ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം വിജയം, ക്രൂ എസ്‌കേപ്പിങ്ങ് സിസ്റ്റം സജ്ജം, മുനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതില്‍ നിര്‍ണ്ണായക വിജയവുമായി ഇസ്രോ

ഹൈദ്രാബാദ് : മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്റെ പരീക്ഷണ ദൗത്യം വിജയം. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിന് തയാറാക്കുന്ന ക്രൂമോഡ്യൂളിന്റെ പരീക്ഷണമാണ് വിജയകരമായി ഇസ്രോ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ക്രൂ എസ്‌കേപ്പിങ്ങ് സിസ്റ്റം എന്ന ബഹിരാകാശ യാത്രികരെ സുരക്ഷിതരായി ഭൂമിയില്‍ എത്തിക്കുന്നതിനുള്ള സംവിധാനമാണ് പരീക്ഷിച്ചത്. പാരച്യൂട്ടുകളുടെ സഹായത്തോടെ യാത്രികരടങ്ങുന്ന പേടകം സുരക്ഷിതമായി ഇറക്കുന്നതാണ് ഈ സിസ്റ്റം. യാത്രക്കാരുമായി കുതിക്കുന്ന റോക്കറ്റിന് പിഴവ് വന്നാല്‍ യാത്രികരെ സുരക്ഷിതരാക്കുന്നതിനാണ് ഈ സംവിധാനം.

പരീക്ഷണത്തിന്റെ ഭാഗമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്നാണ് പരീക്ഷണ റോക്കറ്റ് വിക്ഷേപിച്ചത്. സമുദ്ര നിരപ്പില്‍ നിന്നും 17 കിലോമീറ്റര്‍ മുകളില്‍ വച്ചാണ് റോക്കറ്റിന്റെ മുകള്‍ ഭാഗത്തു നിന്നും ക്രൂ എസ്‌കേപ്പിങ്ങ് മോഡ്യുളിനെ വേര്‍പ്പെടുത്തിയത്. തുടര്‍ന്ന് ആദ്യ പാരച്യൂട്ട് വിടര്‍ന്നു.ഇത് ഉപയോഗിച്ച് വേഗത കുറച്ച് ശേഷം രണ്ടാം ഘട്ടത്തില്‍ രണ്ട് പാരച്യൂട്ടുകള്‍ പ്രവര്‍ത്തന സജ്ജമായി. സമുദ്ര നിരപ്പില്‍ നിന്ന് 4 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് പ്രധാന പാരച്യൂട്ടുകള്‍ പ്രവര്‍ത്തന സജ്ജമായത്. ഇത് ഉപയോഗിച്ച് പേടകത്തെ സുരക്ഷിതമായി കടലില്‍ ഇറക്കാന്‍ ഇസ്രോക്കായി. ഇതിലൂടെ നിര്‍ണ്ണായകമായ ഒരുഘട്ടമാണ് ഇസ്രോ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

സാങ്കതിക പ്രശ്‌നങ്ങള്‍ മൂലം വൈകിയാണ് പരീക്ഷണ വിക്ഷേപണം നടന്നത്. രാവിലെ 8 മണിക്ക് നിശ്ചയിച്ചിരുന്ന വിക്ഷേപണം മോശം കാലവസ്ഥ മൂലം 8.45 ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ വിക്ഷേപണത്തിന് 5 സെക്കന്റ് മുമ്പാണ് ലിഫ്റ്റ് ഓഫ് നിയന്ത്രിക്കുന്ന കംപ്യൂട്ടര്‍ ദൗത്യം നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതിലെ പിഴവ് പരിഹരിച്ച ശേഷം 10 മണിയോടെയായിരുന്നു വിക്ഷേപണം. വിക്ഷേപണ സെന്ററില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിലാണ് പേടകം പതിച്ചത്. നാവിക സേന ഇത് വീണ്ടെടുക്കും ഇസ്രോയില്‍ എത്തിക്കും. ഹ്യൂമന്‍ റേറ്റഡ് ലോഞ്ച് വെഹിക്കളായിരുന്നില്ല ഇന്നത്തെ പരീക്ഷണത്തിന് ഉപയോഗിച്ചത്. ജിഎസ്എല്‍വി റോക്കറ്റിന്റെ എല്‍ 40 ബൂസ്റ്റര്‍ അടിസ്ഥാനമാക്കി നിര്‍മ്മിച്ച് റോക്കറ്റാണ് ഇന്ന് ഉപയോഗിച്ചത്.

മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ക്ക് ശേഷമാകും ഗഗന്‍യാന്റെ നിര്‍ണ്ണായക ഘട്ടത്തിലേക്ക് ഇസ്രോ കടക്കുക. ക്രൂമോഡിയൂള്‍ അടക്കം ബഹിരാകാശത്ത് അയച്ച് പരീക്ഷണം നടത്തും. അതിനു ശേഷം വ്യോമമിത്ര എന്ന റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കും. അതിനു ശേഷമാകും നിര്‍ണ്ണായകമായ ദൗത്യത്തിലേക്ക് ഇസ്രോ കടക്കു. അടുത്ത വര്‍ഷം അവസാനത്തോടെ മൂന്ന് ബഹിരാകാശ യാത്രികരെ ബഹിരാകാശത്തേക്ക് അയക്കുകയാണ് ഇസ്രോയുടെ ലക്ഷ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top