ISRO ചെയര്‍മാന്റെ ആത്മകഥ പിന്‍വലിച്ചു; തീരുമാനം മുന്‍ ചെയര്‍മാനെതിരെ പറഞ്ഞത് വിവാദമായപ്പോൾ; കോപ്പികള്‍ തിരികെ വിളിക്കുമെന്ന് പ്രസാധകർ

തിരുവനന്തപുരം: ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥിന്‍റെ ‘നിലാവു കുടിച്ച സിംഹങ്ങൾ’ എന്ന ആത്മകഥ പിന്‍വലിച്ചു. ഐഎസ്ആർഒ മുൻ ചെയർമാൻ കെ ശിവനെതിരെയുള്ള പുസ്തകത്തിലെ രൂക്ഷവിമർശനങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. മുഴുവന്‍ കോപ്പികളും തിരികെ വിളിക്കാനാണ് സോമനാഥ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
കോഴിക്കോടുള്ള ലിപി പബ്ളിക്കേഷന്‍സാണ് പുസ്തകം പുറത്തിറക്കിയത്. സോമനാഥിന്റെ നിര്‍ദ്ദേശപ്രകാരം പുസ്തകം പിന്‍വലിക്കുന്നതായി ലിപി ബുക്സ് പ്രസാധകന്‍ അക്ബര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഒരു കോപ്പിയും തത്കാലം ഇനി പുറത്ത് നല്‍കില്ലെന്നാണ് അക്ബര്‍ പറഞ്ഞത്.
താൻ ചെയർമാനാകുന്നത് തടയാൻ കെ. ശിവൻ ശ്രമിച്ചെന്നാണ് ‘നിലാവു കുടിച്ച സിംഹങ്ങളി’ല്‍ സോമനാഥ് വെളിപ്പെടുത്തിയത്. 2018ൽ ചെയർമാൻ മാറിയപ്പോൾ 60 വയസ് കഴിഞ്ഞ് എക്സ്റ്റൻഷനിൽ തുടരുകയായിരുന്ന കെ ശിവന്റെ പേരിനൊപ്പം തന്റെ പേരും പട്ടികയിലുണ്ടായിരുന്നു. തനിക്ക് പ്രതീക്ഷയുണ്ടയിരുന്നെങ്കിലും നറുക്ക് വീണത് ശിവനാണ്. അദ്ദേഹം ചെയർമാനായപ്പോള്‍ വിഎസ്എസ്‌സി ഡയറക്ടർ സ്ഥാനം തനിക്ക് ലഭിക്കേണ്ടതായിരുന്നു. മുൻ ഡയറക്ടർ ബിഎൻ സുരേഷ് ഇടപെട്ടതോടെയാണ് ആറ് മാസത്തിന് ശേഷം തനിക്ക് ആ നിയമനം ലഭിച്ചത്.
മൂന്ന് വർഷം ചെയർമാൻ സ്ഥാനത്തിരുന്ന് വിരമിക്കുന്നതിന് പകരം കാലാവധി നീട്ടിയെടുക്കാൻ ശിവൻ ശ്രമിച്ചു. അടുത്ത ചെയർമാനെ തിരഞ്ഞെടുക്കാൻ സമയമായപ്പോൾ യുആർ റാവു സ്‌പേസ് സെന്ററിന്റെ ഡയറക്ടറെ സ്‌പേസ് കമ്മിഷനിലേക്ക് കൊണ്ടുവന്നത് തനിക്ക് ചെയർമാൻ സ്ഥാനം കിട്ടില്ലെന്ന് ബോദ്ധ്യപ്പെടുത്താനായിരുന്നു എന്നാണ് തോന്നുന്നത്-‘ എസ് സോമനാഥ് ആത്മകഥയിൽ പറഞ്ഞു. ഈ പരാമര്‍ശങ്ങള്‍ വിവാദമായി തുടരുമ്പോള്‍ തന്നെയാണ് പുസ്തകം സോമനാഥ് തന്നെ ഇടപെട്ട് പിന്‍വലിച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here