ഇസ്രയേലിന് തിരിച്ചടി നല്‍കാന്‍ ഉത്തരവിട്ട് ഖമേനി; ബാലിസ്റ്റിക് മിസൈലും ഡ്രോണുകളും സജ്ജമാക്കി ഇറാന്‍ സായുധ സംഘങ്ങള്‍
ഒക്ടോബര്‍ ഒന്നിന്റെ ആക്രമണത്തിന് ഇസ്രയേല്‍ നല്‍കിയ തിരിച്ചടിക്ക് മറുപടി നല്‍കാന്‍ ഇറാന്‍ ഒരുങ്ങുന്നതായി സൂചന. ഇസ്രയേല്‍ ഇന്റലിജന്‍സ് തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്. ബാലിസ്റ്റിക് മിസൈലും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തിനാണ് ഇറാന്‍ പദ്ധതി.
നേരിട്ട് ആക്രമിക്കാതെ സായുധ സംഘടനകള്‍ വഴി ഇറാന്‍-ഇറാഖി പ്രദേശത്തുനിന്നുള്ള ആക്രമണമാണ് ലക്ഷ്യം. ഇറാന്‍ എണ്ണസംഭരണകേന്ദ്രങ്ങള്‍, ആണവനിലയങ്ങള്‍ എന്നിവ ഇസ്രയേല്‍ ലക്ഷ്യമിടാതിരിക്കാന്‍ വേണ്ടിയാണിത്. ഇസ്രയേലിനെ ആക്രമിക്കാൻ ഇറാന്‍ ദേശീയ സുരക്ഷാ കൗൺസിലിന് ഇറാന്‍ നേതാവ് ആയത്തുള്ള ഖമേനി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിരിച്ചടിച്ചാല്‍ ശക്തമായ ആക്രമണം നേരിടേണ്ടി വരുമെന്ന് ഇസ്രയേല്‍ ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ വേണ്ടിയാണ് തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കാതിരുന്നതെന്നും ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു.
ഒക്ടോബര്‍ ഒന്നിന് 200 ലധികം മിസൈലുകൾ ഉപയോഗിച്ചാണ് ഇറാന്‍ ആക്രമണം നടത്തിയത്. അതിനുള്ള തിരിച്ചടിയാണ് കഴിഞ്ഞയാഴ്ച ഇസ്രയേല്‍ നല്‍കിയത്. മിസൈല്‍ ഫാക്ടറികളും സൈനിക കേന്ദ്രങ്ങളുമാണ് ഇസ്രയേല്‍ ആക്രമിച്ചത്. കനത്ത നാശനഷ്ടം വിതച്ച ഈ ആക്രമണത്തില്‍ നാല് ഇറാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here