം; ലോകം യുദ്ധഭീതിയില്‍

ഇസ്രയേലിന് എതിരെ ഇറാന്‍ മിസൈല്‍ ആക്രമണം തുടങ്ങി. ഡസന്‍ കണക്കിന് മിസൈലുകള്‍ ഇറാന്‍ അയച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ഇറാന്റെ ആക്രമണം.

ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ഇറാന്‍ തയ്യാറെടുക്കുന്നു എന്നാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയത്. ലബനനില്‍ ഹിസ്ബുള്ളയ്ക്ക് എതിരെ ഇസ്രയേല്‍ കരയാക്രമണം തുടങ്ങിയതോടെയാണ് ഇറാന്റെ പടപ്പുറപ്പാട്. ഒരേസമയം ലബനനിലും ഗാസയിലുമായി ആക്രമണം തുടരുന്ന ഇസ്രയേല്‍ നടപടികളെ അമേരിക്ക പിന്തുണയ്ക്കുന്നു എന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്രയേല്‍ ലബനനില്‍ കരയുദ്ധത്തിനു തുനിഞ്ഞാല്‍ തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള ഉപമേധാവി നയീം ഖാസിം പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേല്‍ ലബനനില്‍ കരയുദ്ധം തുടങ്ങിയത്. തെക്കന്‍ ലബനനില്‍ ഹിസ്ബുള്ളയുടെ സംവിധാനങ്ങള്‍ തകര്‍ക്കുക എന്ന് ലക്ഷ്യമിട്ട് ഓപ്പറേഷന്‍ ‘നോര്‍ത്തേണ്‍ ആരോസ്’ എന്ന നിയന്ത്രിത യുദ്ധമാണ് ഇസ്രയേല്‍ നടത്തുന്നത്. ലബനന്‍ തലസ്ഥാനമായ ബെയ്റൂത്ത് അടക്കമുള്ള പ്രദേശങ്ങളില്‍ വ്യോമാക്രമണവും ഇസ്രയേല്‍ തുടരുന്നുണ്ട്.

കഴിഞ്ഞ ദിവസം ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ഹിസ്ബുള്ള മേധാവി ഹസന്‍ നസ്റല്ല കൊല്ലപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 27-ന് പുലര്‍ച്ചെയായിരുന്നു ആക്രമണം. ഹിസ്ബുള്ളയുടെ നേതൃനിരയെ ഈ ആക്രമണത്തോടെ പൂര്‍ണമായും ഇല്ലാതാക്കി എന്നാണ് ഇസ്രയേല്‍ അവകാശപ്പെട്ടത്. ബെയ്‌റൂത്തിലെ ഹിസ്ബുള്ള ആസ്ഥാനത്തെ ഭൂഗര്‍ഭ അറയിലാണ് നസ്റല്ലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top