പ്രധാനമന്ത്രിയെത്തും മുമ്പ് ഭീകരാക്രമണം; കശ്മീരിൽ രണ്ട് സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ സൈന്യവും ഭീകരരുമായുണ്ടായ വിവിധ ഏറ്റുമുട്ടലുകളില്‍ രണ്ട് സൈനികരും അഞ്ച് തീവ്രവാദികളും കൊല്ലപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിൽ നിയമസഭാ പ്രചാരണത്തിന് ഇന്ന് എത്തുന്നതിന് തൊട്ടുമുമ്പുണ്ടായ ആക്രമണങ്ങള്‍ക്ക് ശേഷം അതീവ ജാഗ്രതയാണ് സൈന്യം പുലർത്തുന്നത്. മോദിയുടെ തിരഞ്ഞെടുപ്പ് റാലി നടക്കുന്ന ദോഡ, കിഷ്ത്വാർ എന്നീ ജില്ലകളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ 42 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഡോഡ സന്ദർശിക്കുന്നത്.

രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പോലീസുമായി സംയുക്ത ഓപ്പറേഷൻ കിഷ്ത്വാറിലെ ഛത്രൂവിൽ ആരംഭിച്ചതായി സൈന്യം പ്രസ്താവനയിൽ അറിയിച്ചു. സെപ്തംബർ 18ന് തെക്കൻ കശ്മീരിലെ അനന്ത്നാഗ്, പുൽവാമ, ഷോപിയാൻ,കിഷ്ത്വാർ, റംബാൻ ജില്ലകളിലെ 24 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. ജമ്മു, കത്വ ജില്ലകളിൽ സെപ്റ്റംബർ 25നും സാംബ ജില്ലയിൽ ഒക്ടോബർ ഒന്നിനുമാണ് തിരഞ്ഞെടുപ്പ്.
കിഷ്ത്വാറിൽ നടന്ന ആക്രമണത്തിലാണ് ജവാൻമാർ വീരമൃത്യു വരിച്ചത്. ജൂനിയർ കമ്മിഷൻഡ് ഓഫീസർ നായിബ് സുബേദാർ വിപൻ കുമാർ, ജവാന്‍ അരവിന്ദ് സിംഗുമാണ് മരിച്ചത്. നാല് സൈനികര്‍ക്ക് പരുക്കേറ്റു. കത്വയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വെടിവച്ചു കൊന്നു. ബാരാമുള്ളയിലെ ചാക് താപ്പർ മേഖലയിലെ ഒരു കെട്ടിടത്തിൽ ഒളിച്ചിരുന്ന് ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളെയും സുരക്ഷാ സേന ഇന്ന് വധിച്ചു.
ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ ഡോഡയിൽ നടന്ന ഏറ്റുമുട്ടലിൻ്റെ തുടർച്ചയാണ് കത്വയിൽ നടന്ന ആക്രമണം. ഇന്ന് വധിച്ച ഭീകരർ ഉൾപ്പെടെ നടത്തിയ ആക്രമണത്തിൽ നാല് ജവാൻമാരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. വന്‍ ആയുധ ശേഖരമാണ് ഇന്ന് നടന്ന ആക്രമണത്തിന് ശേഷം കണ്ടെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here