മഞ്ഞപ്പിത്തം പടരുമ്പോഴും പഠനവും റിപ്പോർട്ട് തേടലും മാത്രമായി ആരോഗ്യവകുപ്പ്; ഇന്നലെ വരെ 14 മരണം; മഴക്കാലത്ത് രോഗവ്യാപനം കൂടാൻ സാധ്യത

മലപ്പുറം : മഞ്ഞപ്പിത്ത മരണങ്ങൾ വർദ്ധിച്ചിട്ടും ആരോഗ്യവകുപ്പിന് അനക്കമില്ല. 14 പേരാണ് ഈ വർഷം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലാണ് മരണങ്ങൾ ഏറെയും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇക്കഴിഞ്ഞ ദിവസം മലപ്പുറം ചുങ്കത്തറ സ്വദേശിയായ തെജിൻസാൻ എന്ന 22 കാരനാണ് ഏറ്റവുമൊടുവിൽ മരണത്തിന് കീഴടങ്ങിയത്. ജനുവരി ഒന്ന് മുതൽ മെയ് 15 വരെ 4000ത്തിലധികം പേരാണ് മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്തത്തിന് ചികിത്സ തേടിയത്. സമാനമായ സ്ഥിതിയാണ് എറണാകുളം ജില്ലയിലെ വേങ്ങൂർ പഞ്ചായത്തിലുള്ളത്. പാലക്കാട് ഓങ്ങല്ലൂർ പഞ്ചായത്തിലും മഞ്ഞപ്പിത്തം പടരുകയാണ്. അസാധാരണമായ രോഗ സാഹചര്യങ്ങൾ വിവിധ പ്രദേശങ്ങളിൽ ഉടലെടുത്തിട്ടും ആരോഗ്യ വകുപ്പ് ക്രിയാത്മകമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കാര്യമായ പഠനങ്ങളോ, പ്രതിരോധ പ്രവർത്തനങ്ങളോ പോലും ആരോഗ്യ വകുപ്പ് നടത്തിയിട്ടില്ല. ഭക്ഷണ – പാനീയങ്ങളിലൂടെയാണ് പ്രധാനമായും രോഗം പടരുന്നത്.

ജലഅതോറിറ്റിയുടെ കുടിവെള്ളത്തിലൂടെയാണ് വേങ്ങൂരിൽ മഞ്ഞപ്പിത്തം പടര്‍ന്നത്. ഉയർന്ന പ്രദേശമായതിനാൽ പലവീടുകളിലും കിണറില്ല. ജല അതോറിറ്റിയുടെ കുടിവെള്ളമല്ലാതെ ഇവർക്ക് മറ്റു നിവൃത്തിയില്ല. ചൂരത്തോട് പമ്പ് ഹൗസിൽ നിന്നുള്ള കുടിവെള്ളം ഉപയോഗിച്ചവർക്കാണ് രോഗബാധയെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. നിരവധി പേർ ആശുപത്രികളിൽ മരണത്തോട് മല്ലടിക്കുകയാണ്. ഇതിനോടകം വേങ്ങൂർ പഞ്ചായത്തിലെ മൂന്ന് പേർ മഞ്ഞപ്പിത്തം ബാധിച്ച് മരണത്തിന് കീഴങ്ങി. ഈ പഞ്ചായത്തിലെ 300 ലധികം പേർ ചികിത്സ തേടി വിവിധ ആശുപത്രികളിലാണ്. സർക്കാർ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ പരിമിതമായതുകൊണ്ട് പലരും സ്വകാര്യ ആശുപത്രികളിൽ അഭയം തേടി. പക്ഷേ, ഭീമമായ ചികിത്സാ ചെലവ് നേരിടാൻ കഴിയാതെ പലരും ആശുപത്രി വിട്ട് വീടുകളിലാണ്.

വേങ്ങൂരിലെ രോഗബാധിതരിൽ ഭൂരിഭാഗവും കൂലിപ്പണിക്കാരും നിർധനരുമാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ആശ്വാസവാക്കുപോലും ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. രോഗവ്യാപനം തുടങ്ങിയതുമുതൽ എംഎൽഎയും പഞ്ചായത്ത് അധികൃതരും നേരിട്ടും അല്ലാതെയും സർക്കാരിനോട് സഹായം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. ആരോഗ്യ വകുപ്പ് കാര്യമായ ഇടപെടൽ പോലും നടത്തിയിട്ടില്ല. മഴക്കാലം തുടങ്ങിയതോടെ രോഗവ്യാപനം വർധിക്കാനാണ് സാധ്യത. ആരോഗ്യമന്ത്രി നാളിതുവരെ വേങ്ങൂരിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.

വേങ്ങൂരിലും, മുടക്കുഴയിലും ക്രമാതീതമായി മഞ്ഞപ്പിത്തം വ്യാപിക്കാനുള്ള കാരണം തേടി എറണാകുളം ആർഡിഒ നടത്തുന്ന മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ റിപ്പോർട്ട് അഞ്ച് ദിവസത്തിനുള്ളില്‍ ജില്ലാ കളക്ടർക്ക് സമർപ്പിക്കാനാണ് തീരുമാനം. വേങ്ങൂർ മുടക്കുഴ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം പടർന്നു പിടിച്ചത്. പെട്ടെന്നുള്ള വ്യാപനത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു അന്വേഷണം. ‌രോ​ഗം നിയന്ത്രണ വിധേയമാണെന്ന് പറയുമ്പോഴും രണ്ടുപേർ അത്യാസന്ന നിലയിൽ കഴിയുകയാണ്. റിപ്പോർട്ട് തേടലും, പഠനവുമൊക്കെ മുറപോലെ നടക്കുന്നതല്ലാതെ ജീവൻ രക്ഷിക്കാനുള്ള നടപടികൾ എങ്ങുമെത്തുന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top