ജനതാദൾ (എസ് ) എന്ന ‘കുമ്പിടി’ പാർട്ടി; കേന്ദ്രത്തിലും കേരളത്തിലും ഒരുപോലെ മന്ത്രിസഭകളിൽ കാണുന്ന അത്ഭുത പ്രതിഭാസം!!
മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന പ്രതിപക്ഷ ആരോപണം ഭരണമുന്നണിയെ പിടിച്ചു കുലുക്കുമ്പോൾ, ബിജെപി മുന്നണിയിൽപ്പെട്ട ജനതാദൾ എസ് (ജെഡിഎസ്) കേരളത്തിലെ ഇടത് മുന്നണിയിൽ തുടരുന്നതിൽ ആർക്കും പരാതിയേതുമില്ല. കേന്ദ്ര മന്ത്രിസഭയിൽ അംഗമായ ജെഡിഎസിൻ്റെ പ്രതിനിധി ഇടത് മന്ത്രിസഭയിലും അംഗമായി തുടരുന്നതിൻ്റെ രാഷ്ട്രീയ ധാർമ്മികത ഇടക്കാലത്ത് ചർച്ചയായെങ്കിലും ഇപ്പോഴെല്ലാം കെട്ടടങ്ങിയ മട്ടാണ്. കേന്ദ്രത്തെ വിട്ട് കേരളത്തിൽ പുതിയ പാർട്ടി രൂപീകരിക്കും എന്നാണ് ഈ വിചിത്രസഖ്യം ചർച്ചയാകുമ്പോഴെല്ലാം ദളും എൽഡിഎഫും വിശദീകരിക്കുക. കഴിഞ്ഞ ഏതാനും മാസങ്ങളായി അത്തരമൊരു ചർച്ചയുമില്ല, അതുകൊണ്ട് തന്നെ ഒരു വിശദീകരണവും വേണ്ടിവന്നിട്ടില്ല. ഇങ്ങനൊരു വിഷയം താൻ അറിഞ്ഞിട്ടേയില്ല എന്ന മട്ടിലാണ് മുഖ്യമന്ത്രിയും.
കഴിഞ്ഞ വർഷം സെപ്റ്റംബർ 20നാണ് കർണാടകത്തിൽ മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ പ്രസിഡൻ്റായ ജെഡിഎസും ബിജെപിയും തമ്മിൽ സഖ്യമുണ്ടാക്കിയത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റു തുന്നംപാടിയ ജെഡിഎസിന് നിലനില്പിൻ്റെ വഴികൾ പൂർണമായി അടഞ്ഞപ്പോഴാണ് ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെട്ടത്. അധികാരത്തിൽ എങ്ങനെയും അള്ളിപ്പിടിക്കുക എന്നതിനപ്പുറം ധാർമ്മിക സിദ്ധാന്തമൊന്നും ഒരു പാർട്ടിയേയും അലട്ടുന്നില്ല എന്നതിൻ്റെ ക്ലാസിക് ഉദാഹരണമാണ് കേന്ദ്രത്തിലും കേരളത്തിലും ഭരണമുന്നണികളുടെ ഭാഗമായ ജനതാദൾ (എസ്).
ഈ സഖ്യത്തിന് സിപിഎമ്മിനും ബിജെപിക്കും അവരുടേതായ അവസരവാദ ന്യായീകരണങ്ങളുണ്ട്. ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരി ക്കില്ലെന്നും എൽഡിഎഫിൽ ഉറച്ചു നിൽക്കുമെന്നും സംസ്ഥാന ദൾ നേതാക്കൾ തുടക്കം മുതൽ പറയുന്നുണ്ടെങ്കിലും സാങ്കേതികമായി കേരള ഘടകം ദേവഗൗഡ ദേശീയ പ്രസിഡൻ്റായ ജെഡിഎസിൻ്റെ ഭാഗം തന്നെയാണ്. ദേശീയ ബന്ധം വിഛേദിച്ചു എന്ന് അറുത്തുമുറിച്ചു പ്രഖ്യാപിക്കാൻ തയാറായിട്ടില്ല. പുതിയ പാർട്ടി രൂപീകരിക്കുമെന്ന് മന്ത്രി കൃഷ്ണൻ കുട്ടിയും മാത്യു ടി.തോമസും നിരന്തരം പറയുന്നതല്ലാതെ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല.
പുതിയ പാർട്ടി രൂപീകരണം കീറാമുട്ടിയാണ് എന്നതാണ് യാഥാർത്ഥ്യം. പാർട്ടി രൂപീകരിച്ചാൽ കൂറുമാറ്റ നിയമപ്രകാരം നിയമസഭാ സ്ഥാനങ്ങൾ നഷ്ടപ്പെടുമെന്ന ഭീതി മാത്യു ടി.തോമസിനേയും കൃഷ്ണൻകുട്ടിയേയും അലട്ടുന്നുണ്ട്. ജനതാദ ൾ(എസ്) ചിഹ്നത്തിൽ എംഎൽഎമാരായ കെ.കൃഷ്ണൻകുട്ടിക്കോ മാത്യു ടി.തോമസിനോ മറ്റു പാർട്ടികളിൽ ഔപചാരികമായി ചേരാൻ കഴിയില്ല. പാർട്ടി ഒന്നാകെ മറ്റൊരു പാർട്ടിയിൽ ലയിച്ചാലേ എംഎൽഎമാരുടെ അയോഗ്യതാ ഭീഷണി ഒഴിവാകൂ.
മൂപ്പിളമ തർക്കം നിലനിൽക്കുന്നതു കൊണ്ട് തന്നെ മറ്റ് പാർട്ടികളുമായുള്ള ലയന ചർച്ചകൾ ഒന്നും ഫലവത്തായിട്ടുമില്ല. ഒരു എംഎൽഎയുള്ള ശ്രേയംസ് കുമാറിൻ്റെ ജനതാദളിൽ ലയിക്കാൻ പദ്ധതിയിട്ടെങ്കിലും സ്ഥാനമാനങ്ങളെ ച്ചൊല്ലിയുള്ള തർക്കത്തിൽ ലയനചർച്ച പൊളിഞ്ഞു. ഫലത്തിൽ സംസ്ഥാന ജെഡിഎസ് കേന്ദ്രം ഭരിക്കുന്ന എൻഡിഎ മുന്നണിയുടെ ഘടകകക്ഷി തന്നെയാണ്. ഈ അവസ്ഥ ഇടത് മുന്നണിക്കും നാണക്കേടാണ്.
ആർഎസ്എസിനെ പേടിച്ചാണ് പിണറായി വിജയൻ മന്ത്രി കൃഷ്ണൻ കുട്ടിയെ പുറത്താക്കാത്തത് എന്ന പ്രതിപക്ഷ ആക്ഷേപത്തിന് പോലും മറുപടിയില്ല. ജനതാദളിന്റെ ബ്രാക്കറ്റിലുള്ള ‘എസ്’ സെക്കുലർ എന്നതിൻ്റെ ചുരുക്കമാണ്. ആ പേരു വച്ചുകൊണ്ടാണോ ബിജെപി സഖ്യത്തിൽ ചേരുന്നതെന്ന പരിഹാസം ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് വ്യാപകമായി ഉയർത്തിയത് സിപിഎമ്മിന് കനത്ത ക്ഷീണം വരുത്തി. സെക്കുലറിസ്റ്റ് ആശയത്തോട് കടുത്ത വിയോജിപ്പുള്ള ബിജെപി മുന്നണിയിൽ തുടരുന്ന ദേവഗൗഡയുടെ പാർട്ടിയെ സിപിഎം നേതൃത്വം കൊടുക്കുന്ന മതേതര മുന്നണി എന്തിന് ചുമക്കുന്നു എന്ന് ചോദിച്ചാൽ കേന്ദ്ര- സംസ്ഥാന സിപിഎം നേതൃത്വങ്ങൾക്ക് മറുപടി പറയാൻ പോലും കഴിയുന്നില്ല.
“കേരളത്തിൽ ജെഡിഎസ് ഇടത് മുന്നണിക്കൊപ്പമാണ്. ഞങ്ങളുടെ ഒരു എംഎൽഎ അവിടെ മന്ത്രിയാണ്. ബിജെപിയുമായി ചേർന്നു പോകുന്നതിൻ്റെ കാരണം അവർ മനസിലാക്കി. അവിടുത്തെ ഞങ്ങളുടെ മന്ത്രി (കെ.കൃഷ്ണൻകുട്ടി) സമ്മതം തന്നു. പാർട്ടിയെ രക്ഷിക്കാൻ ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം തന്നതാണ്”. ദേവഗൗഡയും, മകനും കർണാടക ജനതാദൾ അധ്യക്ഷനുമായ എച്ച്.ഡി.കുമാരസ്വാമിയും 2023 ഒക്ടോബർ 19ന് ബംഗലൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇതിനോട് ആധികാരികമായി പ്രതികരിക്കാൻ പിണറായി വിജയൻ തയ്യാറായതുമില്ല.
2006ൽ ദേവഗൗഡ ബിജെപിക്കൊപ്പം ചേർന്നപ്പോൾ ജെഡിഎസിനെ ഇടത് മുന്നണിയിൽ നിന്ന് പുറത്താക്കിയിരുന്നു. അന്ന് വിഎസ് അച്യുതാനന്ദനായിരുന്നു പ്രതിപക്ഷ നേതാവ്. ഇടത് നിലപാടുകളിൽ കർക്കശ നിലപാട് പുലർത്തിയ അദ്ദേഹത്തിൻ്റെ കടുംപിടുത്തമാണ് ജനതാദളിനെ പുറത്താക്കാൻ കാരണമായത്. പിന്നീട് ദേവഗൗഡ ബിജെപി ബന്ധം ഉപേക്ഷിച്ച ഘട്ടത്തിലാണ് കേരള ഘടകം എൽഡിഎഫിൽ തിരിച്ചെത്തിയത്. എന്നാൽ ബിജെപി ബന്ധത്തിൻ്റെ പേരിൽ ജനതാദളിനോട് വിഎസ് സ്വീകരിച്ച നിലപാട് തനിക്കില്ല എന്ന സന്ദേശമാണ് പിണറായി നൽകുന്നത്. പ്രധാനമന്ത്രി മോദിക്ക് അപ്രിയമായതൊന്നും ചെയ്യാൻ ഒരുക്കമല്ല എന്ന സന്ദേശമാണിതെന്ന ധാരണ മുന്നണിക്ക് അകത്തും പുറത്തും ഉണ്ടായിട്ടും അതിലൊരു തിരുത്തിനും പാർട്ടിയോ പിണറായിയോ ഇപ്പോഴും തയ്യാറാകുന്നുമില്ല.
പിണറായിയുടെ നിലപാടിനെ ചോദ്യം ചെയ്യാൻ ഇടതുമുന്നണിയിലോ പാർട്ടിയിലോ ആർക്കും ധൈര്യവുമില്ല. പാടേ ദുർബലമായ സിപിഎം കേന്ദ്ര നേതൃത്വം ഇത്തരം ഘട്ടങ്ങളിൽ മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണ് പതിവ്. പിണറായി വിജയനെ തിരുത്താനോ ചോദ്യം ചെയ്യാനോ കേന്ദ്ര നേതൃത്വത്തിന് ഒട്ടും കെൽപ്പില്ല എന്ന സത്യം അവർ പൂർണമായി അംഗീകരിച്ച മട്ടാണ്.
പാർട്ടി സമ്മേളനങ്ങൾ തുടങ്ങിയ വേളയിൽ രണ്ട് വള്ളത്തിൽ ചവിട്ടി നിൽക്കുന്ന ജനതാദളിനെതിരെ സമ്മേളനങ്ങളിൽ ശബ്ദമുയർന്നേക്കാം. ഈ പോക്കാണെങ്കിൽ ഒരുപക്ഷേ പിവി അൻവറോ കെടി ജലീലോ പോലും ജനതാദളിൻ്റെ ബിജെപി ബന്ധത്തെക്കുറിച്ച് പരസ്യമായി പറഞ്ഞാലും അത്ഭുതപ്പെടാനില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here