മുൻ ആന്ധ്ര മുഖ്യമന്ത്രിക്കെതിരെ വധശ്രമക്കേസ്; നടപടി ടിഡിപി എംഎൽഎയുടെ പരാതിയില്‍
മുൻ മുഖ്യമന്ത്രി ജഗൻ മോഹൻറെഡ്ഡിയെ അകത്താക്കാനുളള നീക്കവുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ജഗനുൾപ്പെടെ നാലുപേർക്കെതിരെ ഗുണ്ടൂർ പോലീസ് വധശ്രമത്തിന് കേസെടുത്തു.
ടിഡിപി എംഎല്‍എ രഘുരാമ കൃഷ്ണ രാജുവിന്റെ പരാതിയിലാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ജഗന് പുറമെ ആന്ധ്രാ പൊലീസിന്റെ സിഐഡി വിഭാഗം മുന്‍ മേധാവി പി.വി.സുനില്‍ കുമാര്‍, ഇന്റലിജന്‍സ് വിഭാഗം മേധാവി പി.എസ്.ആര്‍. ആഞ്ജനേയലു , ഡോ. പ്രഭാവതി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
വധശ്രമം, കസ്റ്റഡി മര്‍ദനം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങളാണ് എംഎല്‍എ രഘുരാമ കൃഷ്ണ രാജുവിന്റെ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ചന്ദ്രബാബു നായിഡു അധികാരത്തില്‍ എത്തിയതിനു പിന്നാലെ നിരവധി അഴിമതി ആരോപണങ്ങള്‍ ജഗനെതിരെ ഉയര്‍ന്നിരുന്നു. രുഷികൊണ്ടയിലെ ആഡംബര വസതിയുടെ നിര്‍മാണം, ഔദ്യോഗിക വസതികളില്‍ കോടികള്‍ ചെലവഴിച്ചു തുടങ്ങി ഒട്ടേറെ അഴിമതി ആരോപണങ്ങളാണ് ജഗനെതിരെ ടിഡിപി ഉന്നയിച്ചിരിക്കുന്നത്.
ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത തന്നെ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഭീകരമായ മർദ്ദനങ്ങൾക്ക് ഇരയാക്കിയെന്നാണ് രഘുരാമ രാജുവിൻ്റെ ആരോപണം. 2021 ലാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചത്. നേരത്തെ വൈഎസ്ആർ കോൺഗ്രസിന്‍റെ എംപിയായിരുന്ന ഇദ്ദേഹം നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ടിഡിപിയിൽ ചേർന്നത്. ജഗൻമോഹനെ അധിക്ഷേപിച്ചു സംസാരിച്ചതിൻ്റെ പേരിലാണ് തനിക്കെതിരെ കേസെടുത്തതെന്നാണ് പരാതിയിൽ പറയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here