ഗൂഗിൾ മാപ്പ് ഡിസേബിൾ ചെയ്തു; നടപടി ഇസ്രയേൽ അഭ്യർത്ഥന പ്രകാരം
ടെൽ അവീവ്: ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള കരയുദ്ധം ഉടന്‍ ശക്തമാകുമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലൈവ് ട്രാഫിക് വിവരങ്ങൾ ഗൂഗിൾ മാപ് ഡിസേബിൾ ചെയ്യാന്‍ തീരുമാനിച്ചതായി റിപ്പോർട്ട്. ഇസ്രയേൽ സൈന്യത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ഗൂഗിളിൻ്റെ നടപടിയെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. മാപ്, വിസ് ആപ്പ് എന്നിവയാണ് ഗൂഗിൾ ഡിസേബിൾ ചെയ്യാനൊരുങ്ങുന്നത്.
“സംഘർഷ സാഹചര്യങ്ങളിൽ ഞങ്ങൾ ഇത് നേരത്തെയും ചെയ്തിട്ടുണ്ട്. ലൈവ് ട്രാഫിക് സാഹചര്യങ്ങൾ കാണാനുള്ള സൗകര്യങ്ങൾ താത്കാലികമായി ഡിസേബിൾ ചെയ്യുകയാണ്. പ്രാദേശിക സമൂഹങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് നടപടി” – ഗൂഗിൾ വ്യക്താവ് അറിയിച്ചു.
ഇസ്രയേൽ പ്രതിരോധ സേനയുടെ അഭ്യർത്ഥന അനുസരിച്ചാണ് ഇസ്രയേലിലെയും ഗാസയിലെയും റിയൽ ടൈം ക്രൗഡിങ് ഡാറ്റ ഗൂഗിൾ എടുത്തു കളയുന്നതെന്ന് ബ്ലും ബർഗ് റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേൽ സേനയുടെ നീക്കങ്ങൾ മുൻകൂട്ടി അറിയാൻ ലൈവ് ട്രാഫിക് വിവരങ്ങൾ സഹായകമാകും. ഇത് കണക്കിലെടുത്താണ് തീരുമാനം. കഴിഞ്ഞ വർഷം യുക്രൈനിൽ റഷ്യ നടത്തിയ അധിനിവേശത്തിലും ലൈവ് ഡാറ്റ ഗൂഗിൾ മാപ്പ് ഡിസേബിൾ ചെയ്തിരുന്നു.
അതേ സമയം, കരയുദ്ധം ശക്തമാക്കുന്നതിൻ്റെ ഭാഗമായി മൂന്നു ലക്ഷം റിസർവ് സൈന്യത്തെയാണ് ഇസ്രയേൽ യുദ്ധമുഖത്തേക്ക് വിളിച്ചിട്ടുള്ളത്. ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കാനാണ് കരയാക്രമണം എന്നാണ് ഇസ്രായേൽ പറയുന്നത്. എന്നാൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ കരയുദ്ധത്തിൽ ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇസ്രയേലിനോട് വെടിനിർത്താൻ ആവശ്യപ്പെടില്ലെന്നും അമേരിക്ക വ്യക്തമാക്കി.
എല്ലാ ബന്ദികളെയും മോചിപ്പിക്കുംവരെ വെടിനിർത്തലിനെപ്പറ്റി ചർച്ചപോലും ഇല്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. കരയുദ്ധത്തെപ്പറ്റിയുള്ള ആശങ്കകളും പദ്ധതികളും ചര്‍ച്ച ചെയ്യാന്‍ മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയും അമേരിക്ക. ഇസ്രയേലിലേക്ക് അയച്ചിട്ടുണ്ട്. അതിനിടെ, കരയുദ്ധം ശക്തമായാൽ തങ്ങളുടെ എല്ലാ പൗരന്മാരെയും ഒഴിപ്പിക്കാൻ അമേരിക്ക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here