വഴിയേ പോയവരല്ല ഞങ്ങൾ; സബ്സിഡിയില്ലാതെ വലഞ്ഞ് കുടുംബശ്രീ ഹോട്ടലുകാർ

തിരുവനന്തപുരം: വിശപ്പിനെതിരായിട്ടുള്ള വലിയൊരു യുദ്ധപ്രഖ്യാപനമായിരുന്നു കുടുംബശ്രീ ജനകീയ ഹോട്ടൽ. തുടക്കത്തിൽ വൻ വിജയമായിരുന്നെങ്കിലും സർക്കാർ സബ്സിഡി മുടങ്ങിയതോടെ പല ഹോട്ടലുകളുടെയും പ്രവർത്തനം താളം തെറ്റി. വിശപ്പുരഹിത കേരളത്തിന്റെ ഭാഗമായി 2020ലെ ബഡ്ജറ്റിലാണ് അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് 20 രൂപക്ക് ഊണ് നൽകുന്ന ജനകീയ ഹോട്ടലുകൾ പ്രഖാപിച്ചത്. ഊണ് ഒന്നിന് 10 രൂപ സബ്സിഡി നൽകാനായിരുന്നു തീരുമാനം. 1200 ഓളം ഹോട്ടലുകൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു.

കോവിഡ്ക്കാലത്ത് ജനങ്ങൾക്ക് വലിയൊരു ആശ്വാസമായിരുന്നു ഹോട്ടലുകളുടെ പ്രവർത്തനം സർക്കാർ സബ്സിഡി മുടങ്ങിയതോടെ താളം തെറ്റാൻ തുടങ്ങി. 40 കോടിയോളം രൂപ കുടിശികയുണ്ട്. പലർക്കും ഒൻപത് മാസം വരെയുള്ള കുടിശിക നൽകാനുണ്ട്. ഡിസംബറിൽ മൂന്ന് കോടി രൂപ സർക്കാർ വിതരണം ചെയ്തിരുന്നെങ്കിലും പലർക്കും ഇനിയും തുക ലഭിച്ചിട്ടില്ല. ലക്ഷങ്ങളാണ് ഓരോ യൂണിറ്റിനും നൽകാൻ ഉള്ളത്. സാധനങ്ങളുടെ വിലയും സ്ഥാപനങ്ങളുടെ വാടകയും ഉൾപ്പെടെ താങ്ങാനാകാത്ത ചെലവ് മൂലം പലരും ഹോട്ടലുകൾ പൂട്ടിയ സ്ഥിതിയാണ്.

കൂടാതെ കോവിഡ് സാഹചര്യം മാറിയെന്ന കാരണം കാണിച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതൽ സബ്സിഡി നിർത്തലാക്കുകയും ചെയ്തു. ഊണിനു വില കൂട്ടാനാണ് സർക്കാർ നിർദേശം. എന്നാൽ വില കൂടിയത് ഹോട്ടലുകളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഓരോ ഹോട്ടലുകൾ നൽകുന്ന ഊണിന്റെ എണ്ണം എത്രയാണെന്ന് കൃത്യമായ കണക്കിലെന്നും വൻ സാമ്പത്തിക ബാധ്യതയാണ് സർക്കാരിനുള്ളതെന്നുമാണ് അധികൃതർ പറയുന്നത്.

Logo
X
Top