വിദേശ ഫുട്‌ബോള്‍ താരത്തിനെതിരെ ആള്‍ക്കൂട്ടാക്രമണം; മലപ്പുറം സെവന്‍സിനിടെ കാണികളുടെ വംശീയാധിക്ഷേപവും; പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

മലപ്പുറം: ഫുട്ബാള്‍ മത്സരത്തിനിടെ വിദേശ താരത്തിനെതിരെ ആള്‍ക്കൂട്ട ആക്രമണവും വംശീയാധിക്ഷേപവും. അരീക്കോട് നടന്ന മത്സരത്തിനിടെയാണ് ഐവറി കോസ്റ്റ് താരം ഹസന്‍ ജൂനിയറിനു നേരെ ആക്രണമുണ്ടായത്. ജവഹര്‍ മാവൂര്‍ എന്ന സെവന്‍സ് ക്ലബിനു വേണ്ടി കളിക്കാനാണ് ഐവറി കോസ്റ്റില്‍ നിന്നും താരം എത്തിയത്. ക്ലബിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൂക്കളത്തൂരിലെ ന്യൂ ലാല എന്ന ക്ലബിനു വേണ്ടി കളിക്കാന്‍ അരീക്കോട് ചെമ്രക്കാട്ടൂരിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.

വാസ്‌ക് വെള്ളീരി എന്ന ക്ലബിനെതിരെ കളിക്കുന്നതിനിടെ കോര്‍ണര്‍ കിക്ക് എടുക്കാനെത്തിയപ്പോള്‍ വംശീയാധിക്ഷേപം ഉണ്ടായി. മങ്കി, ബ്ലാക് ക്യാറ്റ്, നീഗ്രോ എന്നീ വാക്കുകളാണ് കാണികൾ ഉപയോഗിച്ചതെന്ന് മലപ്പുറം എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇത് ചോദ്യം ചെയ്തതോടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ചിലര്‍ കല്ല് എറിഞ്ഞു. തലയിലും ശരീരത്തിലുമെല്ലാം നിരവധി തവണ കല്ലെറിഞ്ഞതായാണ് പരാതിയില്‍ പറയുന്നത്.

കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചതിന് പിന്നാലെ എതിര്‍ ടീമിന്റെ ആരാധകര്‍ ഗ്രൗണ്ടിലിറങ്ങി ആക്രമിച്ചു. ഗ്രൌണ്ടിലുടനീളം ഓടിച്ചിട്ടടിച്ചു. ഒടുവിൽ പിടിച്ചുവച്ച് മുഖത്തും തലയിലും വയറിലുമെല്ലാം മര്‍ദിച്ചു. മരണം മുന്നില്‍ കണ്ട നിമിഷമായിരുന്നു എന്നാണ് ഹസ്സന്‍ ജൂനിയര്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സ്വന്തം ടീമിലെ താരങ്ങളും കാണികളുമാണ് രക്ഷിച്ചത്.

ആള്‍ക്കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങൾ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. താരം തിരിച്ച് ആക്രമിച്ചതായി എതിർ ടീമിന്റെ ആരാധകരും പരാതി നല്‍കിയിട്ടുണ്ട്. ഫുട്‌ബോള്‍ താരത്തെ മര്‍ദിച്ചവരെ ദൃശ്യങ്ങളിൽ നിന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇവർക്കെതിരെ നടപടിയുണ്ടാകും. ഇരു വിഭാഗത്തിന്റേയും പരാതികള്‍ വിശദമായി പരിശോധിക്കുന്നുണ്ട് പോലീസ്.

Logo
X
Top