ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്; നടപടി പിതാവ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന്; പുതിയ തെളിവുകള്‍ കോടതി സിബിഐക്ക് കൈമാറി
തിരുവനന്തപുരം: ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ജസ്നയുടെ അച്ഛൻ ജയിംസ് ജോസഫ് നൽകിയ ഹർജിയിലാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവ്. വിധിയിൽ സന്തോഷമുണ്ടെന്നും അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നുമാണ് ജെസ്‌നയുടെ അച്ഛൻ ജെയിംസ് ജോസഫിന്റെ പ്രതികരണം.
ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സീല്‍ ചെയ്ത കവറില്‍ ചില ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ജെയിംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് സിബിഐ അന്വേഷണ പരിധിയില്‍ വന്നിരുന്നോ എന്ന് പരിശോധിച്ച ശേഷം ഇല്ലെന്ന് വ്യക്തമായതോടെയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
ജസ്‌ന തിരോധാനക്കേസ് അവസാനിപ്പിച്ചുകൊണ്ട് സിബിഐ നൽകിയ റിപ്പോർട്ടിനെതിരെയായിരുന്നു സിജെഎം കോടതിയിൽ ജെയിംസ് ജോസഫ് ഹർജി സമർപ്പിച്ചത്. ജസ്‌ന അജ്ഞാതസുഹൃത്തിനാൽ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കാം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സിബിഐ അന്വേഷണം എത്തിയിട്ടില്ല. മകളുടെ തിരോധാനത്തിനു പിന്നിലെ അജ്ഞാതസുഹൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജസ്നയെ 2018 മാര്‍ച്ച് 22 നാണ് കാണാതായത്. മകള്‍ ജീവിച്ചിരിപ്പില്ലെന്നും തന്‍റെ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്നുമാണ് അച്ഛന്‍ പറഞ്ഞത്. അന്വേഷണത്തില്‍ ലഭിച്ച തെളിവുകളാണ് ഇന്ന് കോടതി സിബിഐക്ക് കൈമാറിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here