ജനതാദള്‍ (എസ്) എന്‍ഡിഎ ഭാഗമായിട്ട് ഒരു മാസം; വ്യക്തമായ നിലപാട് മുന്നോട്ട് വെക്കാതെ കേരള ഘടകം; കൂറുമാറ്റനിരോധന നിയമം ബാധകമാകുമെന്ന ഭയം

തിരുവനന്തപുരം: ജനതാദള്‍ എസ് (ജെഡിഎസ്) അഖിലേന്ത്യാ തലത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ ഭാഗമായിട്ട് ഒരു മാസം. ഇതുവരെ ജെഡിഎസ് കേരള ഘടകം വ്യക്തമായ നിലപാട് മുന്നോട്ട് വെക്കാന്‍ തയ്യാറായിട്ടില്ല. തുടര്‍ച്ചയായി മൂന്ന് തവണ നേതൃയോഗം ചേര്‍ന്നിട്ടും ദേവഗൗഡയുടെ നേതൃത്വത്തെ തള്ളിപ്പറയുക മാത്രമാണ് ചെയ്തത്. ഇപ്പോഴും കേരളഘടകം ഉരുണ്ടുകളി തുടരുകയുമാണ്‌. ഇന്നലെ കൊച്ചിയില്‍ മൂന്നാമത് നേതൃയോഗം കഴിഞ്ഞിട്ടും ഒരു തീരുമാനവുമെടുക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞതുമില്ല.

രണ്ട് എംഎല്‍എമാരുള്ള ജെഡിഎസ് ഇടതുമുന്നണിയില്‍ തുടര്‍ന്നിട്ടും ജെഡിഎസില്‍ വിശ്വാസം രേഖപ്പെടുത്തുകയല്ലാതെ മറ്റ് നടപടികള്‍ക്ക് മുന്നണിയെ നയിക്കുന്ന സിപിഎം തയ്യാറായിട്ടില്ല. ജെഡിഎസിനോട് മൃദുസമീപനമാണ് സിപിഎം പുലര്‍ത്തുന്നത് എന്ന വിമര്‍ശനമാണ് ശക്തമാകുന്നത്. ബിജെപിയുടെ നയസമീപനങ്ങള്‍ അംഗീകരിച്ച് ദേശീയ മുന്നണിയില്‍ ചേര്‍ന്നിരിക്കുന്ന ജെഡിഎസ് അഖിലേന്ത്യാ നേതൃത്വത്തെ തള്ളിപ്പറഞ്ഞ്‌ ഒറ്റയ്ക്ക് നില്‍ക്കാനോ പുതിയ പാര്‍ട്ടി രൂപീകരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് മാത്യു ടി തോമസും മന്ത്രി കൃഷ്ണന്‍കുട്ടിയും അടങ്ങുന്ന കേരളഘടകം.

അഖിലേന്ത്യാ അധ്യക്ഷന്‍ ദേവഗൗഡയെ തള്ളിപ്പറയുകയോ പാര്‍ട്ടി പിളര്‍ത്തുകയോ ചെയ്‌താല്‍ കൂറുമാറ്റനിരോധന നിയമം ബാധകമാകുമെന്ന ഭയം രണ്ട് പേര്‍ക്കുമുണ്ട്. ”പുതിയ പാര്‍ട്ടിയാണോ, മറ്റ് പാര്‍ട്ടിയുമായി ലയനമാണോ നല്ലത് എന്ന കാര്യത്തില്‍ മറ്റു സംസ്ഥാന ഘടകങ്ങളുമായി ഞങ്ങള്‍ ആലോചന നടത്തുകയാണ്. അതുകൊണ്ടാണ് പെട്ടെന്ന് ഒരു തീരുമാനം എടുക്കാതിരുന്നതെന്ന്” ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

”ജെഡിഎസിന്റെ പ്രശ്നം ഞങ്ങളുടെ മുന്നിലുണ്ട്. പക്ഷെ പാര്‍ട്ടി കമ്മറ്റിയില്‍ ഈ കാര്യം സജീവ ചര്‍ച്ചയായി വന്നിട്ടില്ല. അവരുടെ പ്രതിസന്ധി ഞങ്ങള്‍ മനസിലാക്കുന്നുണ്ട്‌. ദേവഗൗഡ-കുമാരസ്വാമി ബന്ധം വിച്ഛേദിക്കാതെ ജെഡിഎസ് കേരളഘടകത്തിന് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന്” മുതിര്‍ന്ന സിപിഐ നേതാവ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്ന സിപിഎം കേന്ദ്രകമ്മറ്റിയോഗം ജെഡിഎസിന്റെ കാര്യത്തില്‍ എന്തെങ്കിലും നിലപാട് സ്വീകരിക്കുമോ എന്ന് ഇനിയും വ്യക്തമായിട്ടില്ല.

ദേശീയ തലത്തില്‍ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’ മുന്നണിയുടെ അവിഭാജ്യഘടകമാണ് സിപിഎം. പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ എന്‍ഡിഎ ഘടകകക്ഷിയായ ജെഡിഎസ് ഇടതുമുന്നണിയില്‍ തുടരുന്നത് തലവേദനയായി മാറിയിട്ടുണ്ട്. ജെഡിഎസിനെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് ദേവഗൗഡ നന്ദി പറഞ്ഞതോടെ സിപിഎം വെട്ടിലാവുകയും ചെയ്തു. എന്നിട്ടും ജെഡിഎസിന് എതിരെ നടപടി സ്വീകരിക്കാന്‍ സിപിഎമ്മിന് കഴിയുന്നുമില്ല.

ദേവഗൌഡയെ പ്രകോപിപ്പിക്കാതെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഇങ്ങനെ തന്നെ പോകാനാണ് ജെഡിഎസ് കേരളഘടകം ആലോചിക്കുന്നത്. നേരിട്ട് ഒരു ഏറ്റുമുട്ടലിന് പോയാല്‍ ദേശീയ പ്രസിഡന്റ് എന്ന നിലയില്‍ ദേവഗൗഡ രണ്ട് എംഎല്‍എമാര്‍ക്കുമെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി എടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുമെന്ന ഭയം അവരെ അലട്ടുന്നുണ്ട്. യഥാര്‍ത്ഥ ജെഡിഎസ് തങ്ങളാണെന്ന് മാത്യു.ടി.തോമസും കൂട്ടരും അവകാശപ്പെടുന്നുണ്ടെങ്കിലും ദേവഗൗഡയില്‍ നിന്നും പാര്‍ട്ടി പിടിക്കാനുള്ള ഒരു നീക്കവും കേരള ഘടകം നടത്തുന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top