‘പനോരമ’ വീട്ടിലേക്ക് വിഷ്ണു ഇനിയില്ല; ധീരജവാന് നാടിന്റെ അന്ത്യാഞ്ജലി

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുടെ ബോംബ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വിഷ്ണുവിന് ജന്മനാട് വിടചൊല്ലി. സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പാലോട് വിഷ്ണു പുതുതായി പണിത പനോരമ വീട്ടിലും നന്ദിയോട് ജംക്‌ഷനിലും എസ്‌കെവി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പൊതുദര്‍ശനം നടത്തി. ആയിരങ്ങള്‍ വിഷ്ണുവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. പാലോട് ശാന്തികുടീരം ശ്മശാനത്തിലാണ് അന്ത്യകര്‍മങ്ങള്‍ നടന്നത്. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജെ.ചിഞ്ചുറാണി, എംഎല്‍എമാര്‍, രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖര്‍ തുടങ്ങി വലിയ ജനാവലി വിഷ്ണുവിന്റെ വീട്ടില്‍ എത്തിയിരുന്നു.

പുലര്‍ച്ചെയോടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. താന്നിമൂട് വീട്ടിലേക്കാണ് ആദ്യം എത്തിച്ചത്. തുടര്‍ന്ന് കുടുംബവീട്ടിലും എത്തിച്ചു. വൈകാരിക രംഗങ്ങളായിരുന്നു വീട്ടില്‍. അതിനു ശേഷമാണ് 10 മണിയോടെ വിലാപയാത്രയായി പുറപ്പെട്ടത്. പൊതുദര്‍ശനത്തിന് ശേഷമാണ് പാലോട് ശാന്തികുടീരത്തിലേക്ക് മൃതദേഹം എത്തിച്ചത്. പൊതുശ്മശാനത്തില്‍ ദഹിപ്പിക്കണമെന്ന വിഷ്ണുവിന്റെ ആഗ്രഹപ്രകാരമാണു ശാന്തികുടീരത്തില്‍ സംസ്‌കരിച്ചത്.

ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിൽ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തിലാണ് വിഷ്ണുവും ഒപ്പമുണ്ടായിരുന്ന ശൈലേന്ദ്രയും വീരമൃത്യു വരിച്ചത്‌. സുഖ്മ ജില്ലയിലെ തിമപുരം ഗ്രാമത്തിന് സമീപമുള്ള വനമേഖലയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് ആക്രമണം ഉണ്ടായത്. വിഷ്ണു ഓടിച്ചിരുന്ന ട്രക്ക് വനമേഖലയിൽ എത്തിയപ്പോൾ മാവോയിസ്റ്റുകൾ ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top