ക്രിസ്ത്യാനികളെ പൂട്ടാൻ ജനസംഘം 1978ൽ കൊണ്ടുവന്ന മതസ്വാതന്ത്ര്യ ബിൽ; 50 കൊല്ലമായിട്ടും സംഘപരിവാർ പഴയ നിലപാടിൽ തന്നെ

കേരളത്തിലെ ക്രിസ്ത്യാനികളെ പ്രീണിപ്പിച്ച് തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ബിജെപി പതിനെട്ടടവും പയറ്റുകയാണ്. കേരളത്തില്‍ പ്രീണനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദുത്വ ശക്തികളും പോലീസുമൊക്കെ ചേര്‍ന്ന് ക്രൈസ്തവര്‍ക്കെതിരെ അടിയും തൊഴിയും പീഡനവുമാണ് നടത്തുന്നത്. ഈ അതിക്രമങ്ങളെ ബിജെപിക്കാര്‍ ആരും തള്ളിപ്പറയുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. നാലര പതിറ്റാണ്ട് മുമ്പ് ക്രിസ്ത്യാനികളെ പൂട്ടാന്‍ ജനസംഘം എംപി കൊണ്ടു വന്ന മതസ്വാതന്ത്ര്യ ബില്ലിനെക്കുറിച്ച് ഇന്നാരും ഓര്‍ക്കുന്നുണ്ടാവില്ല.
രാജ്യത്തെ ക്രൈസ്തവരെ ഒതുക്കുക എന്നത് ആര്‍എസ്എസിന്റേയും സംഘപരിവാര്‍ സംഘടനകളുടേയും പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ആയിരുന്ന ഗോള്‍വാള്‍ക്കറുടെ വിചാരധാര എന്ന പുസ്തകത്തില്‍ ‘അന്തരിക ഭീഷണികള്‍ – ക്രൈസ്തവര്‍’ എന്ന് പന്ത്രണ്ടാം അധ്യായത്തില്‍ വിശദമായി എഴുതിയിട്ടുണ്ട്. കാലാകാലങ്ങളില്‍ രാജ്യത്തെ കേവലം രണ്ട് ശതമാനം മാത്രമുള്ള ക്രിസ്ത്യന്‍ വിഭാഗത്തെ സംഘപരിവാര്‍ ലക്ഷ്യം വെച്ചതിന്റെ ചരിത്രങ്ങള്‍ നമുക്ക് മുന്നിലുണ്ട്.
പാര്‍ലമെന്റിനെ ഉപയോഗിച്ച് ക്രൈസ്തവസഭകളെ മെരുക്കാനായി 47 വര്‍ഷം മുമ്പ് ബിജെപിയുടെ മുന്‍ രൂപമായ ജനസംഘം ഉള്‍പ്പെട്ട ജനതാ സര്‍ക്കാരിന്റെ കാലത്ത് ഒപി ത്യാഗി എംപി കൊണ്ടുവന്ന മതസ്വാതന്ത്ര്യ നിയമം എന്ന (Freedom of Religion Bill 1978) സ്വകാര്യ ബില്‍ ഏറെ വിവാദമായിരുന്നു. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ നിന്നുള്ള ജനസംഘം എംപിയായ ഓം പ്രകാശ് ത്യാഗി (OM Prakash Tyagi – OP Tyagi) 1978 ഡിസംബര്‍ 22നാണ് ലോക്‌സഭയില്‍ സ്വകാര്യബില്‍ അവതരിപ്പിച്ചത്. അന്നത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് ബില്ല് നിയമമാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി. ജനതാ പാര്‍ട്ടിയിലെ ഒരു സംഘം സോഷ്യലിസ്റ്റ് എംപിമാരും ബില്ലിനെതിരെ രംഗത്ത് വന്നിരുന്നു. സിപിഎമ്മിന്റെ പിന്തുണയോടെയാണ് മൊറാര്‍ജി ദേശായി സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നത്.
വഖഫ് ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസായതിന് തൊട്ട് പിന്നാലെ ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ലേഖനം വലിയ വിവാദമായിരുന്നു. സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഭൂമി കത്തോലിക്ക സഭയുടെ പക്കലാണെന്നായിരുന്നു ഓര്‍ഗനൈസര്‍ ലേഖനം. മുസ്ലീങ്ങള്‍ക്ക് പിന്നാലെ ക്രിസ്ത്യാനികളെ ഒതുക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന്‌രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ഈ ലേഖനത്തിനെതിരെ പ്രതികരിച്ചിരുന്നു.
1978ലെ മതസ്വാതന്ത്ര്യ നിയമം എന്ന പേരില്‍ ലോക്‌സഭയില്‍ ഒപി ത്യാഗി അവതരിപ്പിച്ച സ്വകാര്യ ബില്ലിന് എട്ടു വകുപ്പുകളും ഏഴു ഉപവകുപ്പുകളും ലക്ഷ്യ വിശദീകരണ ഖണ്ഡികയും ഉള്‍പ്പെടുത്തിയിരുന്നു. മതസ്വാതന്ത്ര്യ ബില്‍ എന്നു കേള്‍ക്കുമ്പോള്‍ അപകടമൊന്നും തോന്നുന്നില്ലെങ്കിലും ബില്ലിന്റ ഉള്ളടക്കം മുഖം മൂടിക്കൂളളില്‍ പൊതിഞ്ഞു വെച്ചിരിക്കയായിരുന്നു. ജനസംഖ്യയില്‍ രണ്ട് ശതമാനം മാത്രമുള്ള ക്രിസ്ത്യാനികള്‍ക്ക് ചങ്ങലയിടുക എന്ന ഉദ്ദേശത്തിലാണ് ബില്ല് അവതരിപ്പിച്ചത്.

ക്രിസ്തുമത പ്രചരണങ്ങളും മത മാറ്റങ്ങളും നിരോധിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടാണ് മതസ്വാതന്ത്ര്യ ബില്ലിന്റെ മൂന്നാം വകുപ്പിലെ ‘പ്രത്യക്ഷമായോ, പരോക്ഷമായോ’ എന്ന പ്രയോഗങ്ങള്‍. ക്രൈസ്തവ സഭകളെ മാത്രം ലക്ഷ്യം വെച്ചാണെന്ന് ബിഷപ്പുമാര്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കിയിരുന്നു. ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്ത പട്ടിക ജാതി – പട്ടിക വര്‍ഗക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കാനും ബില്ലില്‍ വകുപ്പുകളുണ്ടായിരുന്നു. മതസ്വാതന്ത്ര്യ ബില്‍ ഇന്ത്യന്‍ ഭരണഘടനയോടുള്ള വഞ്ചനയാണെന്നായിരുന്നു ബിഷപ്പുമാരുടെ വാദം.

ഗാന്ധി വധത്തെ തുടര്‍ന്ന് മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ട സംഘപരിവാര്‍ സംഘടനകള്‍ക്ക് മാന്യതയും കേന്ദ്ര മന്ത്രിസഭയില്‍ അംഗത്വവും ലഭിച്ചത് 1977 ലെ മൊറാര്‍ജി ദേശായി നേതൃത്യത്തിലുള്ള ജനത സര്‍ക്കാരിന്റെ കാലത്താണ്. ദേശായി മന്ത്രിസഭയില്‍ എബി വാജ്‌പേയിയും എല്‍കെ അദ്വാനിയും അംഗങ്ങളായിരുന്നു. ജനതാ സഖ്യത്തില്‍ ഉള്‍പ്പെട്ട ജനസംഘത്തിന് 93 അംഗങ്ങളുണ്ടായിരുന്നു.

മതസ്വാതന്ത്ര്യ ബില്ലിനുള്ളില്‍ പതിയിരിക്കുന്ന അപകടം തിരിച്ചറിഞ്ഞ ലോകാരാധ്യയായ മദര്‍ തെരേസ ബില്ലിനെതിരെ നേരിട്ടിറങ്ങി. ‘ഞങ്ങളുടെ വിശ്വാസത്തിനും മന:സാക്ഷിക്ക് അനുസൃതമായി ജനങ്ങളെ സേവിക്കുന്നതിനും വേണ്ടി രാജ്യത്ത് നിലവിലിരിക്കുന്ന സ്വാതന്ത്ര്യം ദൈവത്തെ ഓര്‍ത്ത് നശിപ്പിക്കരുതേ” എന്ന് പ്രധാനമന്ത്രി മൊറാര്‍ജിയെ നേരിട്ടു കണ്ട് മദര്‍ തെരേസ സമര്‍പ്പിച്ച കത്തില്‍ എഴുതിയിരുന്നു. 1979 മാര്‍ച്ച് 27നാണ് പാര്‍ലമെന്റിലെ എല്ലാ അംഗങ്ങള്‍ക്കും കത്തിന്റെ കോപ്പി മദര്‍ നേരിട്ട് നല്‍കിയത്. ബില്ല് സൃഷ്ടിച്ച ഭീതിജനകമായ അന്തരീക്ഷത്തില്‍ ക്രൈസ്തവരുടെ വികാരങ്ങള്‍ പ്രധാനമന്ത്രിയേയും പാര്‍ലമെന്റംഗങ്ങളേയും നേരിട്ടറിയിക്കാനാണ് താന്‍ ഡല്‍ഹിയില്‍ എത്തിയതെന്ന് മദര്‍ പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി മൊറാര്‍ജി മദറിനെ അപമാനിച്ചു വിടുകയായിരുന്നു. സേവനത്തിന്റെ മറവില്‍ നിങ്ങള്‍ ചിലരെ ക്രിസ്ത്യാനികളാക്കാന്‍ ശ്രമിക്കയല്ലേ എന്നായിരുന്നു മദറിനോടുള്ള ദേശായിയുടെ ചോദ്യം.

ജനതാ പാര്‍ട്ടിയിലെ ഉള്‍പ്പോരു നിമിത്തം മൊറാര്‍ജി മന്ത്രിസഭയുടെ നിലനില്‍പ്പുതന്നെ തുലാസിലായ ഘട്ടത്തിലാണ് മതസ്വാതന്ത്ര്യ ബില്ലിനെക്കുറിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ച നടന്നത്. ലോക്‌സഭയില്‍ വിഎം സുധീരന്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാട് തുറന്നു കാണിച്ചു. ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിച്ചു കൊണ്ട് സഭയിലെ അന്നത്തെ യുവ എംപിയായ സുധീരന്‍ നടത്തിയ പെര്‍ഫോര്‍മന്‍സ് മികച്ചതായിരുന്നുവെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെട്ടത്. മതസ്വാതന്ത്ര്യ ബില്ലിലൂടെ ന്യൂനപക്ഷ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് ശ്രമിക്കുന്നതെന്ന് സുധീരന്‍ കുറ്റപ്പെടുത്തി.

ശ്രദ്ധക്ഷണിക്കലിന് ആഭ്യന്തര മന്ത്രി എച്ച്എം പട്ടേല്‍ നല്‍കിയ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഒന്നടങ്കം സഭ വിട്ടിറങ്ങി. വോക്കൗട്ടില്‍ പങ്കെടുക്കാതെ സിപിഎമ്മും സിപിഐയും സഭയില്‍ തന്നെ തുടര്‍ന്നു. ജനതാ പാര്‍ട്ടിയിലെ സോഷ്യലിസ്റ്റുകളായ മധുലിമായെ, രാജ് നാരായണന്‍ തുടങ്ങിയ അംഗങ്ങളും ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടിരുന്നു. വയലാര്‍ രവി, എസി ജോര്‍ജ് എന്നിവരും മതസ്വാതന്ത്ര്യ ബില്ലിനെതെരെ ശക്തമായി പ്രസംഗിച്ചതായി ലോക്‌സഭാ രേഖകളിലുണ്ട്.
ക്രിസ്ത്യാനികളായ ന്യൂനപക്ഷക്കാര്‍ക്കെതിരെ പ്രത്യേകിച്ച് വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ നടന്നു വരുന്ന അക്രമണങ്ങളില്‍ കേരളത്തിലേയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികള്‍ ഇളകിയിരിക്കയാണെന്നായിരുന്നു രവിയുടെ പ്രസംഗം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്ന ത്യാഗിയുടെ ബില്‍ പിന്‍വലിക്കണമെന്നും മതപരിവര്‍ത്തനം ചെയ്ത പട്ടികജാതി- പട്ടിക വര്‍ഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും വയലാര്‍ രവി ആവശ്യപ്പെട്ടു.
മതസ്വാതന്ത്ര്യ ബില്ലവതരിപ്പിച്ചു കൊണ്ട് ആദ്യമായി കേന്ദ്രത്തില്‍ അധികാരം കിട്ടിയ ജനസംഘം അവരുടെ നിലപാട് വ്യക്തമാക്കി. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആ നിലപാടില്‍ നിന്ന് സംഘപരിവാര്‍ ഒട്ടും പിന്നാക്കം പോയിട്ടില്ലെന്നാണ് വഖഫ് ബില്ലും, ക്രിസ്ത്യാനി കള്‍ക്കെതിരായ ഓര്‍ഗനൈസര്‍ ലേഖനവുമൊക്കെ സൂചിപ്പിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here