ഹിസ്ബുള്ള മാധ്യമ മേധാവിയേയും വധിച്ച് ഇസ്രയേൽ; ഗാസയിലും ബെയ്റൂട്ടിലും ശക്തമായ ആക്രമണം
ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടു. റാസ് അൽ നബായിലെ സിറിയൻ ബാത്ത് പാർട്ടിയുടെ ലെബനൻ ശാഖ ഓഫീസിനു നേർക്കുണ്ടായ ആക്രമണത്തിലാണ് അഫീഫിനെ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) വധിച്ചത്. ആക്രമണത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു.
ബാത്ത് പാർട്ടിയുടെ ലെബനീസ് ബ്രാഞ്ച് സെക്രട്ടറി ജനറൽ അലി ഹിജാസി മുഹമ്മദ് അഫീഫിന്‍റെ മരണം സ്ഥിരീകരിച്ചു. പ്രാദേശിക, വിദേശ മാധ്യമപ്രവർത്തകരുമായി ബന്ധപ്പെട്ടിരുന്നതടക്കം വർഷങ്ങളായി ലെബനീസ് മീഡിയ റിലേഷൻസിന്‍റെ നേതൃത്വം വഹിച്ചിരുന്നത് അഫീഫായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ 27 ന് ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ളയുടെ മുൻ സെക്രട്ടറി ജനറൽ ഹസൻ നസ്റല്ലയുടെ ദീർഘകാല മാധ്യമ ഉപദേഷ്ടാവായിരുന്നു. സംഘടനയുടെ മീഡിയ മേധാവി സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് വർഷങ്ങളോളം ഹിസ്ബുള്ളയുടെ അൽ മനാർ ടെലിവിഷൻ സ്റ്റേഷൻ്റെ ചുമതലയും ഇദ്ദേഹത്തിനായിരുന്നു.
അതേസമയം ഗാസയിലെ ബെയ്ത് ലാഹിയയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 73 പേർ മരിച്ചു. ഇതിൽ ഒരു ഇസ്രയേൽ സൈനികനും ഉൾപ്പെടുന്നു. നിരവധി പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here