ഭരണഘടന തിരുത്തി ജമാഅത്തെ ഇസ്ലാമി; ‘അനിസ്ലാമിക കോടതികള്‍’ എന്ന പരാമര്‍ശം ഒഴിവാക്കി; സര്‍ക്കാര്‍ ഉദ്യോഗം സ്വീകരിക്കാം

തിരുവനന്തപുരം: രാജ്യത്തെ കോടതികള്‍ അനിസ്ലാമികമാണ് എന്നതടക്കം ഗുരുതര പരാമർശങ്ങൾ ഭരണഘടനയിൽ നിന്നെടുത്ത് കളഞ്ഞ് ജമാഅത്തെ ഇസ്ലാമി. സര്‍ക്കാര്‍ ജോലി സ്വീകരിക്കരുത്, തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പാടില്ല തുടങ്ങിയ വിവാദ നിർദേശങ്ങളും ഭേദഗതി ചെയ്ത് പുതുക്കിയ ഭരണഘടന പ്രസിദ്ധീകരിച്ചു. രാജ്യത്തിൻ്റെ ഭരണക്രമത്തെയും നീതിന്യായ സംവിധാനത്തെയും അംഗീകരിക്കാത്ത തീവ്രനിലപാട് കാലങ്ങളോളം കൊണ്ടുനടന്ന ജമാഅത്തെ ഇസ്സാമി ഒടുവിൽ തിരുത്തുന്നത് വിമർശങ്ങൾ ഒരുപാട് ഏറ്റുവാങ്ങിയ ശേഷമാണ്.

ഭരണഘടനയില്‍ അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചു പറയുന്ന എട്ടാം ഖണ്ഡികയിലെ ആറാം നിര്‍ദ്ദേശമായിട്ടാണ് സര്‍ക്കാര്‍ ജോലി സ്വീകരിക്കാമെന്നും നിയമനിര്‍മ്മാണ സഭയില്‍ അംഗമാകാം എന്നും ഭേദഗതി വരുത്തിയിരിക്കുന്നത്. സത്യത്തിനും നീതിക്കും വിരുദ്ധമായ യാതൊന്നും പ്രവര്‍ത്തിക്കരുതെന്ന് മാത്രമാണ് പുതിയ നിർദേശം. പഴയ ഭരണഘടനയില്‍ ഇവയൊന്നും ഇസ്ലാമികമല്ല എന്നായിരുന്നു പറഞ്ഞിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗം സ്വീകരിക്കരുതെന്നും ന്യായാധിപ സ്ഥാനത്താണെങ്കില്‍ പോലും അത് കൈയ്യൊഴിയണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതുകൂടാതെ ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥിതിയിലാണ് ജോലിയെങ്കില്‍ ആ ഉപജീവനമാര്‍ഗത്തില്‍ നിന്നും മാറണമെന്ന നിര്‍ദ്ദേശവും പൂര്‍ണ്ണമായി പുതിയ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മാനദണ്ഡങ്ങളെക്കുറിച്ച് പറയുന്ന ഒമ്പതാം ഖണ്ഡികയിലെ ഏഴാം നിര്‍ദ്ദേശത്തിലാണ് കോടതികളെ അനിസ്ലാമികമെന്ന് വിശേഷിപ്പിച്ചിരുന്നത്. ഇത് തിരുത്തി, ദീനിന്റെ വിധിവിലക്കുകളില്‍ നിഷ്ഠ പുലര്‍ത്തുകയും അത്യാവശ്യമുണ്ടെങ്കിലല്ലാതെ ഇടപാടുകളുടെ തീര്‍പ്പിനായി കോടതികളെ സമീപിക്കാതിരിക്കുകയും ചെയ്യുക എന്നാക്കിയിട്ടുണ്ട്. നേരത്തെ ഇത് നിര്‍ബന്ധിതാവസ്ഥയിലല്ലാതെ ഇടപാടുകളുടെ തീര്‍പ്പിനായി അനിസ്ലാമിക കോടതികളെ സമീപിക്കാതിരിക്കുക എന്നായിരുന്നു.

2021 ഒക്ടോബര്‍ വരെയുള്ള ഭേദഗതിക്കനുസരിച്ചുള്ള ഭരണഘടനയാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിന് മുമ്പും ഭരണഘടനയില്‍ ജമാഅത്തെ ഇസ്ലാമി ഭേദഗതി വരുത്തിയിട്ടുണ്ട്. അതിനു ശേഷമാണ് 2011ൽ വെല്‍ഫെയര്‍ പാര്‍ട്ടി എന്ന പേരിൽ രാഷ്ട്രീയകക്ഷി രൂപീകരിച്ച് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ തുടങ്ങിയത്. മൽസരിക്കാത്തപ്പോഴും തരംപോലെ രാഷ്ട്രിയ നിലപാടുകൾ സ്വീകരിച്ച് കേരള രാഷ്ട്രിയത്തിൽ നിറഞ്ഞുനിൽക്കാനും കഴിഞ്ഞ കുറെ വർഷങ്ങളായി ശ്രമിച്ചുവരികയാണ്. അടുത്തയിടെ അഭിഭാഷക അസോസിയേഷനും രൂപീകരിച്ച ജമാഅത്തെ ഇസ്ലാമി ഇപ്പോൾ ജുഡീഷ്യല്‍ സേവനത്തിനായി യുവാക്കള്‍ക്ക് പരിശീലനവും ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെയെല്ലാം അടിസ്ഥാന നിലപാടുകളില്‍ മാറ്റം വരുത്തിയപ്പോഴും കോടതികൾ അനിസ്ലാമികമാണെന്ന കാതലായ കാഴ്ചപ്പാട് ഔദ്യോഗികമായി തിരുത്തിയിരുന്നില്ല.

ജനാധിപത്യം പ്രസ്ഥാനത്തിന് നിഷിധമല്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്മാൻ പ്രതികരിച്ചതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ജനാധിപത്യത്തിനും നിയമവ്യവസ്ഥക്കും മാത്രമേ കഴിയൂവെന്ന് മുജീബ് റഹ്മാൻ കൂട്ടിച്ചേർത്തുവെന്നും എംപി പ്രശാന്ത് എക്സ്പ്രസിൽ എഴുതിയ റിപ്പോർട്ടിൽ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top