യുദ്ധം മുറുകുമ്പോഴും ടൂര്‍ പാക്കേജുമായി ഏജന്‍സികള്‍, വിശുദ്ധ നാടുകളിലേക്ക് ആളെ കൂട്ടാന്‍ പത്രപ്പരസ്യം; അപകടമില്ലെന്ന് പ്രതികരണം
സോന ജോസഫ്
ഇസ്രയേലില്‍ ഹമാസ് കടന്ന് കയറിയിട്ട് മൂന്ന് ദിവസം കഴിഞ്ഞിരിക്കുന്നു. തൊട്ട് പിന്നാലെ ഹമാസിനെതിരെ യുദ്ധപ്രഖ്യാപനം നടത്തി ഇസ്രയേല്‍ പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്തു. ഇപ്പോള്‍ ഇസ്രയേലിലും ഗാസയിലും നടക്കുന്നത് കൂട്ടക്കുരുതിയാണ്. ഞെട്ടിക്കുന്ന ദൃശ്യങ്ങളും മൃതദേഹങ്ങളോട് കാണിക്കുന്ന ക്രൂരതകളും കൊണ്ട് സമൂഹ മാധ്യമങ്ങള്‍ നിറഞ്ഞിരിക്കുന്നു. ഇതൊന്നും കേരളത്തിലെ വിശുദ്ധനാട്ടിലേക്ക് തീർത്ഥാടകരെ കൊണ്ട് പോകുന്ന ട്രാവല്‍ ഏജന്‍സികള്‍ അറിഞ്ഞിട്ടില്ലേ?
വിശുദ്ധനാട് സന്ദര്‍ശനം എന്ന പേരില്‍ ട്രാവല്‍ ഏജന്‍സികള്‍ ആളുകളെ പിടിക്കാന്‍ ഇപ്പോഴും നെട്ടോട്ടത്തിലാണ്. ഇന്ന് രാവിലെ കണ്ട പത്ര പരസ്യമാണ് അമ്പരപ്പിക്കുന്നത്. ജോര്‍ദാന്‍, പാലസ്തീന്‍, ഇസ്രയേല്‍, ഈജിപ്ത്, ബെത്‌ലഹേം തുടങ്ങിയ വിശുദ്ധ നാടുകളിലേക്കുള്ള ടൂര്‍ പാക്കേജുകളിലേക്കാണ് യാത്രക്കാരെ ക്ഷണിച്ചിരിക്കുന്നത്.
പരസ്യങ്ങള്‍ ഒരുപക്ഷെ മാസങ്ങള്‍ക്ക് മുന്‍പ് നല്കിയതാവാം. എന്നാല്‍ അച്ചടിച്ച് വന്നിരിക്കുന്നത് ഇന്നലേയും ഇന്നുമൊക്കെയാണ്. യുദ്ധം മൂർച്ഛിച്ചിരിക്കുന്ന സമയത്താണ് കേരളത്തില്‍ നിന്ന് ആളുകളെ കൊണ്ടുപോകാനായി ട്രാവല്‍ ഏജന്‍സികള്‍ വല വിരിച്ച് കാത്തിരിക്കുന്നത്. ഈ പരസ്യങ്ങളില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരു കുഴപ്പവുമില്ലെന്നുള്ള അമ്പരിപ്പിക്കുന്ന പ്രതികരണമാണ് മാധ്യമ സിന്‍ഡിക്കറ്റിനോട് ട്രാവല്‍ ഏജന്‍സികള്‍ നടത്തിയത്.
വിവിധ ക്രൈസ്തവ സഭാ നേതാക്കന്മാരുടെ നേതൃത്വത്തില്‍ നിരവധി ആളുകളാണ് ഹോളിലാന്‍ഡില്‍ എത്തുന്നത്. തീർത്ഥാടകരില്‍ പലരും 50 വയസ് മുകളിൽ പ്രായമുള്ളവരാണ്. നിലവില്‍ സന്ദര്‍ശനത്തിനായി പോയ ഒരുപാട് തീർത്ഥാടകര്‍ സംഘര്‍ഷ ഭൂമിയില്‍ കുടുങ്ങിക്കിടക്കുകയാണ്. തിരിച്ചു വരാനുള്ള അനുമതി ലഭിച്ചവര്‍ക്ക്, എന്നു മടങ്ങി വരാം എന്നതില്‍ അനിശ്ചിതത്തിലാണ്.
ശരാശരി 20,000 ത്തോളം പേരാണ് ഒരു വര്‍ഷം വിശുദ്ധനാട് സന്ദര്‍ശനത്തിനായി കേരളത്തില്‍ നിന്നും പശ്ചിമേഷ്യയിലേക്ക് പോകുന്നത്. ഇതിനു മാത്രമായി കേരളത്തില്‍ നിന്ന് 15ലധികം ട്രാവല്‍ ഏജന്‍സികളാനുള്ളത്. 50 പേരോളമടങ്ങുന്ന ഒരു ഗ്രൂപ്പാണ് ഒരു യാത്രയില്‍ പോകുന്നത്. ഇത്തരം 50ഓളം ഗ്രൂപ്പുകളാണ് ഒരു വര്‍ഷത്തില്‍ കേരളത്തില്‍ നിന്ന് ഹോളിലാന്‍ഡിലേക്ക് യാത്ര തിരിക്കുന്നത്. സെപ്തംബര്‍, ഒകടോബര്‍, നവംബര്‍ മാസങ്ങളാണ് വിശുദ്ധനാട് സന്ദര്‍ശനത്തിന്റെ പ്രധാന സീസണ്‍.
ഇസ്രയേലിനെതിരായ ഹമാസ് തീവ്രവാദി ആക്രമണത്തിന്‍റെ വെളിച്ചത്തിൽ സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടി ടെൽ അവീവുമായുള്ള വിമാന സർവീസുകൾ പല അന്താരാഷ്ട്ര വിമാനക്കമ്പനികളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംഘര്‍ഷ ഭൂമിയിലേക്ക് ടൂറിസ്റ്റുകളെ ക്ഷണിച്ച് ട്രാവല്‍ ഏജന്‍സികള്‍ വലയും വിരിച്ച് കാത്തിരിക്കുന്നത്.