ഐസിസി ടെസ്റ്റ് ഇലവനിൽ മൂന്ന് ഇന്ത്യക്കാർ മാത്രം; ബുംറ ഒഴിച്ചുള്ള മറ്റ് പ്രമുഖ താരങ്ങൾ പുറത്ത്
ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിൻ്റെ (ഐസിസ) 2024 ടെസ്റ്റ് ടീമിൽ മൂന്ന് ഇന്ത്യക്കാർ. കഴിഞ്ഞ വര്‍ഷത്തെ ടെസ്റ്റ് മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്നവരെ ഉൾപ്പെടുത്തിയാണ് ഐസിസി ലോക ടെസ്റ്റ് ഇലവനെ പ്രഖ്യാപിക്കുന്നത്. 13 മത്സരങ്ങളിൽ നിന്ന് (26 ഇന്നിംഗ്‌സ്) 14.92 എന്ന മികച്ച ശരാശരിയിൽ 71 വിക്കറ്റ് നേടിയ ഇന്ത്യൻ പേസർ ജസ്പിത് ബുംറ പ്രതീക്ഷ പോലെ ടീമിൽ ഇടം കണ്ടെത്തി. പോയ വർഷം അഞ്ച് തവണയാണ് താരം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ബുംറ തന്നെയാണ് ടീമിൽ ഇടം പിടിച്ച ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ.
ഓപ്പണർ യശസ്വി ജയ്‌സ്വാളാണ് നേട്ടം സ്വന്തമാക്കിയ മറ്റൊരു താരം. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് ഐസിസി ഇലവനിൽ താരം ഇടം പിടിക്കുന്നത്. 15 മത്സരങ്ങളിൽ നിന്ന് (29 ഇന്നിംഗ്‌സുകൾ) 54.74 ശരാശരിയിൽ മൂന്ന് സെഞ്ച്വറികളും ഒമ്പത് അർധസെഞ്ച്വറികളും ഉൾപ്പെടെ 1478 റൺസാണ് ജയ്‌സ്വാൾ 2024ൽ നേടിയത്.
ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് ടീമിൽ ഉൾപ്പെട്ട മൂന്നാമൻ. പോയ വർഷം 29.27 ശരാശരിയിൽ 527 റൺസും 24.29 ശരാശരിയിൽ 48 വിക്കറ്റും നേടിയതാണ് ജഡേജയെ ടീമിൽ എത്തിച്ചത്. തുടർച്ചയായി രണ്ടാം വർഷവും പാറ്റ് കമ്മിൻസ് ടീമിൻ്റെ നായകസ്ഥാനം സ്വന്തമാക്കി. പോയ വർഷത്തെ ഓസിസിൻ്റെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായ അദ്ദേഹം പാകിസ്ഥാൻ, ന്യൂസിലൻഡ്, ഇന്ത്യ എന്നിവർക്കെതിൽ പരമ്പര വിജയങ്ങളിലേക്ക് അവരെ നയിച്ചു.
2024 ലെ ഐസിസിടെസ്റ്റ് ടീം
യശസ്വി ജയ്‌സ്വാൾ (ഇന്ത്യ), ബെൻ ഡക്കറ്റ് (ഇംഗ്ലണ്ട്), കെയ്ൻ വില്യംസൺ (ന്യൂസിലൻഡ്), ജോ റൂട്ട് (ഇംഗ്ലണ്ട്), ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്), കമിന്ദു മെൻഡിസ് (ശ്രീലങ്ക), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ,ഇംഗ്ലണ്ട്), രവീന്ദ്ര ജഡേജ (ഇന്ത്യ), പാറ്റ് കമ്മിൻസ് (കാപ്റ്റൻ, ഓസ്‌ട്രേലിയ) , മാറ്റ് ഹെൻറി (ന്യൂസിലൻഡ്), ജസ്പ്രീത് ബുംറ (ഇന്ത്യ).
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here