അയർലണ്ടിലെ ഇന്ത്യക്കാരനായ ആദ്യ മേയറായി ബേബി പെരേപ്പാടൻ; മറുനാടൻ മലയാളികൾക്ക് ഇരട്ടി മധുരം

ബ്രിട്ടനു പിന്നാലെ അയർലൻഡിലും മേയറായി മലയാളി. സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്റെ പുതിയ മേയറായി അങ്കമാലി സ്വദേശി ബേബി പെരേപ്പാടനെ തെരഞ്ഞെടുത്തു. അയർലൻഡിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ മേയർ സ്ഥാനത്തേക്ക് എത്തുന്നത്. കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പിൽ താല സൗത്ത് മണ്ഡലത്തിൽ നിന്നാണ് ഭരണകക്ഷിയായ ഫിൻഗേൽ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ബേബി പെരേപ്പാടൻ വിജയിച്ചത്.

ഇന്നലെ ചേർന്ന കൗണ്ടി കൗൺസിലിന്റെ ആദ്യ യോഗത്തിൽ മേയറുടെ അധികാര ചിഹ്നങ്ങൾ സ്വീകരിച്ചു. മുൻ മേയർ അലൻ എഡ്ജിൽ നിന്നുമാണ് ബേബി പെരേപ്പാടൻ അധികാര ചിഹ്നങ്ങൾ സ്വീകരിച്ചത്. വിജയിച്ച കൗൺസിൽ അംഗങ്ങൾ വ്യാഴാഴ്ച യോഗം ചേർന്ന് ബേബി പെരേപ്പാടനെ ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ പാരമ്പര്യം അവകാശപ്പെടാവുന്ന അയർലണ്ടിന്റെ മുൻ പ്രധാനമന്ത്രി കൂടിയായ ലിയോ വരദ്കർ ഡെപ്യൂട്ടി മേയറായി കുറച്ചുകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ടെങ്കിലും ഒരു ഇന്ത്യക്കാരൻ മേയറാകുന്നത് ആദ്യമായാണ്.

ഇത് രണ്ടാം തവണയാണ് ബേബി പെരേപ്പാടൻ കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. ഇത്തവണത്തെ കൗൺസിൽ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകനായ ബ്രിട്ടോ പെരേപ്പാടനും താല സെൻട്രലിൽ നിന്ന് വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബേബി പെരേപ്പാടനെതിരെ വംശീയധിക്ഷേപം ഉണ്ടായതടക്കം വാർത്തയായിരുന്നു. അതിനാൽ തീവ്ര വലതുപക്ഷവാദികൾക്കും കുടിയേറ്റ വിരുദ്ധർക്കും ശക്തമായ മറുപടി കൂടിയായി പെരേപ്പാടന്റെ മേയർ പദവി.

അങ്കമാലിക്കടുത്ത് പുളിയനം ആണ് ബേബി പെരേപ്പാടന്റെ സ്വദേശം. 20 വർഷം മുമ്പ് കുടിയേറിയ അദ്ദേഹം അയർലണ്ടിലെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ പരിചിത മുഖമാണ്. ഭാര്യ ജിൻസി മാത്യു ബ്യൂമോണ്ട് ആശുപത്രിയിൽ അഡ്വാൻസ്ഡ് നഴ്‌സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്നു. മകൻ ബ്രിട്ടോയെ കൂടാതെ ഡെന്റൽ മെഡിസിൻ വിദ്യാർത്ഥിയായ ബ്രോണ എന്നൊരു മകൾ കൂടിയുണ്ട് പെരേപ്പാടന്.

ബേബി പെരേപ്പാടന്റെയും മകന്റെയും അഭിമാനാർഹമായ നേട്ടത്തിൽ ഫിൻഗേൽ പാർട്ടി നേതാവും അയർലൻഡ് പ്രധാനമന്ത്രിയുമായ സൈമൺ ഹാരിസ് നേരിട്ട് വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top