‘മഞ്ഞക്കടലിന്റെ പുതിയ കാവൽക്കാരൻ’; സച്ചിനൊപ്പം വല കാക്കാന്‍ ലാറയും

കേരളാ ബ്ലാസ്റ്റേഴ്സിന്റെ വലകാക്കാൻ ഇനി ലാറാ ശർമ്മയും. ബെം​ഗളൂരു എഫ്സിയിൽ നിന്ന് ഒരു വർഷത്തെ കരാറിലാണ് ലാറാ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ക്ലബിലേക്ക് ലാറയെ ബ്ലാസ്റ്റേഴ്സ് അധികൃതർ സ്വാഗതം ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിനായി എല്ലാവിധത്തിലും പോരാടുമെന്ന് ലാറാ ശർമ്മയും പ്രതികരിച്ചു. ഓ​ഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന ഡ്യൂറന്റ് കപ്പ് മുതൽ ലാറ ബ്ലാസ്റ്റേഴ്സിനായി കളിക്കും. ഓ​ഗസ്റ്റ് 13 ന് ​ഗോകുലം കേരളയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.

വളരെക്കാലമായി ബ്ലാസ്റ്റേഴ്സ് പിന്തുടരുന്ന താരമാണ് ലാറ. ഇപ്പോൾ, 2023-24 സീസണില്‍ ക്ലബിന്റെ ഗോൾകീപ്പിംഗ് ഡിപ്പാർട്ട്‌മെന്റിന് ശക്തി പകരാന്‍ അദ്ദേഹം ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നു. കളിക്കാരനെന്ന നിലയിൽ ലാറ ശർമ്മയുടെ വളർച്ചയിൽ ഈ വരാനിരിക്കുന്ന സീസൺ ഗണ്യമായ പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബ്ലാസ്റ്റേഴ്സ് അറിയിച്ചു.

കേരളാ ബ്ലാസ്റ്റേഴ്സിൽ കളിക്കാൻ ലഭിച്ച അവസരത്തെ സവിശേഷമായാണ് കാണുന്നതെന്ന് ലാറയും പ്രതികരിച്ചു. ക്ലബിന് ചുറ്റുമുള്ള ആരാധകരും അന്തരീക്ഷവും ഊർജവും വളരെ പോസിറ്റീവാണ്. അവരുടെ ഭാഗമാകാനുള്ള കാത്തിരിപ്പിലാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും ലാറ ശർമ്മ പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ ഭാവി ​ഗോൾകീപ്പർ എന്നറിയപ്പെടുന്ന താരമാണ് ബം​ഗാൾ സ്വദേശിയായ ലാറാ ശർമ്മ. ഒട്ടേറെ പ്ര​ഗ്തഭരായ താരങ്ങളെ സമ്മാനിച്ച ജംഷഡ്പൂരിലെ ടാറ്റാ ഫുട്ബോൾ അക്കാദമിയിലൂടെയാണ് ലാറായും മുന്നേറിയത്. 2020 ലാണ് ലാറ ബെം​ഗളൂരു എഫ്സിയുടെ ഭാഗമായത്. അതേസമയം, മുൻ സീസണുകളിൽ ബ്ലാസ്റ്റേഴ്സിന്റെ വല കാത്ത പ്രഭ്സുഖൻ സിങ് ഗിൽ ഇത്തവണ ഈസ്റ്റ് ബം​ഗാളിനൊപ്പമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top