ലബനനിൽ കരയുദ്ധം; ബെയ്‌റൂത്ത് തെക്കൻ ഭാഗങ്ങളിൽ ഇസ്രയേലിന്റെ ശക്തമായ ആക്രമണം

ലബനനിൽ കരയുദ്ധവുമായി ഇസ്രയേൽ. ലബനന്‍ അതിർത്തി കടന്ന് സൈന്യം ആക്രമണം തുടങ്ങി. ബെയ്‌റൂത്ത് തെക്കൻ ഭാഗങ്ങളിൽ ശക്തമായ ആക്രമണമാണ് നടക്കുന്നത്. മധ്യ ബയ്‌റൂത്തിലും ഇസ്രയേൽ ആക്രമണം നടത്തിയിട്ടുണ്ട്. ഇവിടെ പാർപ്പിടസമുച്ചയം തകർന്ന് ഒരാൾ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കരയുദ്ധത്തിന് മുന്നോടിയായി ഇസ്രയേൽ റിസര്‍വ് സേനാംഗങ്ങളെ തിരിച്ചുവിളിക്കുകയും കൂടുതൽ സൈനികരെയും ആയുധങ്ങളും ലബനൻ അതിർത്തിയിലെത്തിക്കുകയും ചെയ്തിരുന്നു. ഇസ്രയേൽ കരയുദ്ധത്തിനു തുനിഞ്ഞാൽ തിരിച്ചടിക്കാൻ പൂർണസജ്ജരാണെന്ന് ഹിസ്ബുള്ളയുടെ ഉപമേധാവി നയീം ഖാസിം പ്രസ്താവിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേൽ സൈന്യം അതിര്‍ത്തി കടന്നത്. അതേസമയം ഹിസ്ബുള്ളയുടെ പ്രധാന കമാൻഡർമാരെയെല്ലാം ഇസ്രയേൽ വധിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ബെകാ വാലിയിലുണ്ടായ ആക്രമണത്തിൽ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആറ് ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു. കോല പട്ടണത്തിലെ ആക്രമണത്തിൽ പലസ്തീൻ അനുകൂല സംഘടനയായ പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീന്റെ (പിഎഫ്എൽപി) മൂന്നുനേതാക്കൾ കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടു.

രണ്ടാഴ്ചത്തെ ആക്രമണങ്ങളിൽ ലബനനില്‍ ആയിരത്തിലേറെപ്പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആറായിരത്തിലേറെപ്പേർക്ക് പരിക്കേറ്റു. 10 ലക്ഷം പേർ അഭയാർഥികളായി. ഒരാഴ്ചകൊണ്ട് ലബനനിൽനിന്ന് സിറിയയിലേക്ക് ഒരുലക്ഷംപേരാണ് പലായനം ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top