ഹമാസ് നേതാവിൻ്റെ കൊലയിലെ ഗൂഡാലോചന പിടിക്കാൻ അന്തംവിട്ട നീക്കത്തിൽ ഇറാൻ; സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പിടിയിൽ

ഹമാസ് നേതാവ് ഇസ്മായേൽ ഹനിയയുടെ വധവുമായി ബന്ധപ്പെട്ട് ഇറാനിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ, ഉന്നതപട്ടാള മേധാവികൾ ഉൾപ്പടെ രണ്ട് ഡസനിലധികം പേർ അറസ്റ്റിലായി. സുരക്ഷാവീഴ്ചയുടെ ഉത്തരവാദികളെന്ന പേരിലാണ് ഇവരുടെയെല്ലാം അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. അതീവ സുരക്ഷാ മേഖലയിലുള്ള സർക്കാർ ഗസ്റ്റ് ഹൗസിലായിരുന്നു ഹനിയ താമസിച്ചിരുന്നത്. സ്വന്തം രാജ്യത്തെ തന്നെ തന്ത്രപ്രധാന സുരക്ഷാ ചുമതലയിലുള്ളവരെ ഇസ്രയേൽ വിലയ്ക്കെടുത്തുവെന്ന കടുത്ത അരക്ഷിതാവസ്ഥയിലുമാണ് ഇറാൻ.

ഇറാൻ റെവല്യൂഷനറി ഗാർഡിൻ്റെ കനത്ത സുരക്ഷയിലുള്ള കെട്ടിടത്തിൽ ജൂലൈ 31നുണ്ടായ സ്ഫോടനത്തിലാണ് ഹമാസ് രാഷ്ട്രീയകാര്യ വിഭാഗം മേധാവി കൊല്ലപ്പെട്ടത്. മിസൈൽ ആക്രമണമാണ് ഉണ്ടായതെന്ന് ആദ്യം സംശയിച്ചെങ്കിലും പിന്നിടത് തള്ളിക്കളഞ്ഞു. ഇറാനിൽ എത്തുമ്പോൾ പതിവായി ഹനിയ താമസിക്കാറുള്ള ഗസ്റ്റ് ഹൗസിലെ മുറിയിൽ രണ്ടുമാസം മുൻപേ ബോംബ് സ്ഥാപിച്ചിരുന്നു എന്ന വിവരമാണ് പിന്നീട് പുറത്തുവന്നത്. ഇതാണ് ഇറാനെ ഏറ്റവുമധികം ഞെട്ടിച്ചത്. ഇറാൻ പ്രസിഡന്റ്‌ മസൂദ് പെസഷ്‌ക്യന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ചൊവ്വാഴ്ചയാണ്‌ ഹനിയ ടെഹ്‌റാനിലെത്തിയത്.

ഹമാസ് നേതൃത്വത്തെ പാടേ തുടച്ച് നീക്കാനുള്ള പദ്ധതിയാണ് നടപ്പിലായത് എന്നാണ് കരുതുന്നത്. ഇറാനിയൻ സർക്കാരിൻ്റെ രഹസ്യാന്വേഷണ വിഭാഗമായ റവലൂഷ്യനറി ഗാർഡ്‌സിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. സംശയമുള്ളവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടുമാസം മുമ്പേ ഹനിയയുടെ മുറിയിൽ ബോംബ് സ്ഥാപിച്ചതിനു പിന്നിൽ കൃത്യമായ ഗൂഢാലോചന ഉണ്ടെന്ന് ഉറപ്പിച്ചാണ് നീക്കങ്ങൾ. സുരക്ഷാ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് ഇതിന് കഴിഞ്ഞത് എന്നാണ് ഇറാൻ സർക്കാർ കരുതുന്നത്.

ALSO READ: ഹമാസ് നേതാവിൻ്റെ മുറിയിൽ ബോംബുവച്ചത് രണ്ടുമാസം മുൻപ്; വധിക്കാനുള്ള ആസൂത്രണത്തിൻ്റെ വിവരങ്ങൾ പുറത്ത്

ഇസ്രയേലി ചാരസംഘടനയായ മൊസാദുമായി ബന്ധപ്പെട്ട ചിലരെ പിടികൂടിയതായും സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകളുണ്ട്. ഇറാനിലെ പ്രമുഖരെയും വിദേശത്ത് നിന്ന് എത്തുന്ന ഉന്നത വ്യക്തിത്വങ്ങളെയും സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ള സംഘമാണ് അന്‍സാര്‍ അല്‍ മഹ്ദി പ്രൊട്ടക്ഷന്‍ യൂണിറ്റ്. എന്നാല്‍ ഈ സംഘത്തിലെ ചിലരെ മൊസാദ് വിലയ്ക്കെടുത്തു എന്നാണ് കരുതുന്നത്. ഇവരുടെ സഹായത്തോടെയാണ് ബോംബ് സ്ഫോടനം നടത്തിയതെന്നാണ് അന്വേഷണത്തിൻ്റ പ്രാഥമിക അനുമാനം.

അന്വേഷണ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് പട്ടാള ഉദ്യോഗസ്ഥരെയും രഹസ്യാന്വേഷണ മേധാവികളെയും ചോദ്യം ചെയ്യുന്നത്. ഈ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാവും ഇസ്രയേലിന് നൽകേണ്ട തിരിച്ചടി തീരുമാനിക്കുക. കനത്ത തിരിച്ചടി നല്കണമെന്ന അഭിപ്രായക്കാരനാണ് ഇറാൻ്റെ പരമോന്നത നേതാവായ അയാത്തുള്ള അലി ഖമേനി. ഖമേനിയുമായുള്ള കൂടിക്കാഴ്ചക്ക് ഏതാനും മണിക്കൂർ മുൻപാണ് ഹനിയ കൊല്ലപ്പെടുന്നത്. ഹനിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ഖമേനിക്ക് പതിവില്ലാത്ത സുരക്ഷാകവചമാണ് ഒരുക്കിയിരുന്നത്.

വർഷങ്ങളായി ഇറാനും ഇസ്രയേലും തമ്മിൽ ഒളിഞ്ഞും തെളിഞ്ഞും ഏറ്റുമുട്ടലിൻ്റെ പാതയിലാണ്. ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ഇസ്രയേൽ ബോംബിട്ട് തകർത്തിരുന്നു. പല ആണവ ഉദ്യോഗസ്ഥരും ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെടുകയും ചെയ്തതോടെ ആണവ പദ്ധതികൾ പാതിവഴിയിലാണ്. ആണവ രാജ്യമാകാനുള്ള ഇറാൻ്റെ നീക്കങ്ങളെ സകല സന്നാഹവും ഉപയോഗിച്ച് ഇസ്രയേൽ എതിർക്കുന്നതും ഈ മേഖലയിൽ സംഘർഷ സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top