ഇസ്രയേല്‍ ക്ഷണം മലയാളി സ്വീകരിക്കുമോ? നിലപാട് എടുക്കാനാകാതെ രാഷ്ട്രീയ നേതൃത്വങ്ങൾ; ചർച്ച ചെയ്യണമെന്ന് ഡിവൈഎഫ്ഐ; മുഖം തിരിച്ച് ‘ഒഡെപെക്’

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: ഇസ്രയേലുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന തൊഴില്‍ സാധ്യതയുടെ കാര്യത്തിൽ നിലപാട് എടുക്കാനാകാതെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം. പലസ്തീനുമായുള്ള സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ വർക്ക് പെർമിറ്റ് റദ്ദാക്കിയ 90,000 പാലസ്തീൻകാർക്ക് പകരം ഒരു ലക്ഷം ഇന്ത്യൻ തൊഴിലാളികളെ നിയമിക്കണമെന്നാണ് ഇസ്രയേലില്‍ നിന്ന് ഉയര്‍ന്നിട്ടുള്ള ആവശ്യം. ഇസ്രയേല്‍ നിര്‍മ്മാണ മേഖലയാണ് ടെല്‍ അവീവ് സര്‍ക്കാരിനോട് ഇന്ത്യന്‍ തൊഴിലാളികളെ ആവശ്യപ്പെട്ടത്. ഇസ്രായേൽ ബിൽഡേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഹെയിം ഫെയ്ഗ്ലിൻ വോയ്സ് ഓഫ് അമേരിക്കയോട് പറഞ്ഞ വിവരമായാണ് ഇത് പുറത്തുവന്നത്. ഇതോടെ ആഗോള തലത്തില്‍ തന്നെ ഇസ്രയേല്‍ ക്ഷണം വാര്‍ത്തയായി.

പലസ്തീന്‍ കാര്യത്തില്‍ ഇന്ത്യന്‍ നയം തിരുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ ഇടപെട്ടത്. ഇന്ത്യ ഇസ്രയേലിനൊപ്പമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യമേ പ്രഖ്യാപിച്ചത്. ഇതും ക്ഷണത്തിന് ഒരു കാരണമാണ്. ഇസ്രയേല്‍ പട്ടാളക്കാര്‍ക്ക് യൂണിഫോം കണ്ണൂരില്‍ നിന്നും നിര്‍മ്മിച്ച് അയക്കുന്നത് വാര്‍ത്തയായതിനെ തുടര്‍ന്ന് അത് റദ്ദ് ചെയ്യപ്പെട്ടിരുന്നു. ഇസ്രയേല്‍ ഇത് കണക്കിലെടുത്തില്ലെന്നത് പുതിയ ക്ഷണം സൂചന നല്‍കുകയും ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ തൊഴിലാളികളെയാണ് ആവശ്യപ്പെട്ടതെങ്കിലും കേരളത്തിനാണ് വലിയ അവസരം വരുന്നത്. പരിചയ സമ്പന്നരായ തൊഴിലാളികള്‍ കേരളത്തിലുണ്ട്. മിക്കവരും ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്ത് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് വന്നവരാണ്. ഈ തൊഴിലാളികളില്‍ വലിയ പങ്ക് ഇപ്പോഴും തൊഴില്‍രഹിതരാണ്. ഗള്‍ഫില്‍ ജോലി ചെയ്ത ഇന്ത്യക്കാരെയാണ് ഇസ്രയേല്‍ തേടുന്നത്. അന്താരാഷ്‌ട്ര തൊഴില്‍ നിയമങ്ങള്‍ ഇവര്‍ക്ക് മറ്റാരെക്കാളും നന്നായി അറിയാം.

ജോലിയില്ലാത്ത യുവാക്കളുടെ വന്‍ നിര കേരളത്തില്‍ വേറെയുമുണ്ട്. അതുകൊണ്ട് തന്നെ ഇസ്രയേലില്‍ നിന്നും ഇത്തരം ഒരു ആവശ്യം ഉയര്‍ന്നു വരുമ്പോള്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തില്‍ ആശയക്കുഴപ്പം വ്യക്തമാണ്. വ്യക്തിപരമായ പ്രതിഷേധം മാത്രമാണ് ചില നേതാക്കള്‍ പ്രകടിപ്പിക്കുന്നത്. തൊഴിലില്ലാത്ത അസംതൃപ്തര്‍ എതിരെ തിരിയുമോ എന്ന സംശയമാണ് രാഷ്ട്രീയ നേതൃത്വത്തെ അലട്ടുന്നത്. തൊട്ടാല്‍ പൊള്ളുന്ന വിഷയമായതിനാല്‍ പാര്‍ട്ടികള്‍ക്കകത്ത് ഈ കാര്യത്തില്‍ ചര്‍ച്ച വന്നിട്ടില്ല. ഈ പ്രശ്നം ചൂട് പിടിച്ച ചര്‍ച്ചയായിട്ടും മുസ്ലിം ലീഗ് പോലും ഈ കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമായ ഘട്ടത്തിലാണ് ഇസ്രയേലിലേക്ക് തൊഴിലാളികളെ വേണം എന്ന ആവശ്യം ഉയര്‍ന്നുവന്നിരിക്കുന്നത്. 10.5 ആണ് ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ ദേശീയ ശരാശരി. കഴിഞ്ഞ രണ്ട് വര്‍ഷത്തിന്നിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. ഈ ഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയാണെങ്കില്‍ ഏറ്റവുമധികം സാധ്യതകള്‍ മുന്നിലുള്ളത് കേരളത്തിനാണ്. ഗള്‍ഫ് നാടുകളില്‍ നിന്നും തിരിച്ചു വന്ന വിദഗ്ദ തൊഴിലാളികളില്‍ വലിയ പങ്ക് തൊഴില്‍രഹിതരാണ്. അതുകൊണ്ട് തന്നെ കേരളത്തിന് ഇത് വലിയ അവസരമാണ്. ഇന്ത്യാ-ഇസ്രയേല്‍ കരാര്‍ വരുമെങ്കില്‍ തൊഴിലാളികള്‍ സുരക്ഷിതരായിരിക്കും. ഉറപ്പുള്ള ജോലിയും കൈ നിറയെ കാശും സ്വന്തമാക്കാന്‍ കഴിയും. ഈ സംഘര്‍ഷ ഘട്ടത്തിലും ഒട്ടുവളരെ മലയാളികള്‍ ഇസ്രയേലിലുണ്ട്. കെയർഗിവർ മേഖലയിലാണ് മലയാളികള്‍ കൂടുതലും ജോലി ചെയ്യുന്നത്. കണ്‍സ്ട്രക്ഷന്‍ മേഖലയിലും കൃഷിയിലും സാന്നിധ്യവുമുണ്ട്.

കേരളത്തിലുള്ളവര്‍ ഇസ്രയേലില്‍ തൊഴില്‍ തേടി പോകുന്നതില്‍ ഒരഭിപ്രായം പറയാന്‍ ഏറ്റവും വലിയ യുവജന സംഘടനയായ ഡിവൈഎഫ്ഐക്ക് പോലും കഴിയുന്നില്ല. ” ഇതെല്ലാം സംഘടനയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. ചര്‍ച്ച വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഒരഭിപ്രായം പറയാന്‍ കഴിയില്ല”-ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. സമാനമായ അഭിപ്രായമാണ് സെക്രട്ടറിയായ വി.കെ.സനോജും മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞത്.

”ഇസ്രയേലിലേക്ക് ഇന്ത്യക്കാരെ അയക്കുന്നതില്‍ എതിരാണ്. താനാണ് ആദ്യമായി ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയത്- സിപിഐയുടെ രാജ്യസഭാ എംപി ബിനോയ്‌ വിശ്വം മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഇന്ത്യയില്‍ തൊഴിലില്ലായ്മ അതി രൂക്ഷമാണ്. സംഘര്‍ഷ സമയത്ത് ജോലി സുരക്ഷിതത്വം എത്രമാത്രമുണ്ട് എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഈ കാര്യത്തില്‍ നീക്കം നടത്തുന്നുണ്ട്. പ്രതിഷേധ സൂചകമായാണ് കത്ത് നല്‍കിയത്”-ബിനോയ്‌ വിശ്വം പറഞ്ഞു.

ഇസ്രയേലിലേക്ക് മലയാളികള്‍ പോകുന്ന കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ കീഴിലുള്ള വിദേശ റിക്രൂട്ടിംഗ് കമ്പനിയായ ‘ഒഡെപെക്’ മുഖം തിരിക്കുകയാണ്. ‘ഞങ്ങള്‍ അതിന് കൈകൊടുക്കില്ല’-ഒഡെപെക് ചെയര്‍മാന്‍ അഡ്വ.കെ.പി.അനില്‍കുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ‘തീരുമാനത്തിന് രാഷ്ട്രീയപരമായും അല്ലാതെയും കാരണമുണ്ട്’-അനില്‍ കുമാര്‍ പറയുന്നു.

”ഇന്ത്യ-ഇസ്രയേല്‍ ധാരണ വന്നാല്‍ കേരളത്തിന് ഗുണകരമാകും. ഇസ്രയേല്‍ ജോലി ഓഫര്‍ വന്നാല്‍ മലയാളികള്‍ തീര്‍ച്ചയായും സ്വീകരിക്കും. ഇവിടെ ജോലിയില്ലാത്ത അവസ്ഥയല്ലേ”. പ്രമുഖ നയതന്ത്രജ്ഞന്‍ ടി.പി.ശ്രീനിവാസന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ”അവിടെ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ സാധ്യത ഞാന്‍ കാണുന്നില്ല. പക്ഷെ അവസരം വന്നാല്‍ സംഘര്‍ഷം പോലും കണക്കിലെടുക്കാതെ മലയാളികള്‍ യാത്ര തിരിക്കും”-ശ്രീനിവാസന്‍ പറയുന്നു.

”ഇസ്രയേല്‍ മലയാളികള്‍ക്ക് സുരക്ഷിത ഇടമാണ്. ഒന്ന് മുതല്‍ രണ്ട് ലക്ഷം രൂപ വരെ മലയാളികള്‍ക്ക് ശമ്പളം ലഭിക്കുന്നുണ്ട്. പല രാജ്യങ്ങളിലുള്ളവരും ഇസ്രയേല്‍ വിട്ടിട്ടുണ്ട്. ആ ഒഴിവുകളില്‍ അവര്‍ ഇന്ത്യക്കാരെ ആഗ്രഹിക്കുന്നുണ്ട്. സംഘര്‍ഷം കഴിഞ്ഞാലേ ചിത്രം വ്യക്തമാകുകയുള്ളൂ”-ഈയിടെ ഇസ്രയേലില്‍ പോയി റിപ്പോര്‍ട്ട് ചെയ്ത് മടങ്ങിയ മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ ലക്ഷ്മണ്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

”ഇന്ത്യന്‍ തൊഴിലാളികളെ വേണം എന്ന ആവശ്യം ഇസ്രയേല്‍ ബില്‍ഡര്‍മാരില്‍ നിന്നും ഉയര്‍ന്നു വന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അത് പരിഗണിച്ചിട്ടില്ല എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. നിലവിലെ സാഹചര്യത്തില്‍ സുരക്ഷാ കാരണങ്ങള്‍ നോക്കി മാത്രമേ അവിടെ പോകാന്‍ സാധിക്കുകയുള്ളൂ”-ഗള്‍ഫ് കുടിയേറ്റ വിഷയങ്ങളില്‍ വിദഗ്ധനായ സാമൂഹ്യപ്രവര്‍ത്തകന്‍ റെജിമോന്‍ കുട്ടപ്പന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. തൊഴിലില്ലായ്മ ഇവിടെ രൂക്ഷമാണ്. സുരക്ഷാ പ്രശ്നങ്ങള്‍ ഉള്ളിടത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ വിസ നല്‍കില്ല-റെജിമോന്‍ പറയുന്നു.

ഇസ്രയേലുമായി തൊഴിലാളി പ്രശ്നത്തില്‍ നിലവില്‍ ഇന്ത്യ ചര്‍ച്ച നടത്തുന്നുണ്ട്. അതിനിടയിലാണ് ഇന്ത്യന്‍ തൊഴിലാളികളെ അടിയന്തിരമായി വേണം എന്ന ആവശ്യം അവിടുത്തെ നിര്‍മ്മാണ മേഖലയില്‍ നിന്നും ഉയര്‍ന്നത്. യുദ്ധം കഴിഞ്ഞ ശേഷമാകും ഈ കാര്യത്തില്‍ ഇന്ത്യ-ഇസ്രയേല്‍ ധാരണ വരാന്‍ സാധ്യത.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top