“ന്യുനപക്ഷങ്ങളെ വെറുക്കുന്നതാണ് രാജ്യസ്നേഹമെന്ന് കരുതുന്നവരുടെ കാലമാണിത്” ജാവേദ് അക്തർ

ലണ്ടന്‍: യുക്തിയും സത്യാവസ്ഥയും തിരിച്ചറിയുന്നതിനു മുന്‍പ് നിഗമനത്തില്‍ എത്തിച്ചേരുന്ന പോസ്റ്റ്‌ ട്രുത്ത് കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. വികസനത്തിന്‍റെ പേരില്‍ ശക്തരായ കോർപ്പറേറ്റുകൾക്ക് അനുകൂലമായ നിയമങ്ങളാണ് നടപ്പിലാക്കുന്നത്. ന്യുനപക്ഷങ്ങളെ വെറുക്കുന്നതാണ് രാജ്യസ്നേഹമെന്ന് കരുതുന്നവരുടെ കാലമാണിതെന്നും ജാവേദ് അക്തർ.

എണ്ണപ്പാടങ്ങള്‍ കൈക്കലക്കാനുള്ള അത്യാഗ്രഹത്തില്‍ നടത്തുന്ന തമ്മില്‍തല്ല് തീവ്രവാദികളുടെ യുദ്ധമായി കാണിക്കുന്നു. സ്ത്രീകളുടെ എല്ലാതരത്തിലുള്ള അവകാശങ്ങളും ഇല്ലാതാക്കി അവളുടെ അന്തസ്സും പവിത്രതയും സംരക്ഷിക്കുന്നതായി വാദിക്കുന്നെന്നും ജാവേദ്‌ അക്തര്‍ കൂട്ടിച്ചേര്‍ത്തു. ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസില്‍ നിന്നും ഓണററി ബിരുദം ലഭിച്ച വേളയില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

ആശയവിനിമയത്തിന്‍റെ എല്ലാ മാർഗങ്ങളും ഒന്നിനുപുറകെ ഒന്നായി അധികാരികളുടെ കൈവശമായിക്കൊണ്ടിരിക്കുന്ന ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും അക്തര്‍ വിശേഷിപ്പിച്ചു. ആരുടേയും പേരെടുത്ത് പറയാതെ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമായി.

“കവിത സ്നേഹത്തിന്റെയും സമാധാനത്തിന്റെയും നീതിയുടെയും ഭാഷയാണ്. അതുപോലെ ലോകത്തിന്റെ വേദനയിലേക്കും ദാരിദ്ര്യത്തിലേക്കും നിങ്ങളെ ബോധവൽക്കരിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ കവികളെ നോക്കൂ, ലോകത്തിന്റെ ഒരറ്റം മുതൽ മറ്റൊരറ്റം വരെ, ലോകത്തിന്റെ ദുഷ്ടശക്തികളോട് പോരാടാൻ കവികൾ തങ്ങളുടെ പേനകൾ വാളുകളാക്കി മാറ്റിയിരിക്കുന്നത് നിങ്ങൾക്ക് കാണാം. ചിലിയിലെ പാബ്ലോ നെരൂദ, പലസ്തീനിലെ മഹ്മൂദ് ദർവേഷ്, ദക്ഷിണാഫ്രിക്കയിലെ ബ്രെയ്റ്റൻ, ബംഗാളിലെ നസ്‌റുൽ, പഞ്ചാബിൽ നിന്നുള്ള ഫൈസ് തുടങ്ങിയവര്‍ ഈ ലിസ്റ്റിലുണ്ട്.” ഇത്തരം കവികള്‍ ഇന്നത്തെ കാലഘട്ടത്തിലും ആവശ്യമല്ലെ എന്ന ചോദ്യം ഉന്നയിച്ച ശേഷം, തീര്‍ച്ചയായും വേണമെന്നും അക്തര്‍ മറുപടി പറഞ്ഞു.

ഇന്ത്യയിൽ മുപ്പതുകളുടെ അവസാനം മുതല്‍ അറുപതുകൾ വരെ നീണ്ടുനിന്ന ഒരു സാഹിത്യ പ്രസ്ഥാനം ഉണ്ടായിരുന്നു. പുരോഗമന എഴുത്തുകാരുടെ ഒരു പാൻ-ഇന്ത്യൻ പ്രസ്ഥാനമായിരുന്നു അത്. കൊളോണിയലിസത്തിനും സാമ്പത്തിക ചൂഷണത്തിനുമെതിരെ ശബ്ദമുയര്‍ത്താനും സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കാനുമുള്ള ഈ നീക്കം മഹത്തായ സാഹിത്യം തന്നെ സൃഷ്ടിച്ചു. പക്ഷേ ‘ഉത്തരവാദിത്തം’ എന്ന വാക്കിനെതിരെ തനിക്ക് എതിര്‍പ്പുണ്ട് . ഉത്തരവാദിത്തം മിക്കപ്പോഴും അടിച്ചേൽപ്പിക്കുന്ന ഒന്നാണ്, അത് കടമയല്ലെന്നും ഓരോ എഴുത്തുകാരന്റെയും കവിയുടെയും ശബ്ദം ഉയർത്താനുള്ള അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കവികളുടെയും എഴുത്തുകാരുടെയും ഇത്തരം അവകാശങ്ങള്‍ പൂർണ്ണമായി വിനിയോഗിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഇതിലൂടെ ലോകത്തിലെ സാമൂഹിക മാറ്റത്തിന് തുടക്കം കുറിക്കാൻ നിലവിലെ അവസ്ഥയെ വെല്ലുവിളിക്കുന്നെന്നും അക്തര്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top