പ്രജേഷ് സെന്നിന്റെ ‘ഹൗഡിനി’യില്‍ നായികയാകാന്‍ ജലജയുടെ മകള്‍ ദേവി
പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തില്‍ നായികുന്നത് മലയാളത്തിന്റെ ശാലീന സുന്ദരി നടി ജലജയുടെ മകള്‍ ദേവി. അമ്മയെപ്പോലെ ഒരു അഭിനേത്രിയാകണമെന്നതായിരുന്നു ദേവിയുടെയും മോഹം. ഹൗഡിനി എന്ന ചിത്രത്തില്‍ ദേവി നായികയായതിനേക്കുറിച്ച് സംവിധായകന്‍ പ്രജേഷ് സെന്‍ പറയുന്നതിങ്ങനെ:
“കുറച്ചു നാളായി ദേവിയുടെ കാര്യം മനസ്സിലുണ്ടായിരുന്നു. ഈ സമയത്താണ് ഹൗഡിനി ആരംഭിക്കാനുള്ള സമയമായത്. ഈ ചിത്രത്തിലെ നായികയെ നിശ്ചയിക്കേണ്ടി വന്നപ്പോള്‍ അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ഗിരീഷ് മാരാരാണ് ദേവിയുടെ പേര് നിര്‍ദ്ദേശിച്ചത്. അതും കൂടി ആയപ്പോള്‍ ദേവിയെ പരിഗണിക്കുകയായിരുന്നു. കഥാപാത്രത്തെക്കുറിച്ചു പറഞ്ഞു കൊടുക്കുകയും രണ്ടു സീനുകള്‍ കൊടുത്തത് ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു.'”
ഇതിലെ മീന എന്ന കഥാപാത്രം അങ്ങനെ ദേവിയില്‍ ഭദ്രമായി. മജീഷ്യനായ ആസിഫ് അലി അവതരിപ്പിക്കുന്ന നന്ദന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യ യാണ് മീന എന്ന കഥാപാത്രം. നന്ദന്റെ ജീവിതത്തില്‍ എന്നും താങ്ങും തണലുമാകുന്ന കഥാപാത്രം. പല പ്രതിസന്ധികളേയും നന്ദന് തരണം ചെയ്യേണ്ടി വരുമ്പോഴൊക്കെ മീനയുടെ സാന്നിദ്ധ്യം ഏറെ നിര്‍ണ്ണായകമായിരുന്നു. ഇത്തരത്തില്‍ സുപ്രധാന വേഷമാണ് ദേവിയുടെതെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
‘മാലിക്’ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ദേവി അഭിനയരംഗത്ത് കാലെടുത്ത് വെച്ചത്. അതേ ചിത്രത്തില്‍ത്തന്നെ വലിയൊരു ഇടവേളക്കുശേഷം ജലജയും അഭിനയിച്ചിരുന്നു. മികച്ച നര്‍ത്തകി കൂടിയാണ് ദേവി. ചെറുപ്പം മുതല്‍ തന്നെ നൃത്തത്തില്‍ പരിശീലനം നേടിയിരുന്നു.
വിവാഹത്തോടെ ജലജ അഭിനയരംഗം വിട്ട് ഭര്‍ത്താവായ പ്രകാശുമൊത്ത് ബഹ്‌റൈനിലേക്ക് താമസം മാറ്റി. ദേവിയുടെ ജനനവും വിദ്യാഭ്യാസവുമൊക്കെ ബഹ്‌റൈനില്‍ ആയിരുന്നു. പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോയി. പ്രവാസം അവസാനിപ്പിച്ച് ജലജയും കുടുംബവും തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിയതിനു ശേഷമാണ് മകള്‍ ദേവിക്ക് അഭിനയത്തിനു വഴി തുറന്നത്. “ദേവിക്ക് അഭിനയം താല്‍പ്പര്യമാണങ്കില്‍ ആ വഴി തെരഞ്ഞെടുക്കട്ടെ,” എന്നാണ് ജലജയുടെ പക്ഷം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here