പ്രതിഷേധം നിര്‍ബന്ധം സര്‍ക്കാര്‍ കണ്ണുതുറക്കാന്‍, ജനകീയ ഹോട്ടല്‍ സബ്‌സിഡി മലപ്പുറത്ത് നല്‍കി; നക്ഷത്രമെണ്ണി തലസ്ഥാനത്തെ കുടുംബശ്രീക്കാര്‍
തിരു.വനന്തപുരം : ജനകീയ ഹോട്ടലുകളുടെ സബ്‌സിഡി കുടിശിക വിതരണത്തില്‍ പ്രതിഷേധം ഉയര്‍ത്തിയവര്‍ക്ക് മുന്‍ഗണന. വലിയ പ്രതിഷേധം ഉയര്‍ത്തുകയും സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിന് നേതൃത്വം നല്‍കുകയും ചെയ്ത മലപ്പുറം ജില്ലയിലുള്ളവര്‍ക്ക് പണം അനുവദിച്ചു. എന്നാല്‍ മറ്റ് ജില്ലയിലുള്ളവര്‍ക്ക് ഇതുവരെ പണം വിതരണം തുടങ്ങിയിട്ടില്ല. നവകേരള സദസുമായി മുഖ്യമന്ത്രിയും മന്ത്രിമാരും മലപ്പുറം ജില്ലയിലാണ് പര്യടനം നടത്തുന്നത്. ഇതിനിടയില്‍ ഉയരാവുന്ന പ്രതിഷേധം ഒഴിവാക്കാന്‍ കൂടിയാണ് മറ്റ് ജില്ലകള്‍ക്കൊന്നും നല്‍കാത്ത പ്രാധാന്യം മലപ്പുറം ജില്ലയ്ക്ക് നല്‍കിയതെന്നാണ് വിമര്‍ശനം ഉയരുന്നത്. വലിയ പ്രതിഷേധത്തിന്
പിന്നാലെയാണ് ജനകീയ ഹോട്ടലുകളുടെ നടത്തിപ്പുകാര്‍ക്ക് സബ്‌സിഡി നല്‍കാന്‍ സര്‍ക്കാര്‍ പണം അനുവദിച്ചത്. രണ്ടാഴ്ച മുമ്പാണ് 33.6 കോടി രൂപ അനുവദിച്ചത്. എന്നാല്‍ ഈ പണം ജനകീയ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് പൂര്‍ണ്ണമായും ഇതുവരെ ലഭിച്ചിട്ടില്ല. പത്ത് മാസത്തോളമുളള കുടിശികയില്‍ 6 മാസത്തെ തുകയാണ് മലപ്പുറം ജില്ലയില്‍ ലഭിച്ചത്. മറ്റ് ജില്ലയിലുളളവര്‍ക്ക് പണം ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്ന മറുപടിയാണ് ഇപ്പോഴും ലഭിക്കുന്നത്.
മലപ്പുറം ജില്ലയില്‍ പണം ലഭിച്ചു
മലപ്പുറം ജില്ലയിലെ ജനകീയ ഹോട്ടല്‍ നടത്തിപ്പുകാരാണ് സബ്‌സിഡി ലഭിക്കാത്തതിനെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തിയത്. മലപ്പുറത്ത് നിന്നെത്തി സെക്രട്ടറിയേറ്റിന് മുന്നില്‍ വരെ ഇവര്‍ പ്രതിഷേധം നടത്തി. ഇതിനു പിന്നാലെയാണ് പണം അനുവദിച്ചത്. മലപ്പുറത്തു നിന്നു മാത്രം പ്രതിഷേധം എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കും മനസിലാകുമെന്ന രാഷ്ട്രീയ പ്രസ്താവനയും വകുപ്പ് മന്ത്രി എം.ബി.രാജേഷ് നടത്തിയിരുന്നു. ഇതിനെതിരേയും ജനകീയ ഹോട്ടല്‍ നടത്തിപ്പുക്കാരായ വനിതകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. സബ്‌സിഡി നല്‍കുന്ന ഘട്ടമെത്തിയപ്പോള്‍ പണം നല്‍കുന്നതിന് മലപ്പുറം ജില്ലയില്‍ പ്രതിഷേധിച്ചവര്‍ക്ക് മുന്‍ഗണന നല്‍കിയതായാണ് വിവരം. സബ്‌സിഡി തുക കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്കാണ് അനുവദിക്കുന്നത്. ഇവരാണ് വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വീതിച്ച് നല്‍കുക. മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍ സബ്‌സിഡി തുക ഗഡുക്കളായല്ലാതെ ഒരുമിച്ച് നല്‍കണമെന്ന ആവശ്യം ഉന്നയിച്ചു. ഇത് പരിഗണിച്ചാണ് 6 മാസത്തെ കുടിശിക ഒരുമിച്ച് അനുവദിച്ചത്.
ഗഡുക്കളായി ലഭിക്കുക പതിവ്
സംസ്ഥാനത്തെ 1116 ജനകീയ ഹോട്ടലുകള്‍ക്ക് സബ്‌സിഡി ഇനത്തില്‍ ലഭിക്കേണ്ടത് നാല് കോടി രൂപയാണ്. സര്‍ക്കാര്‍ 33.6 കോടി രൂപയാണ് അനുവദിച്ചത്. എന്നിട്ടും സബ്‌സിഡി ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഗഡുക്കളായി സബ്‌സിഡി നല്‍കുകുയാണ് സര്‍ക്കാര്‍ ഇതുവരേയും ചെയ്തിരുന്നത്. ഇത്രയും തുക അനുവദിച്ചിട്ടും ഇതേ രീതി തന്നെയാണ് പിന്‍തുടരുന്നത്. 20 രൂപയ്ക്ക് ഉച്ചയൂണ് നല്‍കിയാല്‍ 10 രൂപ സബ്‌സിഡിയെന്നാണ് നടത്തിപ്പുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വാഗ്ദാനം. ഇതിനുസരിച്ചാണ് വനിതകള്‍ ഈ രംഗത്ത് സജീവമായതും. കടം വാങ്ങിയും സ്വര്‍ണ്ണം പണയം വച്ചും നടത്തിയ കച്ചവടം ഏറെക്കുറേ പൂട്ടി കടം തീര്‍ക്കാന്‍ സബ്‌സിഡിയും നോക്കിയിരിക്കുകയാണ് ഇവര്‍.
25 ലക്ഷം എന്ന് കിട്ടും? തലസ്ഥാനത്തെ ജീന കാത്തിരിക്കുന്നു
സംസ്ഥാനത്ത് സബ്‌സിഡി ഇനത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിക്കാനുള്ളത് തിരുവനന്തപുരം ജില്ലയിലെ ജനകീയ ഹോട്ടല്‍ നടത്തിയ ജീനയ്ക്കാണ്. എന്നാല്‍ പണം അനുവദിച്ചെന്ന് സര്‍ക്കാര്‍ പറയുമ്പോഴും എന്ന് ലഭിക്കുമെന്ന് ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്ന് ജീന മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. 25 ലക്ഷം രൂപയാണ് ലഭിക്കാനുളളത്. ഇതിനായി സമീപിച്ചപ്പോള്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുവെന്നാണ് ലഭിക്കുന്ന മറുപടി. ട്രഷറിയില്‍ നിന്നും പണം മാറുക മാത്രമാണ് ഇതില്‍ ചെയ്യാനുള്ളത്. എന്നാല്‍ ഇത് ചെയ്യാതെ ബുദ്ധിമുട്ടിക്കുയാണ് ചെയ്യുന്നതെന്നും ജീന ആരോപിക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here