ഇസ്രയേല്‍ യുദ്ധവും കേരളത്തിലെ സ്വർണവിലയും തമ്മിലെന്ത്? കാരണം ഇതാണ്… എട്ട് മാസത്തിനിടയിൽ ഉണ്ടായത് ഞെട്ടിക്കുന്ന വർധനവ്
അന്താരാഷ്ട്ര സ്വർണവില സർവകാല റെക്കോർഡിൽ. 2,752 ഡോളറും മറികടന്ന് കുതിക്കുന്ന വില ഉടൻ 3,000 ഡോളർ കടക്കുമെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിച്ചില്ലെങ്കിൽ ഈ വർഷം ഡിസംബറോടെ അത് സംഭവിക്കുമെന്നാണ് വിലയിരുത്തലുകൾ. ഇക്വിറ്റി മാർക്കറ്റുകളിലെ ചാഞ്ചാട്ടങ്ങളും ക്രിപ്‌റ്റോ കറൻസിയുടെ മൂല്യമിടിയുന്നതും സ്വർണ വില കൂടുന്നതിന് മറ്റൊരു കാരണമായി കണക്കാക്കപ്പെടുന്നു.
ഇസ്രയേലിന്റെ ലെബനൻ, പലസ്തീൻ ആക്രമണവും ഇറാനുമായുള്ള ശീതയുദ്ധവും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. നടക്കാൻ പോകുന്ന അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പും സ്വർണ വിലയുടെ കുതിപ്പിന് പ്രധാന കാരണമാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണം വാങ്ങിക്കുട്ടുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ വർധിക്കുന്ന സ്വർണത്തിൻ്റെ ഡിമാൻ്റ് കേരളത്തിലും വില വർധനവിന് കാരണമായിട്ടുണ്ട്. നിലവിൽ ഒരു പവൻ സ്വർണത്തിൻ്റെ വില 58,720 രൂപ. കേരളത്തിൽ ഇന്നും സ്വർണ വില കൂടി പവന് 320 രൂപയുടെ വർധനവാണ് ഉണ്ടായത്. ഗ്രാമിന് 40 രൂപയും വർധിച്ച് വില 7300 രൂപയിൽ എത്തി.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കൂടിയത് 40,000 രൂപയാണെന്ന് കണക്കുകൾ പറയുന്നു. 2015 ആഗസ്റ്റ് ആറിനായിരുന്നു സമീപകാലത്തെ ഏറ്റവും കുറഞ്ഞ വില. അന്ന് 18,720 രൂപയാണ് ഒരു പവന് ഉണ്ടാക്കുന്നത്. ഈ വർഷം മാത്രം32 ശതമാനത്തിലധികം വില കൂടിയതായും കണക്കുകൾ വ്യക്തമാക്കുന്നു. എട്ടുമാസം കൊണ്ട് 13,200 രൂപയാണ് കൂടിയത്. ഈ വർഷം ഫെബ്രുവരി 15ന് 45,520 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here