ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ വ്യോമാക്രമണം; പൗരന്മാരുടെ സുരക്ഷക്ക് അടിയന്തിരാവസ്ഥ

ലെബനൻ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള സംഘർഷം ശക്തമാകുന്നു. ഇസ്രയേലിന്റെ സുപ്രധാന സൈനിക കേന്ദ്രങ്ങൾക്കു നേരെ സ്ഫോടകശേഷിയുള്ള 320 ലധികം റോക്കറ്റുകൾ വിക്ഷേപിച്ചെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടു. കഴിഞ്ഞ മാസം ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ഥാപക നേതാക്കളിലൊരാളായ ഫൗദ് ഷുക്ർ കൊല്ലപ്പെട്ടിരുന്നു. അതിൻ്റെ പ്രതികാര നടപടിയുടെ ഭാഗമായിരുന്നു ഹിസ്ബുള്ളയുടെ ആക്രമണം.

ഞായറാഴ്ച പുലർച്ചെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്കു നേരെ ഇസ്രയേലും തിരിച്ചടിച്ചു. ഇന്ന് രാവിലെ ആറുമണി മുതൽ ഇസ്രയേലിൽ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രതിരോധമന്ത്രി യോവ് ഗാലൻ്റ് അറിയിച്ചു.രാജ്യത്തെ ജനതക്ക് നേരെ വൻതോതിലുള്ള ആക്രമണം ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ലെബനനു നേർക്കുള്ള സൈനിക നടപടിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഹിസ്ബുള്ളയുടെ റോക്കറ്റുകളെ ഇസ്രയേൽ പ്രതിരോധ സംവിധാനമായ അയൺ ഡോം തകർക്കുന്നതിന്റെ വീഡിയോകളും പുറത്തുവിട്ടു. വടക്കൻ ഇസ്രയേലിനെ ലക്ഷ്യമാക്കി വന്ന നൂറുകണക്കിന് റോക്കറ്റുകൾ തകർത്തതായി ഇസ്രയേൽ സൈനിക വക്താവ് ലെഫ്റ്റനൻ്റ് കേണൽ നദവ് ഷോഷാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മിസൈലുകളും റോക്കറ്റുകളും തൊടുത്തുകൊണ്ടുള്ള വലിയ ആക്രമണം നടത്താൻ ഹിസ്ബുള്ള തയ്യാറെടുക്കുകയാണ് എന്നാണ് ഇസ്രയേൽ സൈന്യത്തിൻ്റെ ആരോപണം. സാധാരണ പൗരന്മാർക്കു നേരെ ആക്രമണം നടത്താനായിരുന്നു തീവ്രവാദ സംഘടനയുടെ നീക്കം. ഇതിനെ പ്രതിരോധിക്കാൻ ലെബനനിലെ ഭീകരരുടെ താവളങ്ങൾക്ക് നേരെ സൈന്യം സ്വയം പ്രതിരോധത്തിൻ്റെ ഭാഗമായി ആക്രമണം നടത്തുകയായിരുന്നു എന്നാണ് ഇസ്രയേല്‍ നല്‍കുന്ന വിശദീകരണം.

സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിൻ്റെ അവകാശത്തെ അംഗീകരിക്കുന്നതായി അമേരിക്ക പറഞ്ഞു. ഇറാൻ പിന്തുണയുള്ള തീവ്രവാദ സംഘടനക്ക് എതിരായ നീക്കങ്ങൾക്ക് പൂര്‍ണ പിന്തുണയും യുഎസ് സുരക്ഷാ കൗൺസിൽ വക്താവ് സീൻ സാവെറ്റ് വാഗ്ദാനം ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top