ഒമര്‍ അബ്ദുള്ള കശ്മീര്‍ മുഖ്യമന്ത്രി പദവിയിലേക്ക്; മോദിക്കും ബിജെപിക്കും വന്‍ തിരിച്ചടി

ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേക്ക്. സഖ്യത്തിന് ഒരേയൊരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള മാത്രം. 90 സീറ്റില്‍ 50 സീറ്റിലും നാഷണല്‍ കോണ്‍ഫറന്‍സ് തന്നെയാണ് മുന്നേറുന്നത്.

മത്സരിച്ച ഗന്ദര്‍ബാലിലും ബദ്ഗാമിലും തിളക്കമുള്ള വിജയമാണ് ഒമര്‍ നേടിയത്. കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ഈ തിരഞ്ഞെടുപ്പില്‍ തന്നെ ഒമര്‍ മുഖ്യമന്ത്രിയായി തിരിച്ചെത്തുന്നത് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വന്‍ തിരിച്ചടിയാണ്. ജമ്മു കശ്മീരില്‍ വിജയിക്കാന്‍ സര്‍വതന്ത്രങ്ങളും പയറ്റിയാണ് ബിജെപി മുന്നോട്ടു നീങ്ങിയത്.

ജയിലില്‍ കിടക്കവേ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച എഞ്ചിനീയര്‍ റാഷിദിനെ ജാമ്യത്തില്‍ വിട്ടത് തന്നെ കശ്മീര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്‌ എന്ന ആക്ഷേപവും ബിജെപിക്കെതിരെ വന്നിരുന്നു. എല്ലാ എതിര്‍പ്പുകളും തരണം ചെയ്താണ് ഒമര്‍ തിളക്കമുള്ള വിജയത്തിലേക്ക് നടന്നടുക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിലില്‍ കിടന്ന് മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി എഞ്ചിനീയര്‍ റാഷിദിനോട് നാലര ലക്ഷം വോട്ടുകള്‍ക്കാണ് ബാരാമുള്ളയില്‍ ഒമര്‍ പരാജയമടഞ്ഞത്. ജമ്മു കശ്മീരിന് സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇത് മറന്നുകൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒമര്‍ മത്സരിച്ചത്. തൂക്കുസഭയാകും ജമ്മു കശ്മീരിലേത് എന്ന എക്സിറ്റ് ഫലങ്ങളും നാഷണല്‍ കോണ്‍ഫറന്‍സിന്റെ വിജയത്തോടെ അസ്ഥാനത്ത് ആവുകയും ചെയ്തു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top