‘ജയ് ശ്രീറാം’ പ്രകോപനപരമല്ലെന്ന് യോഗി; ‘അള്ളാഹു അക്ബർ’ ഇഷ്ടമല്ലെന്ന് പറഞ്ഞാല്‍ അംഗീകരിക്കുമോ എന്നും ചോദ്യം
ശ്രീരാമൻ്റെയും കൃഷ്ണൻ്റെയും ബുദ്ധൻ്റെയും പാരമ്പര്യങ്ങൾ മാത്രമേ ഇന്ത്യയിൽ നിലനിൽക്കുകയുള്ളൂവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗൾ ചക്രവർത്തിമാരായ ബാബറിൻ്റെയും ഔറംഗസേബിൻ്റെയും പാരമ്പര്യം ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം ഭൂരിപക്ഷ പ്രേദേശങ്ങളിൽ ഹിന്ദു സമുദായത്തിൻ്റെ റാലികൾക്ക് അനുമതി നൽകുന്നത് പ്രകോപനം സൃഷ്ടിക്കാനാണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് നിയമസഭയിൽ മറുപടി പറയുകയായിരുന്നു യോഗി. ‘ജയ് ശ്രീറാം’ പോലുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയുള്ള റാലികൾ വർഗീയ കലാപങ്ങൾക്ക് കാരണമാകുമെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
മുസ്ലിം ആധിപത്യമുള്ള പ്രദേശത്ത് ഹിന്ദു ഘോഷയാത്ര നടത്തരുതെന്ന് ഭരണഘടനയിൽ എവിടെയാണ് എഴുതിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. “മസ്ജിദിന് മുന്നിൽ ഘോഷയാത്ര അനുവദിക്കില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഈ റോഡ് ആരുടെതാണ്, പൊതുവഴിയാണ്. അപ്പോൾ എങ്ങനെ എങ്ങനെ തടയാനാകും” – യോഗി നിയമസഭയിൽ ചോദിച്ചു.
‘ജയ് ശ്രീറാം’ മുദ്രാവാക്യം പ്രകോപനപരമല്ല. അത് ഭക്തിയുടെ മുദ്രാവാക്യമാണ്, വിശ്വാസത്തിൻ്റെ പ്രതീകമാണ് എന്ന് പറഞ്ഞ യോഗി ‘അല്ലാഹു അക്ബർ’ എന്ന മുദ്രാവാക്യവുമായും താരതമ്യം ചെയ്തു. ‘നാളെ അള്ളാഹു അക്ബർ എന്ന മുദ്രാവാക്യം ഞങ്ങൾക്ക് ഇഷ്ടമല്ലെന്ന് നിങ്ങളോട് പറഞ്ഞാൽ, നിങ്ങൾക്കത് ഇഷ്ടപ്പെടുമോ?’ – യോഗി ചോദിച്ചു.
ഷാഹി ജുമാ മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട് സംഭാലിൽ ഉണ്ടായ വർഗീയ സംഘർഷവും മുഖ്യമന്ത്രി പരാമർശിച്ചു. 1947 മുതൽ സംഭാലിൽ 209 ഹിന്ദുക്കൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുസ്ലിം ഇരകളോട് മാത്രം അനുഭാവം പുലർത്തുന്നവരെയും യോഗി രൂക്ഷമായി വിമർശിച്ചു. മുസ്ലിങ്ങളുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കിയവർ കൊല്ലപ്പെട്ട നിരപരാധികളായ ഹിന്ദുക്കളെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here