ശബരിമലയില്‍ കൈപൊള്ളിയിട്ടും പാഠം പഠിക്കാത്ത സര്‍ക്കാരെന്ന് ജനയുഗം; ദുശാഠ്യങ്ങള്‍ ശത്രുവിന് ആയുധമാകുമെന്ന് സിപിഐ മുന്നറിയിപ്പ്
ശബരിമല ദര്‍ശനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ദുര്‍വാശി പാടില്ലെന്നും സെന്‍സിറ്റീവായ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തില്‍ കൊണ്ടു ചാടിക്കുമെന്ന് സിപിഐ മുഖപത്രം ജനയുഗം. ശബരിമല ദര്‍ശനത്തിന് വെര്‍ച്വുല്‍ ക്യൂ ബുക്കിംഗ് മാത്രമല്ല സ്‌പോട്ട് ബുക്കിംഗ് കൂടി വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു. ശബരിമല ദര്‍ശനം സംബന്ധിച്ച് സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടപ്പാക്കുന്ന പരിഷ്‌കാരങ്ങളെ ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തു വരികയാണ്.
‘ശബരിമല വിഷയത്തില്‍ ഒരിക്കല്‍ കൈ പൊള്ളിയതാണെന്ന’ ഓര്‍മ്മയെങ്കിലും വാസവന്‍ മന്ത്രിക്ക് വേണ്ടെ എന്ന് ജനയുഗം പരിഹസിക്കുന്നുണ്ട്. ദേവിക എഴുതുന്ന വാതില്‍പ്പഴുതിലൂടെ എന്ന പ്രതിവാര പംക്തിയിലാണ് സര്‍ക്കാരിന്റെ ശബരിമല നയങ്ങളെ രൂക്ഷമായി ജനയുഗം വിമര്‍ശിക്കുന്നത്. ഒരു കാരണവശാലും സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം മന്ത്രി വി എന്‍ വാസവന്റെ നിലപാട് ശരിയല്ലെന്നും സിപിഐ പത്രം തുറന്നടിക്കുന്നുണ്ട്.
ശബരിമല ദര്‍ശനം സംബന്ധിച്ച് ബിനോയ് വിശ്വം നല്‍കിയ മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിച്ചതിലെ അമര്‍ഷമാണ് പംക്തിയില്‍ നിഴലിക്കുന്നത്. ബിജെപിയും ഹിന്ദു സംഘടനകളും ഈ വിഷയത്തില്‍ മുതലെടുപ്പ് നടത്തുമെന്ന മുന്നറിയിപ്പു പോലും ചെവിക്കൊള്ളാന്‍ മന്ത്രി വാസവന്‍ തയ്യാറാകാത്തതും വിമര്‍ശന വിധേയമായിട്ടുണ്ട്. ശബരിമല വിഷയത്തില്‍ രമ്യമായ പരിഹാരം ഉണ്ടാവുന്നില്ലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടു പോകുമെന്ന മുന്നറിയിപ്പും ജനയുഗം നല്‍കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here