മോദിയുടെ സന്ദർശന തലേന്ന് തലസ്ഥാനത്ത് എത്തിയ ഐഎസ് കേസ് പ്രതിയുടെ യാത്രാവിവരങ്ങൾ തേടി കേന്ദ്ര ഏജൻസികൾ; യാത്ര വ്യക്തിപരമെന്ന് മൊഴി; കാറിൽ പോലീസ് സ്റ്റിക്കർ പതിച്ചതിൽ അന്വേഷണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന തലേന്ന് അന്താരാഷ്ട്ര ബന്ധമുള്ള ഐഎസ് ഭീകരനെന്ന് എന്‍ഐഎ ആരോപിച്ച ആള്‍ തിരുവനന്തപുരത്ത് എത്തിയതിനെ ഗൗരവത്തോടെ കണ്ട് ദേശീയ രഹസ്യാന്വേഷണ ഏജന്‍സികള്‍. ഇന്നലെ വൈകിട്ടോടെ ആണ് തമിഴ്നാട് സ്വദേശി സാദിഖ് ബാഷ വട്ടിയൂർക്കാവിൽ നിന്ന് പിടിയിലായത്. ഇയാൾ നിരന്തരം തിരുവനന്തപുരത്ത് എത്തിയിരുന്നുവെന്നത് ഗൗരവത്തോടെയാണ് കേന്ദ്ര ഏജന്‍സികള്‍ കാണുന്നത്. വട്ടിയൂര്‍ക്കാവില്‍ സഹായം ഒരുക്കിയവരെ കണ്ടെത്താനും ശ്രമിക്കും. വട്ടിയൂർക്കാവ് സ്വദേശിയായ ഭാര്യയുമായുള്ള വിവാഹമോചന കാര്യത്തിന് എന്ന പേരിലാണ് ഇയാൾ ഇത്തവണ എത്തിയത്. യാത്രാവിവരങ്ങൾ ഏജൻസികൾ പരിശോധിക്കുകയാണ്.

സാദിഖ് ബാഷയുടെ രണ്ടാം ഭാര്യ തിരുവനന്തപുരത്തുണ്ടെന്നും വട്ടിയൂര്‍ക്കാവില്‍ ആണെന്നും നേരത്തെ വ്യക്തമായിരുന്നു. ഇയാളെ ദേശീയ അന്വേഷണ ഏജന്‍സി നേരത്തെ അറസ്റ്റു ചെയ്തപ്പോള്‍ തിരുവനന്തപുത്തെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. ഇത്തവണ പോലീസ് സ്റ്റിക്കർ ഒട്ടിച്ച വാഹനത്തിലാണ് ഇയാളെത്തിയത് എന്നതാണ് ഗൗരവം വർധിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേരളാ പോലീസ് പൂര്‍ണ്ണമായും പുറത്തു വിട്ടിട്ടില്ല. സുരക്ഷാ കാരണങ്ങളാലാണ് ഇത്. പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കുന്ന എസ്പിജി അടക്കം കേന്ദ്ര ഏജൻസികൾ എല്ലാം പരിശോധിക്കുന്നുണ്ട്.

വിവാഹമോചനത്തിനായി രണ്ടാം ഭാര്യ പള്ളി വഴി നീങ്ങിയിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ എത്തിയ സാദിഖ് പള്ളിയില്‍ വച്ച് പ്രശ്നം ഉണ്ടാക്കി. വിവരം അറിഞ്ഞ് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുമ്പോഴാണ് പൊലീസിന്റെ സ്റ്റിക്കര്‍ പതിച്ച കാര്‍ ശ്രദ്ധയില്‍പെട്ടത്. വട്ടിയൂര്‍ക്കാവ് പോലീസ് സ്‌റ്റേഷന് തൊട്ടടുത്തായിരുന്നു ഈ സംഭവം.

ഐഎസ് ബന്ധം ആരോപിച്ചു 2022ൽ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തതിനെ തുടർന്ന് 24 മാസം ജയിലില്‍ കഴിഞ്ഞയാളാണ് സാദിഖ് ബാഷ. അന്ന് തമിഴ്നാട്ടില്‍ പിടിയിലായ കോളജ് വിദ്യാര്‍ത്ഥി മീര്‍ അനസ് അലിയില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് എൻഐഎ കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലെ 13 കേന്ദ്രങ്ങളില്‍ മാസങ്ങള്‍ക്ക് മുമ്പ് തിരച്ചില്‍ നടത്തിയത്. തമിഴ്നാട്ടിൽ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന കേസിൽ അന്ന് ജയില്‍ ആയിരുന്ന സാദിഖ് ബാഷ താമസിച്ചിരുന്ന വട്ടിയൂര്‍ക്കാവിലെ വീട്ടിലാണ് പ്രധാനമായും തെരച്ചില്‍ നടത്തിയത്. ഇവിടെ നടത്തിയ റെയ്ഡില്‍ ചില ഇലക്ട്രോണിക്ക് ഉപകരണങ്ങൾ, ഹാര്‍ഡ് ഡിസ്‌ക് , സിം എന്നിവ കണ്ടെടുത്തിരുന്നു. പിന്നീട് ബാഷ ജാമ്യം കിട്ടി പുറത്തിറങ്ങിയിരുന്നു.

2022 ഫെബ്രുവരിയില്‍ ആണ് മയിലാടുംതുറൈയ്ക്കടുത്തുള്ള നിഡൂരില്‍വച്ചു സാദിഖ് ബാഷ, മുഹമ്മദ് ആഷിഖ്, ജഗബര്‍ അലി, റഹ്‌മത്ത്, കാരയ്ക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെട്ട പ്രതികളെ വാഹനത്തിൽ പിന്തുടർന്നാണ് പിടികൂടിയത്. ഐഎസിന് വേണ്ടി ധനസമാഹരണം നടത്തിയെന്ന കേസില്‍ പിന്നീട് എന്‍ഐഎ ഇവരെ പിടികൂടി. കുറ്റപത്രം നല്‍കുകയും ചെയ്തു. തിരുവനന്തപുരത്തും ചെന്നൈയിലുമാണ് സാദിഖ് ബാഷയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഇക്കാമാ ബാഷയെന്നും മൈലാടുതുറൈ ബാച്ചയെന്നുമെല്ലാം അറിയപ്പെടുന്ന വ്യക്തിയാണ് സാദിക് ബാഷ.

തമിഴ്നാട് കേരളം അതിര്‍ത്തി കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചതെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. ഇവര്‍ ഐഎസിലേക്ക് സാങ്കേതിക പരിജ്ഞാനമുള്ളവരെ അടക്കം റിക്രൂട്ട് ചെയ്തു. മൂന്ന് സംഘടനകള്‍ രൂപീകരിച്ച് പ്രചാരണവും നടത്തി. ശ്രീലങ്കയിലെ ഐഎസ് പ്രവര്‍ത്തകരുമായും സംഘം ബന്ധപ്പെട്ടെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ശ്രീലങ്കയിലെ എറ്റിജെ എന്ന സംഘവുമായും ബാച്ചയ്ക്ക് ബന്ധമുണ്ട്. ഖിലാഫത്ത് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പേരില്‍ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാനായിരുന്നു അന്നത്തെ പദ്ധതികള്‍

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top