അദാനിക്ക് ആപ്പായി അനുരയുടെ വിജയം; ചൈനയുടെ തോഴൻ ഇന്ത്യക്കും ഭീഷണിയോ

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വലിയ വേരോട്ടമുള്ള മണ്ണാണ് ശ്രീലങ്ക. എന്നാൽ ഏതെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അവിടെ തിരഞ്ഞെടുപ്പിൽ സമാഗ്രാധിപത്യം നേടാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. ആ ചരിത്രം തിരുത്തി എഴുതി രാജ്യത്തിൻ്റെ പ്രസിഡൻ്റ് പദത്തിൽ എത്തിയിരിക്കുകയാണ് അനുര കുമാര ദിസനായകെ. അദ്ദേഹത്തിനും പാർട്ടിയായ ജനത വിമുക്തി പെരുമുന (ജെവിപിക്കും) ചൈനയുമായി അടുത്ത ബന്ധമാണുള്ളത് എന്നത് ഇന്ത്യയെ സംബന്ധിച്ച് ആശങ്ക ഉണ്ടാക്കുന്നതാണ്. ശ്രീലങ്കയുടെ രാഷ്ട്രത്തലവനാകുന്ന ആദ്യത്തെ മാർക്സിസ്റ്റ് പാർട്ടി നേതാവാണ് ദിസനായകെ. 2023ൽ അദ്ദേഹം ചൈന സന്ദർശിക്കുകയും ചൈനീസ് ഉദ്യോഗസ്ഥരുമായി ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.


ശ്രീലങ്കയുമായുള്ള സഹകരണം ശക്തമായി തുടരാൻ ദിസനായകയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹത്തിൻ്റെ വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു.ചൈനക്ക് പാട്ടത്തിന് നൽകിയ ഹമ്പൻടോട്ട തുറമുഖം സൈനിക നീക്കങ്ങൾക്കായി ഉപയോഗിക്കും എന്ന ആശങ്കയാണ് പ്രധാനമായും ഇന്ത്യക്കുള്ളത്. അടുത്തിടെ അനുരയെടുത്ത നിലപാട് ഇന്ത്യയുടെ പിന്തുണ ഉറപ്പാക്കുന്നതായിരുന്നു. മറ്റൊരു രാജ്യത്തിന് ഭീഷണി ഉയർത്തി തന്‍റെ രാജ്യത്തിന്‍റെ കടലും കരയും വ്യോമാതിർത്തിയും ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.


ഹമ്പൻടോട്ട തുറമുഖം, കൊളംബോ തുറമുഖ നഗര പദ്ധതി തുടങ്ങിയ ചില ചൈനീസ് നിക്ഷേപങ്ങളിലെ അഴിമതിയേയും സുതാര്യതയില്ലായ്മയേയും എതിർക്കുന്നയാളാണ് പുതിയ പ്രസിഡൻ്റ്. എന്നിരുന്നാലും അദ്ദേഹം ചൈനയുമായി അടുത്ത ബന്ധം തുടരാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ശ്രീലങ്കയിൽ നിയന്ത്രണം ഉറപ്പാക്കാൻ കാലങ്ങളിൽ ഇന്ത്യയും ചൈനയും തമ്മിൽ നിലനിൽക്കുന്ന മത്സരത്തിലും അനുരയുടെ നിലപാട് നിർണായകമാകും. ചൈനീസ് പദ്ധതികളെക്കുറിച്ചും പരിശോധന നടത്തുമെന്നാണ് ജെവിപി നേതൃത്വവും വ്യക്തമാക്കിയിട്ടുള്ളത്.


അതേസമയം അനുര അധികാരത്തിലെത്തിയത് ഇന്ത്യയിലെ വ്യവസായ ഭീമനായ അദാനിക്കും തിരിച്ചടിയായിരിക്കുകയാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങൾ കാരണം വിവാദത്തിലായ അദാനി ഗ്രൂപ്പിന്‍റെ കാറ്റാടി വൈദ്യുതി പദ്ധതി റദ്ദാക്കുമെന്ന് ജെവിപിയുടെ പ്രകടനപത്രികയിലുളള വാഗ്ദാനമായിരുന്നു. പദ്ധതി ശ്രീലങ്കയുടെ ഊർജ്ജ പരമാധികാരം ലംഘിക്കുന്നുവെന്ന് ശക്തമായ വിമർശനമാണ് നേരത്തേ അവർ ഉയർത്തിയിരുന്നത്. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും കരാർ റദ്ദാക്കാനുളള തീരുമാനം എന്ന പുതിയ നിലപാട് അദാനിക്കും പ്രതീക്ഷ നൽകുന്നതാണ്.


സാമ്പത്തികമായി തകർന്ന് നിൽക്കുന്ന രാജ്യത്തിനെ അതിൽ നിന്നും കരകയറ്റുന്ന ചുമതലക്കാണ് പ്രധാന പരിഗണനയെന്ന് ജെവിപി നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. ലോകരാഷ്ട്രങ്ങളില്‍ തന്നെ ശക്തരായ തങ്ങളുടെ അയല്‍രാജ്യമാണ് ഇന്ത്യ. തങ്ങളുടെ സര്‍ക്കാര്‍ എല്ലാ ലോക ശക്തികളുമായും മികച്ച ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നു. ശ്രീലങ്കയുടെ സാമ്പത്തിക രംഗത്തിന് അതാണ് ഏറ്റവും അധികം ഗുണം ചെയ്യുന്നതെന്ന് അത് ആഗ്രഹിക്കുന്നു, എന്നും എന്‍വിപിയുടെ മുതിർന്ന അനില്‍ ജയത്‌നയും പറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top