ഹിസ്ബുള്ളയുടെ നേതൃനിരയെ ഒന്നാകെ തുടച്ചുനീക്കി ഇസ്രയേൽ; പത്തിലധികം കമാൻഡർമാരെ കൊന്നൊടുക്കി

ലെബനനിലെ ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്‌റല്ല ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതോടെ സംഘടനയുടെ തലപ്പത്ത് ആരെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നാണ് ലോകം അന്വേഷിക്കുന്നത്. ഹിസ്ബുള്ളയുടെ നേതൃനിരയിലുണ്ടായിരുന്ന മിക്കവാറും എല്ലാ കമാൻഡർമാരെയും വ്യോമാക്രമണങ്ങളിൽ ഇസ്രയേല്‍ ഡിഫൻസ് ഫോഴ്സ് (IDF) തുടച്ചു നീക്കിയതോടെ കപ്പിത്താൻ നഷ്ടപ്പെട്ട കപ്പലിൻ്റെ അവസ്ഥയായി.

32 വർഷമായി ഹിസ്ബുള്ളയുടെ തലവനായിരുന്ന ഹസൻ നസ്റല്ല വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു എന്നാണ് ഇസ്രയേൽ സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ രാഷ്ട്രീയമായും സൈനികമായും നിർണായക ശക്തിയായി ഹിസ്ബുള്ള വളർന്നു കഴിഞ്ഞിരുന്നു. ഇസ്രയേലിനെതിരെ നിരന്തര പോരാട്ടം മുന്നിൽ നിന്ന് നയിച്ച വ്യക്തിയായിരുന്നു നസ്റല്ല.

ഹിസ്ബുള്ളയുടെ നേതൃനിരയിലുണ്ടായിരുന്ന നസ്റല്ലയടക്കം പ്രധാനപ്പെട്ട 10 കമാൻഡർമാരെയാണ് ഇസ്രയേൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തുടച്ചു മാറ്റിയത്.

അലി കാർക്കി

ഹിസ്ബുള്ളയുടെ തെക്കൻ പ്രവിശ്യാ കമാണ്ടറായിരുന്ന അലികാർക്കിയും വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തിൽ നസ്റല്ലക്കൊപ്പം കൊല്ലപ്പെട്ടു എന്നാണ് കരുതുന്നത്. ഹിസ്ബുള്ളയുടെ തെക്കൻ പ്രവിശ്യാ മിസൈൽ യൂണിറ്റിൻ്റെ ചുമതല വഹിച്ചിരുന്നത് അലി കാർക്കിയായിരുന്നു.

മുഹമ്മദ് അലി ഇസ്മായേൽ

മറ്റൊരു മിസൈൽ യൂണിറ്റിൻ്റെ മേധാവി മുഹമ്മദ് അലി ഇസ്മായീൽ അടക്കം ഒരുപറ്റം നേതാക്കളെയും കമാൻഡർമാരെയും കൊന്നൊടുക്കിയെന്നാണ് ഇസ്രയേൽ ടെലിഗ്രാം ഗ്രൂപ്പിൽ നൽകിയ സന്ദേശത്തിൽ വ്യക്തമാക്കിയത്. ഇസ്മായേലിൻ്റെ നേതൃത്വത്തിൽ പല ഓപ്പറേഷനുകളും ഇസ്രയേലിനെ ലക്ഷ്യമാക്കി നടത്തിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച ഇസ്രയേലിലേക്ക് ഉപരിതല മിസൈൽ അയച്ച വ്യക്തിയാണ് അലി ഇസ്മായേലെന്നും ടെലിഗ്രാം സന്ദേശത്തിൽ പറയുന്നുണ്ട്.

ഇബ്രാഹിം മുഹമ്മദ് ഖബിസി

റോക്കറ്റ് ആക്രമണത്തിലെ വിദഗ്ധനും ഹിസ്ബുല്ലയുടെ മിസൈൽ – റോക്കറ്റ് മേധാവിയുമായ ഇബ്രഹിം മുഹമ്മദ് ക്വാസിബിയും നസ്റല്ലയോടൊപ്പം കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്. ഇസ്രയേലിനെതിരെ നടന്നിട്ടുള്ള നിരവധി റോക്കറ്റ് ആക്രമണത്തിൻ്റെ സൂത്രധാരനായിരുന്നു ഇയാൾ.

ഇബ്രാഹിം ഖുബൈസി

കഴിഞ്ഞ ബുധനാഴ്ച ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ റോക്കറ്റ് ഡിവിഷൻ്റെ ചുമതലയുള്ള കമാൻഡറായ ഇബ്രാഹിം ക്വാസിബിയും കൊല്ലപ്പെട്ടതായാണ് വിവരം.

ഇബ്രാഹിം അക്വിൽ

സെപ്റ്റംബർ 20ന് ഇസ്രയേൽ നടത്തിയ ഓപ്പറേഷനിലാണ് ഹിസ്ബുള്ളയുടെ ഓപ്പറേഷൻ കമാൻഡർ എന്നറിയപ്പെട്ടിരുന്ന ഇബ്രാഹിം അക്വിലും കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ ഏറ്റവും ഉയർന്ന സൈനിക സമിതിയായ ജിഹാദ് കൗൺസിൽ അംഗമായിരുന്നു അക്വിൽ. 1983 ഏപ്രിലിൽ ബെയ്റൂട്ടിലെ അമേരിക്കൻ എംബസിക്കു നേരെ നടത്തിയ ട്രക്ക് ബോംബ് ആക്രമണത്തിൻ്റെ സൂത്രധാരനായിരുന്നു ഇയാൾ. സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്ക് എംബസി കെട്ടിടത്തിലേക്ക് ഇടിച്ചു കയറ്റി 64 പേരെ കൊലപ്പെടുത്തി. ആറ് മാസം കഴിഞ്ഞ് യുഎസ് സേനയുടെ ബാരക്കിന് നേരെ നടത്തിയ ആക്രമണത്തിൽ 241 പേരാണ് കൊല്ലപ്പെട്ടത്. ഈ രണ്ട് ആക്രമണങ്ങളുടേയും നേതൃത്വം അക്വിലിനായിരുന്നു.

അഹമ്മദ് വാഹ്ബി

ഹിസ്ബുല്ലയുടെ റഡ്വാൻ സ്പെഷ്യൽ ഫോഴ്സിൻ്റെ ചുമതല വഹിച്ചിരുന്ന അഹമ്മദ് വാഹ്ബി സെപ്റ്റംബർ 20ന് നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ നേതൃത്വത്തിലാണ് ഇസ്രയേലിനെതിരെ ഈ വർഷം ആദ്യം ഗാസയിൽ ആക്രമണം അഴിച്ചു വിട്ടത്.

ഫൗദ് ഷുക്ര്‍

കഴിഞ്ഞ ജൂലൈ 30ന് ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഫൗദ് ഷുക്ര്‍ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്ള മേധാവി ഹസൻ നസ്റല്ലയുടെ വലംകൈയായിരുന്നു ഇയാൾ. 40 വർഷം മുമ്പ് ഇറാൻ്റെ സഹായത്തോടെ ഹിസ്ബുള്ള രൂപീകരിച്ചപ്പോൾ മുതൽ നേതൃനിരയിലെ പ്രമുഖനാണ് ഷുക്ർ. ബേറൂട്ടിലെ അമേരിക്കൻ സൈനിക താവളം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ആക്രമിച്ച് 241 പേരെ കൊലപ്പെടുത്തിയ ഓപ്പറേഷന് നേതൃത്വം കൊടുത്ത പ്രമുഖരിൽ ഒരാളായിരുന്നു.

മുഹമ്മദ് നാസർ

ജൂലൈ മൂന്നിന് തെക്കൻ ലെബനിൽ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട കമാൻഡർമാരിലെ പ്രമുഖനാണ് മുഹമ്മദ് നാസർ. ഹിസ്ബുള്ളയുടെ മുൻനിര കമാൻഡർമാരിലൊരാളായ നാസർ ഒട്ടനവധി ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെന്ന് ഇസ്രയേൽ വെളിപ്പെടുത്തുന്നുണ്ട്.

താലിബ് അബ്ദുള്ള

ഈ വർഷം ജുൺ 12ന് ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ തെക്കൻ ലെബനൻ കമാന്‍ഡ് കൺട്രോൾ യൂണിറ്റിൻ്റെ ചുമതലയുണ്ടായിരുന്ന താലിബ് അബ്ദുള്ള കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ മധ്യ- തെക്കൻ യൂണിറ്റുകളുടേയും ചുമതലയും ഇയാൾ വഹിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top