‘ഹമാസ് ഭീകരർ ‘ സിപിഎം നിലപാടിന് വിരുദ്ധമായി കെ.കെ. ശൈലജ; കടുത്ത സൈബർ ആക്രമണവുമായി ഒരു വിഭാഗം

തിരുവനന്തപുരം: ഇസ്രയേൽ – ഹമാസ് യുദ്ധത്തെ അപലപിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജക്ക് നേരെ സൈബർ ആക്രമണം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഹമാസിനെ ‘ഭീകരർ’ എന്ന് വിശേഷിപ്പിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

‘ഇസ്രയേലിൻ്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ഭീകരാക്രമണത്തെ മനസാക്ഷിയുള്ളവരെല്ലാം അപലപിക്കും’ എന്ന ഫേസ്ബുക്ക് പോസ്റ്റിലെ ഒരു വാചകമാണ് പ്രകോപനത്തിന് കാരണം. പലസ്തീൻ ജനത 1948 മുതൽ അനുഭവിക്കുന്നത് ഇതേ ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രയേലാണെന്നും ഇതേ കുറിപ്പിൽ പറയുന്നുണ്ടെങ്കിലും ഇത് വെറും ബാലൻസിംഗ് ആണെന്നാണ് വിമർശനം. അതേസമയം സംഘപരിവാർ അനുകൂലികൾ ശൈലജയുടെ പോസ്റ്റിന് പിന്തുണയുമായി എത്തുന്നുണ്ട്. ഇതോടെ ശൈലജയെ കെ.പി. ശശികലയുമായി ഉപമിക്കുകയാണ് വിമർശകർ. ഇത് ശൈലജ ടീച്ചറല്ല, ശശികല ടീച്ചറാണ് എന്നും അവർ പോസ്റ്റിനടിയിൽ കമൻ്റായി കുറിക്കുന്നുണ്ട്.

സിപിഎം പോളിറ്റ് ബ്യൂറോയും ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും പിബി അംഗം എം.എ. ബേബിയും അടക്കമുള്ളവർ പലസ്തീന് പിന്തുണയുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ശൈലജ പാർട്ടിക്ക് ഘടക വിരുദ്ധ നിലപാടുമായി രംഗത്ത് വന്നത്. സ്വതന്ത്ര പലസ്തീൻ എന്നതാണ് സിപിഎം നിലപാട്. അതിനാൽ ഔദ്യോഗിക പാര്‍ട്ടി മാധ്യമങ്ങളോ നേതാക്കളോ ഹമാസ് നടത്തുന്നത് ഭീകര പ്രവര്‍ത്തനമായി വിശേഷിപ്പിക്കാറില്ല. “ഹമാസ് നടത്തിയ ആക്രമണത്തിന് ഇസ്രയേൽ നടത്തുന്ന തിരിച്ചടിയെന്ന മാധ്യമ വാർത്തകൾ ശരിയല്ല. ഇസ്രയേൽ നടത്തിയ പ്രകോപനങ്ങളോടുള്ള പ്രതികരണമാണ് ഹമാസ് നടത്തിയത്” എന്നായിരുന്നു എം.എ.ബേബിയുടെ പ്രതികരണം.

ശൈലജയുടെ പരാമർശത്തെ കേട്ടാലറയ്ക്കുന്ന തെറിവിളികളുമായും ഒരു വിഭാഗം ആക്രമിക്കുന്നുണ്ട്. ഹമാസല്ല കമ്മ്യൂണിസ്റ്റുകളാണ് ഏറ്റവും വലിയ തീവ്രവാദികൾ എന്നും ശൈലജയുടെ പോസ്റ്റിനെ കടന്നാക്രമിക്കുന്നവർ പറയുന്നു. പോസ്റ്റ് ഉടൻ എഡിറ്റ് ചെയ്യുമെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ അഭിവാദ്യങ്ങൾ എന്നും പരാമർശത്തെ അനുകൂലിക്കുന്നവരും കമൻ്റായി കുറിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top