ഇസ്രായേല്‍ പോലീസ് യൂണിഫോം ഒരുക്കുന്നത് കണ്ണൂരില്‍, വര്‍ഷം തോറും ഒരു ലക്ഷം ജോഡിയുടെ കയറ്റുമതി
കണ്ണൂര്‍ : പാലസ്തീന്‍ ഇസ്രായേല്‍ യുദ്ധം സംബദ്ധിച്ച ചര്‍ച്ചകള്‍ ഒരു വശത്ത് നടക്കുമ്പോഴും ഇതൊന്നും പരിഗണിക്കാതെ ഇസ്രായേല്‍ പോലീസ് സേനയുപയോഗിക്കുന്ന യൂണിഫോമുകള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ് കണ്ണൂരിലെ ഒരു സ്ഥാപനം. കൂത്ത്പറമ്പിലെ കിന്‍ഫ്രാ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന മരിയന്‍ അപ്പാരല്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് 6 വര്‍ഷമായി ഈ യൂണിഫോമുകള്‍ നിര്‍മ്മിക്കുന്നത്. ഇസ്രായേലിലെ കരാര്‍ എടുത്ത കമ്പനിയാണ് യൂണിഫോം നിര്‍മ്മാണം ഈ കമ്പനിയ്ക്ക് ഉപകരാറായി നല്‍കിയിരിക്കുന്നത്. പ്രതിവര്‍ഷം ഒരു ലക്ഷത്തോളം ജോഡി യൂണിഫോമുകളാണ് ഈ കമ്പനിയുടെ ഫാക്ടറികളില്‍ ആയിരത്തിയഞ്ഞൂറോളം സ്ത്രീ തൊഴിലാളികള്‍ തയാറാക്കുന്നത്.
രണ്ട് തരം യൂണിഫോമുകള്‍.
ഇസ്രായേല്‍ പോലീസിനായി രണ്ട് തരം യൂണിഫോമുകളാണ് ഇവിടെ തയാറാക്കുന്നത്. ഇളം നീല നിറത്തിലുള്ളതും കടും നീല നിറത്തിലുള്ളത്. ഫുള്‍ക്കൈ ഷര്‍ട്ടില്‍ ഇരട്ട പോക്കറ്റും ഉള്‍പ്പെടെയാണ് യൂണിഫോമിന്റെ ഡിസൈന്‍. കരാര്‍ നല്‍കിയ കമ്പനി നല്‍കിയ ഡിസൈന്‍ അനുസരിച്ചാണ് യൂണിഫോമുകള്‍ തയാറാക്കുന്നത്. ഇതില്‍ പതിപ്പിക്കേണ്ട ഔദ്യോഗിക ചിഹ്നവും ഇവിടെ കരാര്‍ കമ്പനി എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്. യൂണിഫോമിനുള്ള തുണി അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനൊപ്പം മരിയന്‍ അപ്പാരല്‍സിന്റെ മില്ലില്‍ നിര്‍മ്മിക്കുകയും ചെയ്യുന്നുണ്ട്. പുരുഷ വനിതാ പോലീസുകാരുടേയും ജയില്‍ പോലീസിന്റേതുമായാണ് വിവിധ ഡിസൈനിലുള്ള യൂണിഫോമുകള്‍.
ക്വാളിറ്റി പരിശോധനയ്ക്ക് പ്രത്യേക സംഘം.
ഇസ്രായേലില്‍ നിന്നുള്ള പ്രത്യേക സംഘം എത്തിയാണ് പോലീസ് യൂണിഫോമിന്റെ ഗുണനിലവാരം ഉറപ്പിച്ചത്. കരാര്‍ നല്‍കിയ സമയത്തായിരുന്നു പ്രത്യേക സംഘംമെത്തിയത്. നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മെറ്റീരിയല്‍ മുതല്‍ സ്റ്റിച്ചിങ്ങ് യൂണീറ്റ് വരെ പരിശോധിച്ച ശേഷമാണ് സംഘം കരാര്‍ ഉറപ്പിച്ചത്. ഈ കരാറാണ് ആറ് വര്‍ഷമായി തുടരുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂണിഫോമിന്റെ ഓഡര്‍ വര്‍ദ്ധിച്ചിട്ടില്ലെന്ന് മരിയന്‍ അപ്പാരല്‍സ് ഫാക്ടറി മാനേജര്‍ ഷിജിന്‍ കുമാര്‍ വ്യക്തമാക്കി. എല്ലാ വര്‍ഷവും ലഭിക്കുന്ന ഒരു ലക്ഷം ഓഡര്‍ തന്നെയാണ് ഇത്തവണയും ലഭിച്ചിരിക്കുന്നത്. ഇത് പൂര്‍ത്തിയാക്കാനുള്ള പരിശ്രമത്തിലാണ് തൊഴിലാളികളെന്നും ഷിജിന്‍ പറഞ്ഞു. മുബൈ ആസ്ഥാനമായ മരിയന്‍ അപ്പാരല്‍സിന്റെ എം.ഡി തൊടുപുഴ സ്വദേശിയായ തോമസ് ഓലിക്കലാണ്. 2006ല്‍ തിരുവനന്തപുരാണ് മരിയന്‍ അപ്പാരല്‍സ് തിരുവനന്തപുരത്ത് സ്റ്റിച്ചിങ്ങ് ഫാക്ടറി ആരംഭിച്ചത്. ഇത് 2008ല്‍ കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ജോലി ചെയ്യുന്ന1500 ജീവനക്കാരില്‍ ആയിരത്തി ഇരുന്നൂറിലധികവും സ്ത്രീകളാണ്. ബീഡി നിര്‍മ്മാണ മേഖലകളിലടക്കം ജോലി ചെയ്തിരുന്നവരായിരുന്നു ഇവര്‍. ബീഡി നിര്‍മ്മാണ മേഖലയുടെ തകര്‍ച്ചയോടെ തൊഴില്‍ രഹിതരായവരെ പുനരധിവസിപ്പിക്കാനായി സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കമ്പനി സ്റ്റിച്ചിങ്ങ് യൂണിറ്റ് ഇവിടേക്ക് മാറ്റിയത്.
കയറ്റുമതി മറ്റ് രാജ്യങ്ങളിലേക്കും.
ഇസ്രായേല്‍ പോലീസിന്റേത് കൂടാതെ ഖത്തര്‍ എയര്‍ഫോഴ്‌സ്, കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്‌സ്,കുവൈത്ത് ഫയര്‍ഫോഴ്‌സ്, ഫിലിപ്പേന്‍ പട്ടാളം എന്നീവരുടെ യൂണിഫോമുകളും ഈ ഫാക്ടറിയിലാണ് തയാറാക്കുന്നത്. ഇത് കൂടാതെ വിവിധ രാജ്യങ്ങളിലേക്ക് ആശുപത്രി ഉപയോഗത്തിനുള്ള തുണികളും ഇവിടെ നിന്ന് നിര്‍മ്മിച്ച് കയറ്റിയയ്ക്കുന്നുണ്ട്. 50 കോടി മുതല്‍ 70 കോടി വരെയാണ് കമ്പനിയുടെ വാര്‍ഷിക വരുമാനം.