ഷെയര്‍ ട്രേഡിങ്ങിലൂടെ പ്രതിമാസം അമ്പതിനായിരം രൂപ; ഇരിങ്ങാലക്കുടയില്‍ നടന്നത് 150 കോടിയുടെ തട്ടിപ്പ്; ബിബിന്‍ കെ ബാബുവും കുടുംബവും മുങ്ങി

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ വന്‍ലാഭം വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്. 150 കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് പ്രാഥമിക വിവരം. ഇത് ഇനിയും വര്‍ദ്ധിക്കാം. പത്ത് ലക്ഷം നിക്ഷേപിച്ചാല്‍ പ്രതിമാസം 30,000 മുതല്‍ 50000 രൂപവരെ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ബില്യന്‍ ബീസ് എന്ന ഷെയര്‍ ട്രേഡിങ് സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. ബിബിന്‍ കെ.ബാബു, ഭാര്യ ജയ്ത വിജയന്‍, സഹോദരന്‍ സുബിന്‍ കെ.ബാബു, ലിബിന്‍ എന്നിവരാണ് തട്ടിപ്പ് മുഴുവന്‍ നടത്തിയത്.
നിലവില്‍ 32 പേരാണ് പരാതിയുമായി രംഗത്തെത്തിയത്. ഇവരില്‍ നിന്ന് മാത്രമാണ് 150 കോടി രൂപ തട്ടിച്ചെടുത്തിരിക്കുന്നത്. കമ്പനി ലാഭത്തിലാണെങ്കിലും നഷ്ടത്തിലാണെങ്കിലും എല്ലാ മാസവും പണം നല്‍കുമെന്നായിരുന്നു ഉറപ്പ് നല്‍കിയിരുന്നത്. വിശ്വാസ്യതക്കായി ബിബിന്‍, ജെയ്ത, സുബിന്‍, ലിബിന്‍ എന്നിവര്‍ ഒപ്പുവച്ച ചെക്കും നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നു.
ലാഭ വിഹിതം മുടങ്ങിയതോടെയാണ് നിക്ഷേപകര്‍ സ്ഥാപനത്തില്‍ എത്തി തുടങ്ങിയത്. നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെടന്നവര്‍ക്ക് ലാഭ വിഹിതം എന്ന പേരില്‍ കുറച്ച് പണം കൊടുത്ത് തിരികെ അയക്കുകയായിരുന്നു. വീണ്ടും വീഴ്ച വന്നപ്പോള്‍ സ്ഥാപനത്തെ സമീപിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി എന്നാണ് പരാതിക്കാര്‍ പറയുന്നത്. തട്ടിപ്പ് നടത്തിയ നാലുപേരും ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ ദുബായിലേക്ക് കടന്നു എന്നാണ് പരാതിക്കാര്‍ പറയുന്നത്. ഇവര്‍ സമാഹരിച്ച കോടികള്‍ എന്തു ചെയ്തു എന്നും അന്വേഷണം നടക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here