ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലില്‍ മൂന്ന് മലയാളികള്‍; ശ്യാംനാഥ്, ധനേഷ്, സുമേഷ് കപ്പലില്‍ കുടുങ്ങിയതായി കമ്പനിയുടെ സ്ഥിരീകരണം; മോചനം കാത്ത് കുടുംബങ്ങള്‍
കോഴിക്കോട്: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കുകപ്പലില്‍ കുടുങ്ങിയ ഒരാള്‍ കോഴിക്കോട് സ്വദേശി. രാമനാട്ടുകരയിലെ ശ്യാംനാഥ് തേലംപറമ്പത്താണ് കപ്പലില്‍ കുടുങ്ങിയത്. പാലക്കാട് സ്വദേശി സുമേഷും വയനാട്ടുകാരനായ പി.വി.ധനേഷുമാണ് കപ്പലിലുള്ള മറ്റ് മലയാളികള്‍. 25 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ 17 പേരും ഇന്ത്യക്കാരാണ്. ദുബായില്‍നിന്ന് മുംബൈയിലേക്ക് വരുകയായിരുന്ന എംഎസ്സി ഏരീസ് എന്ന കപ്പലാണ് ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ഇറാന്‍ സേന ഇന്നലെ പിടിച്ചെടുത്തത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഡിയാക് മാരിടൈമിന്റേതാണ് എംഎസ്സിഏരീസ് എന്ന കണ്ടെയ്നര്‍ കപ്പല്‍.
ലക്ഷദീപ് ഓഫീസില്‍ നിന്ന് വിരമിച്ച രാമനാട്ടുകര സ്വദേശി പി. വി. വിശ്വനാഥന്റെ മകനാണ് ശ്യാംനാഥ്. മകന്‍ കപ്പലില്‍ ഉള്ളതായി കപ്പല്‍ കമ്പനി മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. കപ്പലിലെ സെക്കന്‍ഡ് എഞ്ചിനീയറാണ് ശ്യാംനാഥ്. ഏഴു മാസം മുമ്പാണ് നാട്ടില്‍ വന്ന് പോയത്. പത്ത് വര്‍ഷമായി ഈ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.
കപ്പലിലെ തേര്‍ഡ് ഓഫീസറാണ് പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശി സുമേഷ് (32) നാലുമാസം മുമ്പാണ് കപ്പലില്‍ ജോലിക്ക് കയറിയത്. രണ്ടുമാസം കഴിഞ്ഞാല്‍ നാട്ടിലേക്ക് മടങ്ങിവരാനിരിക്കുകയായിരുന്നു. മധുരയിലുള്ള മര്‍ച്ചന്റ് നേവി കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയായിരുന്നു ജോലിയില്‍ പ്രവേശിച്ചത്.
കപ്പലിലെ സെക്കന്‍ഡ് ഓഫീസറായ പി.വി.ധനേഷ് വയനാട് കാട്ടിക്കുളം സ്വദേശിയാണ്. രണ്ടുമാസം പ്രായമായ മകളുണ്ട്. മകളെ കാണാന്‍ എത്താനിരിക്കെയാണ് കപ്പലിലെ പ്രശ്നങ്ങള്‍. എട്ടുമാസം മുമ്പാണ് ധനേഷ് വീട്ടില്‍നിന്ന് പോയത്. നോട്ടിക്കല്‍ സയന്‍സില്‍ ഡിപ്ലോമ നേടിയ ധനേഷ് 2009 നാല് വര്‍ഷം മുന്‍പാണ് ഈ കപ്പലില്‍ എത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here