“നിന്നെ തീർക്കും, ഞങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരാണ്”, ക്ലാർക്കിനെതിരെ ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡൻ്റിന്‍റെ കൊലവിളി
തിരുവല്ല: ഇരവിപേരൂർ പഞ്ചായത്തിലെ ജീവനക്കാരനെ പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം നേതാക്കളും വീട്ടിൽ കയറി മർദിച്ചതായി പരാതി. പഞ്ചായത്തിലെ സീനിയർ എൽഡി ക്ലാർക്ക് ബിജുവിനെ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയാ കമ്മറ്റിയംഗവുമായ കെ.ബി. ശശിധരൻ പിള്ളയുടെയും സിപിഎം ഇരവിപേരൂർ ഏരിയ കമ്മറ്റി അംഗവുമായ ജി. അജയകുമാറിൻ്റെയും നേതൃത്വത്തിൽ ഒരു സംഘം വാടക വീട്ടിലെത്തി കയ്യേറ്റം ചെയ്തതായിട്ടാണ് പരാതി. ഇതിൻ്റെ വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.
വീഡിയോ കാണാം..
കേട്ടാൽ അറയ്ക്കുന്ന തെറിവിളിയോടെയാണ് ബിജുവിന്റെ വീട്ടിലേക്ക് എത്തി പഞ്ചായത്ത് പ്രസിഡൻ്റും സംഘവും ഭീഷണിപ്പെടുത്തുന്നതെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്. “ഇരവിപേരൂർ ജംഗ്ഷനിൽ ഇറങ്ങിയാൽ നിന്നെ തീർക്കും. ഒരു മണിക്കൂറിനകം നിന്നെ കാണിച്ചു തരാം. ഞങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരാണ്”- എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ശശിധരൻ പിള്ള വീഡിയോയിൽ പറയുന്നത്.
പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സാമ്പത്തിക ദുർവിനയോഗത്തിന് ഒത്താശ ചെയ്യാത്തതിനാലാണ് ബിജുവിനെ മർദിച്ചതെന്നാണ് ആരോപണം. തൊഴിലിടത്തിലെ പീഡനം ആരോപിച്ച് ദളിത് സംഘടനകൾ കൂടി പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പഞ്ചായത്ത് ജീവനക്കാർ ബിജുവിന് പിന്തുണയുമായി ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. താന്‍ ഇതുവരെ പോലീസിന് പരാതി നല്‍കിയിട്ടില്ലെന്നും പരാതി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ബിജു മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി സിപിഎമ്മും രംഗത്തെത്തി. ബിജു പ്രസിഡന്റിനെയും പാർട്ടിക്കാരെയും സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി തെറി വിളിച്ചുവെന്നാണ് സിപിഎം വിശദീകരണം. ബിജു സ്ഥിരം മദ്യപാനിയാണെന്നും സിപിഎം നേതാക്കൾ ആരോപിക്കുന്നു. പെരിങ്ങ, പുറമറ്റം പഞ്ചായത്തകളിൽ ജോലി ചെയ്തിട്ട് അവിടെ സെക്രട്ടറിമാരുമായി പ്രശ്നം ഉണ്ടാക്കി സ്ഥലം മാറ്റം ലഭിച്ചാണ് ഇരവിപേരൂർ പഞ്ചായത്തിൽ ബിജു എത്തിയതെന്നും സിപിഎം നേതാക്കൾ പറയുന്നു.
ഇതിന് പുറമേ ശശിധരൻ പിള്ളയുടെ വീടിന് നേരെ ആക്രമണവും നടന്നു. അത് ആരോപണ ബിജുവും ഭാര്യാ സഹോദരനും ചേർന്നാണ് ചെയ്തതെനാണ് ആരോപണം. ശശിധരൻപിള്ളയുടെ വീടിന്റെ ജനൽ ചില്ല് ബിജുവും അളിയൻ വിൽസനും കൂടി വന്ന് കല്ലെറിഞ്ഞ് പൊട്ടിച്ചതായി പരാതി. ഇതിൽ പ്രതിഷേധിക്കാൻ ഇന്ന് സിപിഎം യോഗം ചേരും.
“നിന്നെ തീർക്കും, ഞങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരാണ്” പഞ്ചായത്ത് പ്രസിഡൻ്റിന്‍റെ കൊലവിളി