‘30വർഷമായി ജമാ അത്തെ ഇസ്ലാമി സിപിഎമ്മിനൊപ്പം’; പിന്തുണ സ്വാഗതം ചെയ്യുന്ന ദേശാഭിമാനി എഡിറ്റോറിയലുമായി പ്രതിപക്ഷം
സിപിഎമ്മിനും ബിജെപിക്കും കേരളത്തിൽ ഒരേ നാവും ശബ്ദവുമാണെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപിക്ക് വോട്ട് കുറഞ്ഞതില്‍ സിപിഎമ്മിന് എന്തിനാണ് ഇത്ര സങ്കടമെന്നും മാധ്യമങ്ങളോട് അദ്ദേഹം ചോദിച്ചു. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയെ സ്വാഗതം ചെയ്തു കൊണ്ട് സിപിഎം മുഖപത്രമായ ദേശാഭിമാനി 1996 ഏപ്രില്‍ 22 ന് എഡിറ്റോറിയല്‍ എഴുതിയത് തൃശൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. 30 വര്‍ഷമായി ജമാഅത്ത് ഇസ്ലാമി സിപിഎമ്മിനൊപ്പമായിരുന്നു. പിണറായി വിജയന് ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനത്ത് വരെ പോയിട്ടുണ്ട്. എന്നിട്ടാണ് അവർ വര്‍ഗീയവാദികളാണെന്ന് ബിജെപിക്കൊപ്പം നിന്നു കൊണ്ട് സിപിഎം പറയുന്നത്. ഈ പ്രചരണങ്ങളൊക്കെ പാലക്കാട് തകര്‍ന്നു പോയി. എന്നിട്ട് വീണ്ടും അതേ വ്യാഖ്യാനങ്ങളുമയി മുന്നോട്ടു പോയാല്‍ 2026 ലും ഈ മഹാദുരന്തം സിപിഎമ്മിനുണ്ടാകുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി.
“ ഇ ശ്രീധരന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിടിച്ച 50000 വോട്ട് ഇത്തവണ 39000 ആയി. ബിജെപി വോട്ട് ഗണ്യമായി കുറഞ്ഞു. അതില്‍ ബിജെപിക്കാരെക്കാള്‍ സങ്കടം സിപിഎമ്മിനാണ്. അന്ന് ശ്രീധരന് കിട്ടിയ വോട്ടിന്റെ നല്ലൊരു ഭാഗം രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടി. അപ്പോള്‍ ഇ ശ്രീധരന് കിട്ടിയത് എസ്ഡിപിഐയുടെയും ജമാഅത്ത് ഇസ്ലാമിയുടെയും വോട്ടായിരുന്നോ? ബി.ജെ.പിയുടെ വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ട് ഇ.ശ്രീധരന് പിടിച്ചു. ആ വോട്ടില്‍ ഒരു നല്ല ഭാഗം ഇത്തവണ രാഹുല്‍ തിരിച്ചു പിടിച്ചു. അത് എങ്ങനെയാണ് എസ്ഡിപിഐയുടെ വോട്ടാകുന്നത്” – പ്രതിപക്ഷ നേതാവ് ചോദിച്ചു.
Also Read: ‘മുത്തുക്കോയ തങ്ങളെ പിണറായിയാക്കി സലാം’; അനുഗ്രഹത്തെച്ചൊല്ലി മുസ്ലിം ലീഗിൽ ഭിന്നത
വോട്ട് കൂടിയെന്ന് അവകാശപ്പെടുന്ന എൽഡിഎഫിന് ആയിരം വോട്ട് പോലും കൂടിയിട്ടില്ല. 2021ലെ വോട്ടര്‍ പട്ടികയെക്കാള്‍ 15000 വോട്ടാണ് ഈ വോട്ടര്‍പട്ടികയില്‍ പുതുതായി ചേര്‍ത്തിരിക്കുന്നത്. അതില്‍ ഏഴായിരത്തോളം വോട്ട് യുഡിഎഫിന് കിട്ടി. മൂവായിരം വോട്ടെങ്കിലുംലഭിക്കേണ്ട സിപി.എമ്മിന് അതും കിട്ടിയില്ല. അതിന്റെ അര്‍ത്ഥം സിപിഎം വോട്ട് 2021നേക്കാള്‍ കുറഞ്ഞെന്നാണ്. 18874 വോട്ടിന് ജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടിയത് എസ്ഡിപിഐയുടെയും വെല്‍ഫയര്‍ പാര്‍ട്ടിയുടേയും വോട്ടാണെന്നു പറയുന്നത് ജനങ്ങളെ അപമാനിക്കലാണെന്ന് സതീശൻ പറഞ്ഞു.
Also Read: സന്ദീപുമായി ചർച്ച നടത്തിയെന്ന് സിപിഐ വെളിപ്പെടുത്തൽ; സരിനെ സ്ഥാനാർത്ഥിയാക്കിയതിലും വിമർശനം
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നാല്‍പ്പതിനായിരത്തോളം വോട്ടിനാണ് സിപിഎം ചേലക്കരയില്‍ വിജയിച്ചത്. അതില്‍ ഇരുപത്തി എണ്ണായിരം വോട്ടുകള്‍ ഇത്തവണ കുറഞ്ഞു. ഭരണവിരുദ്ധ വികാരമുള്ളതു കൊണ്ടാണ് 40000 വോട്ടിന്റെ ഭൂരിപക്ഷം 12000മായി ചുരുങ്ങിയത്. 2001 ല്‍ യുഡിഎഫ് നൂറു സീറ്റ് നേടി അധികാരത്തില്‍ എത്തിയപ്പോഴും എല്‍ഡിഎഫിന് കിട്ടിയ നാല്‍പ്പത് സീറ്റില്‍ ഒന്നായിരുന്നു ചേലക്കരയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ചേലക്കരയിലെ പ്രചരണത്തില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. എല്ലാ മുതിര്‍ന്ന നേതാക്കളും പ്രചരണത്തിനെത്തി. പാലക്കാട്ടെ വിജയവും ചേലക്കരയിലെ പരാജയവും യുഡിഎഫ് പരിശോധിക്കും. 2019ല്‍ പറ്റിയ അബദ്ധം യുഡിഎഫിന് ഇനി പറ്റില്ല. സംഘടനാ ദൗര്‍ബല്യങ്ങള്‍ പൂര്‍ണമായും പരിഹരിച്ച് 20 വര്‍ഷം മുന്‍പ് യുഡിഎഫ് കോട്ടയായിരുന്ന സ്ഥിതിയിലേക്ക് ഒരു വര്‍ഷം കൊണ്ട് തൃശൂര്‍ ജില്ലയെ എത്തിക്കുമെന്നും സതീശൻ അവകാശപ്പെട്ടു.
Also Read: ‘സിപിഎം ഇനിയെങ്കിലും വർഗീയത വച്ചുള്ള കളി അവസാനിപ്പിക്കണം’; പാലക്കാട് നൽകുന്ന സൂചനയെന്ന് സമസ്ത
പാലക്കാട്ടെ വിജയത്തിന് നിരവധി ഘടകങ്ങളുണ്ട്. അതില്‍ ഒന്നാണ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസിലേക്കുള്ള വരവ്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വടകര-പാലക്കാട് ഡീല്‍ ആണെന്ന് പ്രചരിപ്പിച്ചു. എന്നിട്ട് വടകരയിലും പാലക്കാടും യുഡിഎഫ് ജയിച്ചു. ഇതൊക്കെ പറഞ്ഞവര്‍ ഇപ്പോൾ മറുപടി പറയണം മൂന്നാം സ്ഥാനത്ത് എത്തുമെന്ന് ഉറപ്പായ സിപിഎം കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാണ് അവസാനം വരെ ശ്രമിച്ചത്. യുഡിഎഫിനെതിരെ കത്ത് വിവാദവും റെയ്ഡ് വിവാദവും പെട്ടി വിവാദവും സ്പിരിറ്റ് വിവാദവും സന്ദീപ് വാര്യര്‍ വിവാദവും ഉണ്ടാക്കിയ സിപിഎം ബിജെപിക്കെതിരെ മിണ്ടിയില്ല. ഇതൊക്കെ ആരെ ജയിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. വടകര- പാലക്കാട് ഡീല്‍ ആണെന്നു പറഞ്ഞ എല്ലാ സിപിഎം നേതാക്കളും മറുപടി പറയണം. സന്ദീപ് വാര്യരെ പിന്നിലല്ല മുന്നില്‍ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇനിയും കൂടുതല്‍ പേര് കോണ്‍ഗ്രസിലേക്ക് വരുമോയെന്ന് ഇപ്പോള്‍ പറയുന്നില്ല. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതില്ലെന്നും വിഡി സതീശൻ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here