കാവിയും ചന്ദനക്കുറിയും ഉപേക്ഷിക്കാൻ ബംഗ്ലാദേശിലെ വിശ്വാസികളോട് ഇസ്കോൺ; വിശ്വാസത്തെ വിവേകത്തോടെ ഉപയോഗിക്കാനും നിർദേശം
ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണദാസിൻ്റെ അറസ്റ്റിന് പിന്നാലെ ബംഗ്ലാദേശിലുള്ള പുരോഹിതൻമാരോടും വിശ്വസികളോടും പുതിയ ആഹ്വാനവുമായി ഇസ്കോൺ ഇന്ത്യ. ചന്ദനക്കുറിയും ഹിന്ദു വിശ്വാസപ്രകാരമുള്ള മാലകളും ധരിക്കരുതെന്നാണ് നിർദേശം. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഓരോ സന്യാസിമാരും അവരുടെ അനുയായികളും പുറത്തിറങ്ങാതെ ‘വിശ്വാസത്തെ വിവേകപൂർവ്വം’ ഉപയോഗിക്കാനും ഇസ്കോൺ ആവശ്യപ്പെട്ടു.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ലക്ഷ്യമിട്ടുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും അതിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്നും വിവരം സ്ഥിരീകരിച്ച് ഇസ്‌കോൺ കൊൽക്കത്ത വക്താവ് രാധാ രമൺദാസ് അറിയിച്ചു. ജയിലില്‍ കഴിയുന്ന ചിൻമോയ് കൃഷ്ണ ദാസിൻ്റെ സുരക്ഷയിൽ ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. ഇസ്കോൺ സന്യാസിമാരും അനുയായികളുമാണ് എന്ന ഐഡൻ്റിറ്റി മറച്ച് വേണം ബംഗ്ലാദേശിൽ തുടരേണ്ടത് എന്നാവശ്യപ്പെട്ടിട്ടുണ്ട്. വേഷവിധാനങ്ങളിലും മാറ്റം വരുത്തണം. വീടുകളിലോ ക്ഷേത്രത്തിനകത്തോ അവരുടെ വിശ്വാസം വിവേകത്തോടെ ആചരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്കോൺ സന്യാസിമാർ തുടർച്ചയായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനമെന്നും രാധാ രമൺദാസ് വ്യക്തമാക്കി.
അഭിഭാഷകർ ആരും തന്നെ ഹാജരാകാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച അറസ്റ്റിലായ ചിൻമോയ് കൃഷ്ണദാസിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. അദ്ദേഹത്തിൻ്റെ കേസുകൾ കൈകാര്യം ചെയ്തിരുന്ന അഭിഭാഷകനെ ആൾക്കൂട്ടം ആക്രമിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇസ്ലാമിസ്റ്റുകൾ അദ്ദേഹത്തിൻ്റെ വീട് ആക്രമിക്കുക ആയിരുന്നുവെന്ന് ഇസ്കോൺ ആരോപിക്കുന്നു. ബംഗ്ലാദേശ് ദേശീയ പതാകയെ അപമാനിച്ചെന്ന് ആരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. ഇസ്കോൺ മത മൗലീകവാദ സംഘടനയാണെന്നാണ് ബംഗ്ലാദേശ് സർക്കാരിൻ്റെ നിലപാട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here