മാജിക് മഷ്റൂം ഇനിയാർക്കും ഇഷ്ടംപോലെ ഉപയോഗിക്കാമോ? ഹൈക്കോടതി വിധി വ്യക്തമായി മനസിലാക്കണം, വാർത്ത കണ്ട് തെറ്റിദ്ധരിക്കരുത്
ലഹരി മരുന്നുമായി ഒരാളെ അറസ്റ്റ് ചെയ്താൽ, ജാമ്യം മുതൽ ശിക്ഷ വിധിക്കുന്നതുവരെയുള്ള ഘട്ടങ്ങളിൽ അയാളിൽ നിന്ന് കണ്ടെത്തിയ ലഹരിയുടെ അളവ് പ്രധാനമാണ്. കുറഞ്ഞ അളവ് ആണെങ്കിൽ ജാമ്യം കിട്ടാൻ ബുദ്ധിമുട്ടുണ്ടാവില്ല, ശിക്ഷയും കടുത്തതാവില്ല. വളരെ കൂടിയ അളവിൽ മരുന്നുണ്ടെങ്കിൽ സ്വാഭാവികമായും ജാമ്യം കിട്ടാൻ ബുദ്ധിമുട്ടും, കൂടാതെ ശിക്ഷ കടുത്തതാകുകയും ചെയ്യുമെന്ന് ഉറപ്പ്. കഞ്ചാവ് ഒരുകിലോ വരെയാണെങ്കിൽ ജാമ്യം കിട്ടാമെന്നിരിക്കെ, എംഡിഎംഎ പോലുള്ള രാസലഹരി 10 ഗ്രാം ഉണ്ടായാൽ ജാമ്യമില്ലാത്ത കേസാകും. രണ്ടിൻ്റെയും കൊമേഴ്സ്യൽ ക്വാണ്ടിറ്റി രണ്ടാണ് എന്നതാണ് കാര്യം. ഈ വ്യത്യസം ആണ് പ്രധാനം.
ഇങ്ങനെ ഓരോ ലഹരിയെക്കുറിച്ചും അവയുടെ കൂടിയതും കുറവുമായ അളവുകളെക്കുറിച്ചും പരാമർശിക്കുന്ന എൻഡിപിഎസ് ആക്ടിൻ്റെ ഷെഡ്യൂളിൽ ഒരിടത്തും മാജിക് മഷ്റൂം പരാമർശിച്ചിട്ടില്ല എന്നതാണ് സത്യം. പകരം ഈ കൂണിൽ അടങ്ങിയിട്ടുള്ള ലഹരി പദാർത്ഥമായ സിലോസൈബിൻ (Psilocybin) എന്ന പേരാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതാണ് കഴിഞ്ഞ ദിവസം മാജിക് മഷ്റൂം കൈവശം വച്ച കേസിലെ പ്രതിയെ ജാമ്യത്തിൽ വിട്ടുകൊണ്ട് ഹൈക്കോടതി ചൂണ്ടിക്കാട്ടിയ ഒരു വസ്തുത. അതായത് മാജിക് മഷ്റൂം സൂക്ഷിച്ചു എന്നതിൻ്റെ പേരിൽ ജാമ്യം നിഷേധിക്കാൻ കഴിയില്ല, പകരം അതിലെ സിലോസൈബിൻ്റെ അളവ് പരിഗണിച്ച് വേണം കേസിൻ്റെ തീവ്രത തീരുമാനിക്കാൻ.
പ്രതിയായ ബംഗളൂരു സ്വദേശി രാഹുൽ റായിയുടെ പക്കൽ നിന്ന് പിടികൂടിയ വസ്തുക്കളിൽ സിലോസൈബിൻ അഥവാ സിലോസിൻ (Psilocin) അടങ്ങിയതായി കെമിക്കൽ അനാലിസിസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ അതിൻ്റെ അളവ് രേഖപ്പെടുത്തിയിരുന്നില്ല. 226 ഗ്രാം മാത്രം മാജിക് മഷ്റൂം പിടിച്ചെടുത്ത കേസിൽ അതിലെ സിലോസൈബിൻ്റെ അളവ് നോക്കിയാൽ തുലോം തുഛമായിരിക്കും. ഇത് പഴുതാക്കിയാണ് പ്രതിഭാഗം ജാമ്യത്തിന് വാദിച്ചത്. ഇത് ഭാഗികമായി ശരിവച്ച് കൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിച്ചത്. പോരാത്തതിന് മൂന്നു മാസത്തിലേറെയായി പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റിലുമാണ്.
അതേസമയം സിലോസൈബിൻ ആണ് മാജിക് മഷ്റൂമിലെ പ്രധാന ചേരുവയെന്നും അതാണ് ലഹരി ഉണ്ടാക്കുന്നത് എന്നതും അംഗീകരിക്കപ്പെട്ട വസ്തുതയാണ്. അതുകൊണ്ട് ഇത് പ്രധാന ചേരുവയായ മാജിക് മഷ്റൂമിനെ ലഹരിവസ്തുവായി അല്ലാതെ കണക്കാക്കാനാകില്ല. ഇവിടെ അതിൻ്റെ അളവ് പ്രത്യേകമായി രേഖപ്പെടുത്തിയില്ല എന്നത് മാത്രമാണ് പ്രതിക്ക് രക്ഷയായതെന്ന് എക്സൈസ് ഇൻ്റലിജൻസ് മുൻ അസിസ്റ്റൻ്റ് കമ്മിഷണർ ടി.അനികുമാർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഈ സാഹചര്യത്തിൽ ഹൈക്കോടതി വിധിയെ ചാരി ആരും ഇത്തരം കേസിൽ നിന്ന് രക്ഷപെടാമെന്ന് വിചാരിക്കരുത്, അത് അബദ്ധമാണ്, അപകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here