ഇസ്രയേല്‍ വിമാനങ്ങള്‍ അതിര്‍ത്തി കടന്നില്ലെന്ന് ഇറാന്‍; ആക്രമണം നടത്തിയത് ഇറാഖിലെ യുഎസ് മേഖലയില്‍ നിന്ന്
ഇന്നലെ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണം അതിര്‍ത്തി കടന്നുള്ളതല്ലെന്ന് ഇറാന്‍. ഇറാഖിലെ യുഎസ് വ്യോമമേഖലയില്‍ നിന്നാണ് ആക്രമണം നടത്തിയത് എന്നാണ് ഇറാന്‍ സേനയുടെ പ്രതികരണം. ഇറാന്റെ അതിര്‍ത്തിയുടെ 100 കിലോമീറ്റര്‍ പരിധിയില്‍ പോലും ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ എത്തിയിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കുന്നു.
ആക്രമണത്തില്‍ ഇറാന്റെ റഡാര്‍ സംവിധാനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അതിര്‍ത്തി പ്രവിശ്യകളിലെയും ടെഹ്‌റാനിലുമുള്ള റഡാര്‍ സംവിധാനങ്ങള്‍ക്കാണ് തകരാറ് സംഭവിച്ചത്. തകരാറ് പരിഹരിക്കുകയോ പുതിയവ സ്ഥാപിക്കുകയോ ചെയ്തിട്ടുണ്ടെന്നും സൈന്യം പറഞ്ഞു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ ആണ് സൈന്യത്തെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഒക്ടോബർ ഒന്നിലെ മിസൈൽ ആക്രമണത്തിനു മറുപടിയായാണ് ഇസ്രയേൽ ഇന്നലെ ഇറാനെ ആക്രമിച്ചത്. ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യംവച്ചാണ് മിസൈല്‍ ആക്രമണം നടന്നത്. എന്നാല്‍ ആണവ-എണ്ണ കേന്ദ്രങ്ങളെ ആക്രമിച്ചില്ല. ആക്രമണത്തിൽ നാല് പട്ടാളക്കാർ കൊല്ലപ്പെട്ടെന്ന് ഇറാൻ സൈന്യം അറിയിച്ചു.
എന്നാല്‍ കരുതിയുള്ള പ്രതികരണങ്ങളാണ് അറബ് രാഷ്ട്രങ്ങൾ നടത്തിയത്. മേഖലയിൽ സംഘർഷം വർധിപ്പിക്കുന്നതിനെ എതിർക്കുന്നെന്ന് സൗദി അറേബ്യ പറഞ്ഞപ്പോള്‍ ഖത്തർ, യുഎഇ, ഒമാൻ കുവൈത്ത് രാജ്യങ്ങൾ ആശങ്കയറിയിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇസ്രയേലിനെ തിരിച്ചാക്രമിച്ച് വീണ്ടും പ്രശ്നം വഷളാക്കരുതെന്നാണ് യുഎസും ബ്രിട്ടനും ഇറാനോട് ആവശ്യപ്പെട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here