ഐബി ഉന്നതന്‍ ഐഎസ്ആര്‍ഒ കേസില്‍ മുന്‍വൈരാഗ്യം തീര്‍ത്തെന്ന് നമ്പി നാരായണന്‍; ശ്രീകുമാര്‍ ഉടക്കിയത് ബന്ധുവിന്റെ നിയമനത്തില്‍

ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍.ബി.ശ്രീകുമാര്‍ തന്നോട് മുന്‍വൈരാഗ്യം തീര്‍ക്കുകയായിരുന്നുവെന്ന് നമ്പി നാരായണന്‍. താന്‍ അനുഭവിച്ച പീഡനങ്ങള്‍ക്കു പിന്നില്‍ ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ശ്രീകുമാറിന്റെയും കരങ്ങളുണ്ടെന്നും ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍ പറഞ്ഞു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമായുള്ള മൊഴിയിലാണ് ഈ കാര്യം നമ്പി നാരായണന്‍ പറയുന്നത്.
“വിഎസ്എസ്സി കമാന്‍ഡന്റ് ആയിരിക്കുന്ന കാലത്ത് ശ്രീകുമാര്‍ ബന്ധുവിന് വേണ്ടി തുമ്പയില്‍ ജോലിക്കായി ശുപാര്‍ശ നടത്തി. നടക്കാത്തതിനെ തുടര്‍ന്ന് തന്റെ ഓഫീസില്‍ വന്ന് രോഷം പ്രകടിപ്പിച്ചു, താന്‍ പോലീസിനെ വിളിക്കുമെന്നു പറഞ്ഞ് ഇറക്കിവിട്ടു. ഇതിന് നിങ്ങളനുഭവിക്കും എന്ന് ശ്രീകുമാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഐഎസ് ആര്‍ഒ കേസുമായി ബന്ധപ്പെട്ട നഷ്ടപരിഹാര കേസ് നടക്കുമ്പോള്‍ താന്‍ അഴിമതിക്കാരനാണെന്നും അതന്വേഷിച്ചിട്ടുണ്ടെന്നും ശ്രീകുമാര്‍ മൊഴി നല്‍കി. അഴിമതിയാരോപണം ഉണ്ടെങ്കില്‍ അത് അന്വേഷിക്കാനുള്ള അധികാരം അയാള്‍ക്കില്ല എന്നും വിജിലന്‍സാണ് അതന്വേഷിക്കണ്ടതെന്നും മറുപടി കൊടുത്തു. പിന്നീട് തനിക്കെതിരേ എന്തെങ്കിലും അഴിമതി ആരോപണമുണ്ടോ എന്നന്വേഷിക്കാന്‍ അയാള്‍ മിനക്കെട്ടിട്ടില്ല.”
“ചാരക്കേസിന് വിശ്വാസ്യത കൂട്ടാന്‍ തന്റെ ഏതെങ്കിലും മുസ്ലിം സുഹൃത്തിനെക്കൂടി കേസിലുള്‍പ്പെടുത്താന്‍ ഐബി ശ്രമിച്ചു. മുസ്ലിം സുഹൃത്തിന്റെ പേര് അബ്ദുള്‍ കലാം എന്നു പറഞ്ഞപ്പോള്‍ അതു വേണ്ട എന്നു പറഞ്ഞു. പിന്നെ പറഞ്ഞ പഴയ സഹപാഠിയുടെ വിലാസം കിട്ടിയില്ല. ഒടുവില്‍ വെറ്ററിനറി സര്‍ജന്‍ അബൂബക്കറിന്റെ പേരു പറഞ്ഞു. അദ്ദേഹത്തെ കേസില്‍ പെടുത്താന്‍ ശ്രമിച്ചതായി പിന്നീടറിഞ്ഞു.” മൊഴിയില്‍ പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here