100 ജെറ്റുകൾ; 20 ലക്ഷ്യങ്ങൾ; ഇറാനെ ഞെട്ടിച്ച് ഇസ്രയേല്‍ ആക്രമണം; വന്‍ തിരിച്ചടിക്ക് ഒരുങ്ങി ഇറാന്‍

ഒക്ടോബര്‍ ഒന്നിന്റെ ആക്രമണത്തിനുള്ള തിരിച്ചടി എന്ന നിലയ്ക്കാണ് ഇന്ന് ഇസ്രയേല്‍ ഇറാന്റെ സൈനിക ലക്ഷ്യങ്ങള്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ചത്. ഇസ്രയേലിന് നേരെ ഏകദേശം 200 ബാലിസ്റ്റിക് മിസൈലുകളാണ് അന്ന് ഇറാന്‍ അയച്ചത്. വലിയ നാശം വിതച്ച ആക്രമണമാണ് ഇറാന്‍ നടത്തിയത്.
നൂറു യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് 20 ഇറാന്‍ ലക്ഷ്യങ്ങളിലേക്കാണ് ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടത്. മൂന്നു തവണയായാണ് ഈ ആക്രമണം നടന്നത്. ഇസ്രയേല്‍ ആക്രമണത്തിന് വന്‍ തിരിച്ചടി നല്‍കാനാണ് ഇറാന്‍ ഒരുങ്ങുന്നത് എന്ന് സൂചനയുണ്ട്. ഇസ്രയേലിന്റെ ടെല്‍നോഫ് വ്യോമതാവളത്തില്‍ മിസൈല്‍ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടിട്ടുണ്ട്.
അഞ്ചാം തലമുറ എഫ്-15ഐ അറ്റാക്ക് ജെറ്റുകൾ, എഫ്-35 അഡിർ ഫൈറ്റർ ജെറ്റുകൾ, എഫ്-16ഐ ഡിഫൻസ് ജെറ്റുകൾ എന്നിവയാണ് ഇസ്രയേല്‍ ആക്രമണത്തിന് ഉപയോഗിച്ചത്. ഇറാന്‍റെ റഡാർ, വ്യോമ പ്രതിരോധ സൗകര്യങ്ങൾ, മിസൈല്‍ കേന്ദ്രങ്ങള്‍ എന്നിവയാണ് തിരഞ്ഞുപിടിച്ച് ആക്രമിച്ചത്.
ഇറാന്റെ എണ്ണ സംഭരണികളേയും ആണവ കേന്ദ്രങ്ങളേയും ആക്രമിക്കാതിരിക്കാൻ ഇസ്രയേൽ ജാഗ്രത പുലർത്തി. അമേരിക്കയ്ക്ക് നല്‍കിയ വാക്കുപാലിക്കാന്‍ വേണ്ടിയായിരുന്നു ഇത്. പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ ഇന്നത്തെ ആക്രമണങ്ങളില്‍ മരിച്ചതായി ഇറാന്‍ പുറത്തുവിട്ട വിവരങ്ങളിലുണ്ട്. സൗദിയും പാകിസ്ഥാനും ഇസ്രയേല്‍ ആക്രമണത്തെ അപലപി ച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here