ഇസ്രയേലിനെ ആക്രമിക്കുന്നതില്‍ ഇറാന്‍ നേതൃത്വത്തില്‍ ഭിന്നത; പ്രസിഡന്റും റവല്യൂഷണറി ഗാർഡും രണ്ട് തട്ടില്‍

ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ വധത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷം നിലനില്‍ക്കെ ഇസ്രയേലിനെ ആക്രമിക്കുന്ന കാര്യത്തില്‍ ഇറാന്‍ ഭരണകൂടത്തില്‍ രൂക്ഷമായ ഭിന്നത. ഇസ്രയേലിനെതിരെ എങ്ങനെ തിരിച്ചടിക്കണമെന്ന കാര്യത്തിലാണ് പുതുതായി ചുമതലയേറ്റ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഇസ്ലാമിക് റവല്യൂഷണറി ഗാർഡും (ഐആർജിസി) തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നത്.
ടെൽ അവീവില്‍ ശക്തമായ മിസൈൽ ആക്രമണത്തിന് ഐആര്‍ജിസി വാദിക്കുന്നതായാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ കടുത്ത ആക്രമണം ഇറാന് ദോഷം ചെയ്യുമെന്ന നിലപാടാണ് പ്രസിഡന്റ് പിന്തുടരുന്നത്. ഇറാന്‍ രാഷ്ട്രീയത്തില്‍ മിതവാദിയുടെ റോള്‍ കയ്യാളുന്ന നേതാവാണ് പെസെഷ്കിയാന്‍. ഐആര്‍ജിസിയുടെ സ്ഥാനാര്‍ത്ഥിയെ പിന്തള്ളിയാണ് പെസെഷ്കിയാന്‍ പ്രസിഡന്റ് പദവിയിലേക്ക് എത്തിയതും.
കണക്കുകൂട്ടി ആക്രമണം നടത്തണം. ഇസ്രായേലിന് പുറത്ത് അസർബൈജാൻ, ഇറാഖി കുർദിസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിലെ മൊസാദ് താവളങ്ങളാവണം ലക്ഷ്യം എന്നാണ് എന്നാണ് പ്രസിഡന്റിന്റെ പക്ഷം. ഇറാനിലെ സുരക്ഷിത താവളത്തില്‍ വച്ച് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതില്‍ ഇസ്രയേൽ ചാര സംഘടന മൊസാദിനുള്ള പങ്ക് ചൂണ്ടിക്കാട്ടിയാണ് ആക്രമണം മൊസാദിന് എതിരെ എന്ന് പെസെഷ്കിയാന്‍ വാദിക്കുന്നത്. ഇസ്രയേലിനെതിരെ സമ്പൂർണ്ണ യുദ്ധം ഇല്ലാതാകുമെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ ഐആര്‍ജിസി ഇതിന് എതിരാണ്. പാകിസ്ഥാന്‍ ഭരണത്തില്‍ സൈനിക നേതൃത്വത്തിനുള്ള സ്വാധീനശക്തി തന്നെയാണ് ഇറാന്‍ ഭരണത്തില്‍ റവല്യൂഷണറി ഗാർഡിനും ഉള്ളത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയുമായി വളരെ അടുപ്പം പുലര്‍ത്തുന്നവരുമാണ് ഐആര്‍ജിസി നേതൃത്വത്തില്‍ ഉള്ളതും. എന്നാല്‍ തന്റെ അധികാരം ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് പ്രസിഡന്റ് നടത്തുന്നത്. ഐആര്‍ജിസിയുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള കെട്ടിടത്തില്‍ വച്ചാണ് ഹനിയ കൊല്ലപ്പെട്ടത്. ഈ അപമാനം മറച്ചുവയ്ക്കാന്‍ വേണ്ടിയാണ് ഇസ്രയേലിനെ ആക്രമിക്കാന്‍ ഐആര്‍ജിസി വെമ്പുന്നതെന്ന വാദവും ഇറാന്റെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ശക്തവുമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here