സമരത്തെ ഗ്രില്ലിട്ടുപൂട്ടാൻ ജല അതോറിറ്റി; വെള്ളയമ്പലത്തെ ആസ്ഥാനത്ത് ഇരുമ്പുമറ കെട്ടുന്നു; തടയുമെന്ന് സിഐടിയു

തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ സമരങ്ങളെ ഇരുമ്പുമറക്ക് അപ്പുറം നിർത്താൻ വാട്ടര്‍ അതോറിറ്റി. തിരുവനന്തപുരം വെള്ളയമ്പലത്തെ അതോറിറ്റിയുടെ ആസ്ഥാനത്ത് സമരക്കാര്‍ തള്ളിക്കയറാതിരിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. അടുത്തയിടെ നടന്നൊരു സമരമാണ് ഉന്നതനേതൃത്വത്തെ പേടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഈ വിചിത്രനീക്കം.

വലിയ ഇരുമ്പ് ഗ്രില്‍ സ്ഥാപിച്ച് കെട്ടിപ്പൂട്ടാനുള്ള നീക്കമാണ് വാട്ടര്‍ അതോറിറ്റി ചെയര്‍മാനും എംഡിയും കൂടി നടത്തുന്നത്. ഡയറക്ടര്‍ ബോര്‍ഡ് യോഗം നടക്കുന്ന ബോര്‍ഡ് റൂമിനും എംഡിയുടെ ഓഫീസിന് മുന്നിലുമാണ് സുരക്ഷയൊരുക്കുന്നത്. ഏഴ് ലക്ഷത്തിലേറെ രൂപ മുടക്കിയാണ് ഗ്രില്‍ സ്ഥാപിക്കുന്നത്. എന്നാല്‍ ഈ നീക്കത്തിനെതിരെ സിഐടിയു ഉള്‍പ്പെടെയുള്ള ഭരണകക്ഷി സംഘടനകള്‍ രംഗത്തുണ്ട്. മന്ത്രി റോഷി അഗസ്റ്റിന്റെ നിര്‍ദ്ദേശം മറികടന്നാണ് ഗ്രില്‍ സ്ഥാപിക്കാനുള്ള നീക്കമെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്.

പെന്‍ഷന്‍ പരിഷ്ക്കരണം നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിരമിച്ച ജീവനക്കാര്‍ രണ്ട് മാസത്തിലേറെയായി വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തിന് മുന്നില്‍ സമരത്തിലാണ്. ബോര്‍ഡ് യോഗം നടക്കുമ്പോള്‍ ഇവര്‍ പരാതി നല്‍കാനായി ബോര്‍ഡ് റൂമിലേക്ക് കയറി. ഇതോടെ യോഗത്തില്‍ നിന്ന് ചെയര്‍മാന്‍ അശോക്‌ കുമാര്‍ സിംഗും എംഡി ബണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദും ഇറങ്ങിപ്പോയി. അതിന് ശേഷമാണ് ആസ്ഥാനത്ത് ഗ്രില്‍ സ്ഥാപിക്കുന്ന നടപടിയുമായി ചെയര്‍മാനും എംഡിയും ഇറങ്ങിയത്.

എട്ടാം നിലയിലാണ് ബോര്‍ഡ് റൂം. ഏറ്റവും താഴത്തെ നിലയിലാണ് എംഡിയുടെ റൂം. രണ്ടിടത്തും ഗ്രില്‍ വെച്ചാല്‍ സമരത്തെ പ്രതിരോധിക്കാം എന്നാണ് അതോറിറ്റിയുടെ വാദം. ഇത് ചൂണ്ടിക്കാട്ടിയാണ് ആസ്ഥാനത്തെ എക്സിക്യൂട്ടീവ് എഞ്ചിനീയറോട് ഗ്രില്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചത്. നീക്കത്തിനെതിരെ സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്തുണ്ട്. വകുപ്പുമന്ത്രി റോഷി അഗസ്റ്റിനെ യൂണിയൻ പ്രതിനിധികൾ നേരിട്ട് കണ്ടപ്പോള്‍, വാട്ടര്‍ അതോറിറ്റി കാരാഗൃഹമല്ല, ജനങ്ങള്‍ക്ക് ഏത് സമയത്തും കയറിയിറങ്ങാന്‍ അനുവാദമുള്ള ഓഫീസാണെന്നാണ് പറഞ്ഞത്. ഗ്രില്‍ സ്ഥാപിക്കാന്‍ ഒരു രൂപ പോലും സര്‍ക്കാര്‍ അനുവദിക്കില്ലെന്നും യൂണിയനുകളെ മന്ത്രി അറിയിച്ചിരുന്നു.

എന്നാല്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി വന്ന മൂന്ന് അവധി ദിനങ്ങള്‍ ഉപയോഗിച്ച് ഗ്രില്‍ സ്ഥാപിക്കാന്‍ അതോറിറ്റി നീക്കം നടത്തുന്നതായി യൂണിയനുകള്‍ക്ക് വിവരം കിട്ടി. ഇതോടെ വെള്ളിയാഴ്ച അതോറിറ്റി ആസ്ഥാനത്തേക്ക് സിഐടിയും അക്വയും അടങ്ങുന്ന യൂണിയനുകള്‍ സംയുക്ത മാര്‍ച്ച് നടത്തി. “ഗ്രില്‍ സ്ഥാപിക്കാനുള്ള നീക്കം അനുവദിക്കരുതെന്ന് യൂണിയന്‍ തീരുമാനമെടുത്തിട്ടുണ്ട്. ഗ്രില്‍ സ്ഥാപിച്ചാലും അത് പുറത്തുനിന്ന് പൂട്ടി സമരം ചെയ്യാം. സമരത്തെ തടയാന്‍ ഗ്രില്‍ സ്ഥാപിക്കുന്നത് തികഞ്ഞ വിഡ്ഢിത്തമാണ്”. -കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജനറല്‍ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top