സിപിഎമ്മിനെ ആദായ നികുതി വകുപ്പ് വേട്ടയാടുന്നു; പാന്‍നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയത് ബാങ്കിന്റെ പിഴവ്; നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറി

തൃശൂര്‍ : ആദായ നികുതി വകുപ്പ് രാഷ്ട്രീയപ്രേരിതമായി സിപിഎമ്മിനെ വേട്ടയാടുകയാണെന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്. നിയമപരമായി എല്ലാ കണക്കുകളും നല്‍കിയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് വിവരങ്ങള്‍ മറച്ചുവച്ചിട്ടില്ല. അക്കൗണ്ടിലെ പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയത് ബാങ്കിന്റെ വീഴ്ചയാണ്. അതിന്റെ പേരിലാണ് സിപിഎമ്മിനെ ആക്രമിക്കുന്നത്. 30 വര്‍ഷമായി ഉപയോഗിക്കുന്ന അക്കൗണ്ടാണ് മരവിപ്പിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും വര്‍ഗീസ് പറഞ്ഞു.

വീഴ്ച ബാങ്ക് തന്നെ സമ്മതിച്ചിട്ടുണ്ട്. കേന്ദ്രകമ്മറ്റിയുടെ AAATCO400A എന്ന പാന്‍ നമ്പറാണ് ബാങ്കില്‍ നല്‍കിയത്. എന്നാല്‍ T എന്നതിന് പകരം J എന്നാണ് ബാങ്ക് രേഖപ്പെടുത്തിയത്. ഈ ഒരു ചെറിയ പിഴവിന്റെ പേരിലാണ് ഈ നടപടികളെല്ലാം ഐടി വകുപ്പ് സ്വീകരിക്കുന്നത്. ഇത് രാഷ്ട്രീയ പ്രേരിതമാണ്. പാര്‍ട്ടിയുടെ ചിലവുകള്‍ക്കും തിരഞ്ഞെടുപ്പ് ആവശ്യത്തിനുമായാണ് അക്കൗണ്ടില്‍ നിന്നും ഒരു കോടി രൂപ പിന്‍വലിച്ചതെന്നും വര്‍ഗീസ് പറഞ്ഞു. ആദായ നികുതി വകുപ്പ് രേഖാമൂലം ആവശ്യപ്പെട്ടതു കൊണ്ടാണ് പിന്‍വലിച്ച തുകയുമായി ബാങ്കില്‍ എത്തിയത്. അല്ലാതെ പണം നിക്ഷേപിക്കാന്‍ തീരുമാനിച്ച് പോയതല്ല. എന്നാല്‍ അത്തരത്തിലുളള പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വര്‍ഗീസ് പറഞ്ഞു.

ഇന്നലെയാണ് സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താന്‍ സിപിഎമ്മിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top